ആകാശവാണി, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ

m ramachandran (1)

ആകാശവാണി, വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ… മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഓർമ്മകളിലൊന്നായിരിക്കും ആ ശബ്ദം. ആകാശവാണി പ്രാദേശിക വാർത്താ ആവതരണം തുടങ്ങിയ കാലത്തോളം പഴക്കമുണ്ട് ഈ ഗാംഭീര്യ ശബ്ദം ആകാശത്തിലൂടെ ഒഴുകി എത്താൻ തുടങ്ങിയതിന്…

ആകാശവാണിയുടെ പ്രാദേശിക വാർത്താ അവതരണത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച പ്രാദേശിക വാർത്താ പ്രക്ഷേപണത്തിന് പുതിയ മാനങ്ങൾ നൽകിയ എം രാമചന്ദ്രൻ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു…

ഞാൻ ആകാശവാണിയുടെ ഭാഗമായി വരുന്നത് അരനൂറ്റാണ്ടിന് മുമ്പാണ്. 52 വർഷങ്ങൾക്ക് മുമ്പ്. എനിക്ക് പ്രക്ഷേപണ കലയോട് അന്നത്തെ കാലത്ത് തോന്നിയ അഭിനിവേശമാണ് എന്നെ പ്രക്ഷേപണ കലയോട് അടുപ്പിച്ചത്. ഒരു ജോലി ഉണ്ടായിരുന്നെങ്കിലും ആകാശവാണിയിലേക്ക് എത്തിപ്പെടാനുള്ള അധമ്യമായ ത്വരയാണ് ഇവിടെ എത്തിച്ചത്. അന്ന് ആകാശവാണിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കണ്ട് തനിക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ നാളെയോ വന്ന് ജോയിന്റ് ചെയ്‌തോളൂ എന്നാൽ മറ്റന്നാൾ ജോലി കിട്ടണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അന്ന് ഈ ആകാശവാണിയിലെ പ്രക്ഷേപകർക്കെല്ലാം മാസ, വാർഷിക കരാർ ബേസിലായിരുന്നു ജോലി. 5 വർഷമാണ് ഏറ്റവും കൂടുതൽ. അതിന് ശേഷം ജോലിയുണ്ടാകുമോ എന്ന് ഉറപ്പില്ല. അതേസമയം അന്ന് ഗവൺമെന്റ് ജോലിക്കാർക്ക് ഉദ്യോഗ സ്ഥിരതയും ആനുകൂല്യങ്ങളും കിട്ടിക്കൊണ്ടിരുന്നു. അപ്പോഴും വാർത്താ പ്രക്ഷേപകർക്കും ആർട്ടിസ്റ്റുകൾക്കും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല എന്ന് ഞാനിപ്പോഴും ഓർക്കുന്നു.

അപ്പോഴാണ് ഇന്ദിരാഗാന്ധി ഞങ്ങളുടെ വകുപ്പ് മന്ത്രിയായി (ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ്) ചുമതലയേൽക്കുന്നത്. ആ കാലഘട്ടത്തിൽ അവരാണ് ആർട്ടിസ്ര്റ്റുകളുടെ ദയനീയ സ്ഥിതി മനസിലാക്കി അവരെ പെൻഷണബിൾ സർവ്വീസിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചത്. എത്രയോ കാകാലമായി, ഇന്ദിരാഗാന്ധി തന്നെ ഓർമ്മയായി… അവരാണ് എന്നെപ്പോലെയുള്ള കലാകാരൻമാർക്ക് ജോലി സ്ഥിരതയും ഭദ്രതയും നൽകിയത്.

പിന്നീട് പ്രക്ഷേപണത്തിന്റെ മേഖലകൾ എത്രയോ വികസിച്ചു. എനിക്ക് ഓർമ്മയുണ്ട്, മലയാളിയായ ശശികുമാർ, സുർജിത് സെൻ, തേജേശ്വർ സിംഗ്, പാമില സെൻ തുടങ്ങിയവർ പ്രക്ഷേപണത്തിന് പുതിയ മാനങ്ങൾ നൽകിയ മഹത് വ്യക്തികളാണ്. അവർ എല്ലാ അർത്ഥത്തിലും ഈ പ്രസ്ഥാനത്തെ മുമ്പോട്ട് കൊണ്ടുപോയി ഈ പ്രസ്ഥാത്തിന് മോശമായൊരു അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

മലയാളത്തിലാണെങ്കിൽ ബഹുമുഖ പ്രതിഭകൾ ധാരാളമുണ്ടായിരുന്നു. നാഗവള്ളി ആർ എസ് കുറുപ്പ് സാറിനെയാണ് അതിൽ ഞാൻ ആദ്യം ഓർക്കുന്നത്. അദ്ദേഹത്തെ പോലൊരു പ്രതിഭ പ്രസ്ഥാനത്തിൽ വന്നത് വലിയ അനുഗ്രഹമായി കാണുന്നു.

ഉറൂബ് എന്നറിയപ്പെടുന്ന പി സി കുട്ടികൃഷ്ണൻ, എൻ എൻ കക്കാട് തുടങ്ങിയ പ്രഗത്ഭരായ ആളുകൾ കോഴിക്കോട് നിലയത്തിൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് സിജെ തോമസ്, ടി എൻ ഗോപിനാഥൻ നായർ തുടങ്ങിയ വലിയ പ്രതിഭകളായ ആളുകൾ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചു. സാംസ്‌കാരിക മേഖലയിൽ അവർ പുതിയ പ്രസ്ഥാനങ്ങൾക്ക് കാരണക്കാരായി എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് ഞാൻ കരുതുന്നു. ഈ മാധ്യമത്തോടുള്ള ഞങ്ങളുടെ അടങ്ങാത്ത പ്രതിബദ്ധതയ്‌ക്കോ താത്പര്യത്തിനോ എത്രയോ വർഷം വർക്ക് ചെയ്തിട്ടും മടുപ്പ് തോന്നിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ആ പാരമ്പര്യം ഇന്ന് വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകണ്ടോ എന്ന് ചോദിച്ചിൽ എനിക്ക് അറിയില്ല. കാരണം ഞാൻ ഇന്ന് ആ പ്രസ്ഥാനത്തിലില്ല. എത്രയോ വർഷമായി ആകാശവാണിയിൽനിന്ന് ഇറങ്ങിയിട്ട്. പക്ഷേ ഒരു കാര്യം വ്യക്തമാണ് ഞങ്ങളുടെ തലമുറയുടെ സംഭാവന അത് വലുതാണ്. അത് പ്രസ്ഥാനത്തെ താങ്ങി നിർത്തിയിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. അതിന് ഒരു കുറവും വന്നിട്ടില്ല.

ദീർഘകാലത്തെ ഈ ചരിത്രത്തിൽ മോശമായൊരു അഭിപ്രായം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ആരോടെങ്കിലും പക്ഷപാതിത്വം കാട്ടിയെന്നോ എന്തെങ്കിലും ആരോപണമോ മറ്റോ ആകാശവാണിയ്ക്ക് നേരെ ഉയർന്നിട്ടില്ലെന്നതും എനിക്ക് ഉറപ്പ് പറയാൻ കഴിയും. മറ്റ് പല പ്രസ്ഥാനങ്ങൾക്ക് നേരെയും ഓരോ ഓരോ ആരോപണങ്ങൾ ഉണ്ടായപ്പോഴും യാതൊരു വിധ ആരോപണങ്ങളും ഏൽക്കാതെ മഹാമേരു കണക്കെ തല ഉയർത്തി നിൽക്കുകയാണ് ആകാശവാണി…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top