സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ്

pinarayi pinarayi vijayan announces 10 lakhs as relief fund okhi cyclone 20 lakhs for those dead in ockhi cyclone disaster ockhi disaster pinarayi vijayan announces 20 lakh for deceased

പൊതുഭരണ വകുപ്പിന്റെ കീഴിൽ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഉൾപ്പെടുത്തി സൈനിക ക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.

1810 പുതിയ തസ്തികകൾ

2014-15 അധ്യയന വർഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 1810 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ടീച്ചർ 649, ടീച്ചർ ജൂനിയർ 679, പ്രിൻസിപ്പാൾ 125, അപ്ഗ്രഡേഷൻ 167, ലാബ് അസിസ്റ്റൻറ് 190 എന്നിങ്ങനെയാണ് തസ്തികകൾ. 201415 വർഷം പുതിയ ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുമ്പോൾ ദിവസ വേതനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകർക്ക് സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകാനും തീരുമാനിച്ചു.

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 85 അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രിയിൽ ബ്രയിൻ ട്യൂമർ ചികിത്സാ യൂണിറ്റ് സജ്ജമാക്കുന്നതിന് ഒരു മെഡിക്കൽ ഓഫീസർ തസ്തിക സൃഷ്ടിക്കും.

1999 ആഗസ്റ്റ് 16നും 2003 ഡിസംബർ 12നും ഇടയിൽ എംപ്ലോയ്‌മെൻറ് എക്‌ചേഞ്ച് മുഖേന താത്ക്കാലിക അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുകയും സേവന കാലയളവ് 2004 വർഷത്തേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതർക്ക് സൂപ്പർന്യൂമററി തസ്തികകളിൽ പുനർനിയമനം നൽകാൻ തീരുമാനിച്ചു.

പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെ എല്ലാവിഭാഗങ്ങളുടെയും ജാതി സർട്ടിഫിക്കറ്റിൻറെ സാധുതാ കാലയളവ് മൂന്ന് വർഷമായി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.

ജീവനാംശ തുകയ്ക്ക് 12 ശതമാനം പലിശ

കോടതിവിധി പ്രകാരമുളള ജീവനാംശ തുക മതിയായ കാരണങ്ങളില്ലാതെ കൊടുക്കാതിരിക്കുന്നവരിൽനിന്നും 12 ശതമാനം പലിശ ഈടാക്കുന്നതിനുളള വ്യവസ്ഥ ഉൾക്കൊളളിച്ച് ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 125 ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയിൽനിന്ന് 40 ലക്ഷം രൂപയായി ഉയർത്താൻ കേരള ഹൈക്കോടതി നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. വാഹനാപകട നഷ്ടപരിഹാര ട്രീബ്യൂണൽ പാസാക്കുന്ന ഏതു വിധിയിലും തുക മാനദണ്ഡമാക്കാതെ അപ്പീൽ കേൾക്കുന്നതിന് സിംഗിൾ ജഡ്ജിക്ക് അധികാരം നൽകുന്ന ഭേദഗതിയും ഇതോടൊപ്പം കൊണ്ടുവരും. ഇതു സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

 കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെ പരിധിയിൽപെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ തൃക്കാക്കര വില്ലേജിൽ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ അനുവദിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ സ്ഥലം കെ.എം.ആർ.എൽ ലഭ്യമാക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഇടത് കൈമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്ന തൃശ്ശൂർ അകമല തെക്കേപുറത്ത് വീട്ടിൽ സബിതയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

സർവ്വീസിൽ നിന്നും വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരുടെ പെൻഷൻ കമ്മ്യൂട്ടേഷൻ നിരക്ക് 9.81 ആയി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇപ്പോൾ 8.19 ആണ് നിരക്ക്. 2006 ജനുവരി ഒന്നു മുതൽ ഇതിന് പ്രാബല്യമുണ്ടാകും.

പാലക്കാട് പെരിങ്ങന്നൂരിൽ മേനകത്ത് വീട്ടിൽ ഗിരീഷിൻറെ മക്കളായ അശ്വിൻ രാഘവ് (9), അഞ്ജന (7) എന്നിവരുടെ വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. ഗിരീഷ് കൊല്ലപ്പെടുകയും തുടർന്നുണ്ടായ മാനസികാഘാതത്തിൽ ഭാര്യ ജിഷ ആത്മഹത്യ ചെയ്യുകയുമായിരുന്നു. നിരാലംബരായ മക്കൾ ഇപ്പോൾ ഗിരീഷിൻറെ സഹോദരൻ സന്തോഷിൻറെ സംരക്ഷണത്തിലാണ്. സഹകരണ ബാങ്കിലുളള വായ്പ കുടിശ്ശിക തീർപ്പാക്കി വീട് കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വായ്പയുടെ മുതൽ സർക്കാർ അടക്കും. പിഴയും പലിശയും ഒഴിവാക്കാൻ സഹകരണ ബാങ്കിന് സഹകരണ വകുപ്പ് മുഖേന നിർദ്ദേശം നൽകും.

ഓണാഘോഷത്തിൻറെ ഭാഗമായി സെപ്തംബർ 3 മുതൽ 9 വരെ തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുളള പ്രദേശത്തെ ഉത്സവ മേഖലയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. സമാപന ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളുടെ തലവൻമാർക്ക് പരമാവധി 4 ലക്ഷം രൂപ വരെ ചെലവഴിക്കാൻ അനുമതി നൽകും.

ലേബർ കമ്മീഷണർ കെ. ബിജുവിനെ റവന്യൂ വകുപ്പിൽ അഡീഷൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ സ്ഥലമെടുപ്പിൻറെ ചുമതലയായിരിക്കും ബിജുവിന്. ലേബർ കമ്മിഷണറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top