മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട് വരുന്നതെന്ത്?

കേരളത്തിലെ തദ്ദേശഭരണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഏതാണ്ട് ഒരേ തീയതിയിലാണ്. എന്നാൽ മട്ടന്നൂരിൽ മാത്രം പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തായിരുന്ന മട്ടന്നൂർ മുൻസിപ്പാലിറ്റി ആയി മാറിയ തീയതി വച്ചാണ് തെരഞ്ഞെടുപ്പും ഇങ്ങനെ മാറിപ്പോയത്. സാധാരണ ഗതിയിൽ പുതിയ ഭരണക്രമം നിലവിൽ വരുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അതായത് പഞ്ചായത്തിനെ നഗരസഭയായി ഉയർത്തുന്നതും മറ്റും അങ്ങനെ ആയിരിക്കും. പക്ഷെ മട്ടന്നൂർ പഞ്ചായത്ത് നഗരസഭയായത് ഒരു വ്യവഹാരത്തിൽ കുരുങ്ങിക്കിടന്നു.
1962 ൽ ആണ് മട്ടന്നൂർ പഞ്ചായത്ത് നിലവിൽ വന്നത്. പഴശ്ശി, കോളാരി, പൊറോറ എന്നീ വില്ലേജുകൾ ചേർന്ന് ആണ് മട്ടന്നൂർ പഞ്ചായത്ത് രൂപീകരിച്ചത്. 1963 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ. ടി മാധവൻ നമ്പ്യാരായിരുന്നു ആദ്യ പ്രസിഡന്റ്. 1978 ഭരണസമിതി പിരിച്ചുവിട്ടു. 1979 ൽ മുകുന്ദൻ മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റായി ഭരണസമിതി നിലവിൽ വന്നു. ഒടുവിൽ 1990 ൽ ആണ് മട്ടന്നൂർ മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടത്. എന്നാൽ സർക്കാർ മാറിയപ്പോൾ 1994 ൽ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്തായി തരം താഴ്ത്തി. പക്ഷെ നീണ്ടു നിന്ന നിയമനടപടികൾക്കൊടുവിൽ കോടതി ഈ സർക്കാർ നടപടി തടഞ്ഞു. അങ്ങനെ വീണ്ടും മട്ടന്നൂർ നഗര സഭയായി.
ഇപ്പോഴും കാലം മാറിയാണ് അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റു നഗരസഭകൾക്കൊപ്പം ഇവിടത്തെ തെരഞ്ഞെടുപ്പ് നടത്താനായി സഭയൊന്നാകെ ആ കാലയളവിൽ രാജിവയ്‌ക്കേണ്ടി വരും. അത്തരം ചില ശ്രമങ്ങൾ മുൻപ് നടന്നിരുന്നുവെങ്കിലും നഗരസഭാ കൗൺസിലർമാർ അന്ന് അതിനു തയ്യാറായില്ല.
ഇത്തവണ മട്ടന്നൂര്‍ നഗരസഭയിലേക്ക് ഓഗസ്റ്റ് എട്ടിന് പൊതു തിരഞ്ഞെടുപ്പു നടത്താന്‍ ജൂലൈ 15 ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 35 നഗരസഭാ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 21 നായിരുന്നു. പത്രികകളുടെ സൂക്ഷ്മപരിശോധന 22നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24നുമായിരുന്നു. വോട്ടെടുപ്പ് ഓഗസ്റ്റ് എട്ടിന് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിച്ചു. പത്താം തീയതി രാവിലെ 10 ന് വോട്ടെണ്ണല്‍ ആരംഭിച്ചു.
Mattannur Municipality Unusual Election Date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here