മോഡിജീയും യോഗിജീയും വായിച്ചറിയാന്‍

ഇല്ല അതുണ്ടായിട്ടില്ല. ഇതെഴുതുന്നത് വരെയും. ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ട മരണത്തില്‍ നമ്മുടെ പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ട്വിറ്ററില്‍ ഒന്നുകൂടി നോക്കി ഉറപ്പുവരുത്തിയിട്ടാണ് പറയുന്നത്. അസമിലെ പ്രളയത്തെ കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തിരക്കിയതായി കണ്ടു. അത്ഭുതമൊന്നുമില്ല. പാവപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ വൈകി പ്രതികരിച്ചാണല്ലോ അദ്ദേഹത്തിന് ശീലം.
ഗോരക്ഷകര്‍ നാടുനീളെ പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ താങ്കള്‍ വിദേശരാജ്യ നേതാക്കളെ കാണുന്ന തിരക്കിലായിരുന്നല്ലോ. മരിച്ച എല്ലാവരുടേയും അടിയന്തിരം കഴിഞ്ഞ് താങ്കള്‍ മിണ്ടിയത് മറന്നിട്ടുമില്ല. പ്രഖ്യാപനങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടാന്‍ താങ്കള്‍ക്കുള്ള വിരുത് ചിലര്‍ക്കെങ്കിലും അറിയാമെന്ന് മറക്കരുത്.
കുട്ടികളുടെ കൂട്ടമരണം നടന്ന ഈ ആശുപത്രിയില്‍ നിന്ന് കഷ്ടിച്ച് അരകിലോമീറ്റര്‍ അകലെ വച്ചാണ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ വിഖ്യാതമായ നെഞ്ചളവ് പ്രസംഗം നടത്തിയത്. മസ്തിഷ്‌ക ജ്വരത്തെ കെട്ടുകെട്ടിക്കുമെന്ന് പ്രസംഗിച്ചത് താങ്കള്‍ മറന്നിട്ടുണ്ടാകും. ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട് (കള്ളപ്പണം പിടികൂടി അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞ് പറ്റിച്ചതും).
യുപി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് കൂട്ടമരണം നടന്ന ബിആര്‍ഡി സര്‍ക്കാര്‍ മെഡി. കോളെജ്. മിക്കവാറും അവിടെ കയറിയിറങ്ങിയിരുന്ന താങ്കളും ഒന്നും അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല. മേഖലയില്‍ വ്യാപകമായി മസ്തിഷ്‌ക ജ്വരം പടരുന്നതിന് എതിരായ ക്യാംപയിനില്‍ പങ്കെടുത്തത് താങ്കള്‍ തന്നെയായിരുന്നല്ലോ. പക്ഷേ എല്ലാം പ്രഖ്യാപനം മാത്രമായി സാര്‍. 1978 ന് ശേഷം 10,000 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇവിടെ മരിച്ചത്. താങ്കള്‍ മുഖ്യമന്ത്രി ആയതിന് ശേഷവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് മറന്നുപോയോ.
2016 ഫെബ്രുവരി 14 ന് ബിആര്‍ഡി മെഡി. കോളെജ് പ്രിന്‍സിപ്പാള്‍ മസ്തിഷ്‌ക ജ്വരബാധിതരുടെ ചികിത്സയ്ക്കായി അടിയന്തരമായി 37 കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ട് ഒരു രൂപ പോലും കിട്ടിയില്ല.ഓഗസ്റ്റ് 2016 ന് സന്ദര്‍ശത്തിന് എത്തിയ കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ മുന്‍പിലും ഇതേയാവശ്യം ഉന്നയിച്ചതാണ്. ഒന്നുമുണ്ടായില്ല.
ആരെയാണ് നിങ്ങള്‍ പഴിക്കുന്നത് ആശുപത്രി ജീവനക്കാരെയോ.ശമ്പളമില്ലാതെ 27 മാസം ജോലി ചെയ്തവരാണ് അവിടുത്തെ ജീവനക്കാര്‍. രാജ്യത്തെ കുട്ടികളുടെ മരണനിരക്ക് 41 ആണ് (2016). സോമാലിയയിലേത് 96 ഉം. ഉത്തര്‍പ്രദേശിലെ മരണനിരക്ക് മാത്രമെടുത്താല്‍ അത് രാജ്യശരാശരിയേക്കാള്‍ വലുതാണ്. ലോകത്തിന്റെ മുന്നില്‍ രാജ്യം തലകുനിക്കുകയാണ്.
ഓര്‍ത്തോളൂ…അടുത്ത വിദേശസന്ദര്‍ശനത്തിന് കോപ്പുകൂട്ടുന്നതിന് മുന്‍പ് പ്രിയപ്പെട്ട പ്രധാനമന്ത്രീ, ഇതൊക്കെ ഒന്നോര്‍ത്താല്‍ നന്ന്. പശുക്കള്‍ വോട്ട് ചെയ്തല്ല അങ്ങയെ ജയിപ്പിച്ചത്. യോഗിയോട് പറയാനുള്ളതും അതു തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here