മണിചെയിൻ തട്ടിപ്പ്; പരാതികളുടെ എണ്ണം കൂടുന്നു, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

100 കോടിയുടെ മണിചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽനിന്നായി കൂടുതൽ പരാതികൾ. ഇന്നലെ മാത്രം ഓഷ്യൻ ട്രയിനിംഗ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിക്കെതിരെ നോർത്ത് പോലീസിൽ ലഭിച്ചത് അഞ്ചിലേറെ പരാതികൾ. ഇതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും പ്രതികളെ അറസ്റ്റ് ചെയ്യുക. ഒരു സിനിമാ നിർമ്മാതാവടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതുകൊണ്ടുതന്നെ ഏറെ ജാഗ്രതയോടെയാണ് അന്വേഷണം. ഇയാളുടെ പാസ്‌പോർട്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വ്യക്തമായ വിവരങ്ങൾ ലഭിച്ചാൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് പുറപ്പെടുവിപ്പിച്ചേക്കും. ഇയാളെ പിടികൂടിയാൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപനങ്ങൾ നടത്തി പണം തട്ടിയവർ നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഇവർ ബാഗ്ലൂരിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഒരു സംഘം പോലീസ് ഉടൻ ബാഗ്ലൂരിലേക്ക് തിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here