ഇത്രയ്ക്ക് കളർഫുൾ ആയിരുന്നോ ആദ്യകാല ഓണാഘോഷം
ഇന്ന് ചിങ്ങം പിറന്നാൾ എവിടെ നോക്കിയാലും സെറ്റ്‌സാരിയും മുല്ലപ്പൂവും ട്രഡിഷണൽ ആഭരണങ്ങളുമിട്ട സ്ത്രീകളും ജുബ്ബയും മുണ്ടും ധരിച്ച പുരുഷന്മാരുമായിരിക്കും കാഴ്ച. പിന്നെ പായസം അടക്കമുള്ള സമൃദ്ധമായ സദ്യ, ആഘോഷങ്ങൾ, തുണിക്കടയിൽ പൊട്ടിക്കുന്ന ബാങ്ക് ബാലൻസ്… എന്നിട്ട് കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി പറഞ്ഞ് പൊടിഞ്ഞ പണത്തിന്റെ കാര്യമങ്ങ് അലിയിച്ച് കളയും.
യഥാർത്ഥത്തിൽ ഇങ്ങനെയെല്ലാമായിരുന്നിരിക്കുമോ ആദ്യകാല ഓണാഘോഷം..! ‘ഓണം കേരൾക്കാ ഏക് പ്രമുഖ് ത്യോഹാർ ഹെ’ എന്ന് മനപ്പാഠം പഠിച്ച നമ്മൾ ഈ ദേശീയാഘോഷത്തിന്റെ പഴയകാലത്തെ കുറിച്ച് ഓർത്തിട്ടുണ്ടോ…?
നമ്മൾ ഇപ്പോൾ കളർഫുൾ ആയി ഓണം ആഘോഷിക്കുന്നത് കേരളത്തിന്റെ ഇന്നത്തെ സാമ്പത്തികാവസ്ഥയിലും സാങ്കേതിക രംഗത്തെ മികവുകൊണ്ടുമായിരിക്കും. അതേസമയം ആദ്യകാലങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യങ്ങൾ ഉണ്ടാകില്ലെന്ന് മാത്രമല്ല, സാധാരണക്കാർക്ക് മനോഹരമായ വസ്ത്രങ്ങളെല്ലാം അന്യവുമാണ്. മേൽമുണ്ട് പോലും ഉടുക്കാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നല്ലോ…
മാത്രമല്ല, സാരിയുടുത്ത് തിരുവാതിരക്കളി കളിക്കുന്ന പെൺകുട്ടികൾ പുത്തൻ തലമുറയുടെ മാത്രം കാഴ്ചയാണ്. കാരണം സാരി കേരളത്തിന്റെ വസ്ത്രമായിരുന്നില്ല. മറ്റ് സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട സംസ്‌കാരമാണ് സാരിയും. പിന്നെ ആദ്യകാലങ്ങളിൽ കേരളത്തിലുണ്ടായിരുന്ന സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അർദ്ധ നഗ്നവുമായിരുന്നു.
ഇനി ഭക്ഷണം. പായസവും പഴവും പപ്പടവുമടക്കം ചേർത്ത് ഒരു ഗംഭീര സദ്യയാണ് ഓണത്തിന് ഒരുക്കുന്നത്. അന്നന്നത്തെ അന്നത്തിന് വകയില്ലാതെ വെള്ളവും കുടിച്ച് ചക്കക്കുരുവും പറമ്പിലെ കായയും മറ്റും കഴിച്ച് മുണ്ടും മുറുക്കി ഉടുത്ത് കഴിയുന്ന ഭൂരിഭക്ഷ ജനങ്ങൾക്കിടയിൽ അപ്പോൾ അതിനും തരമില്ല.
അപ്പോൾ നമ്മളിന്ന് ആഘോഷിക്കുന്ന ഓണം അന്ന് ജന്മിത്തറവാടുകളിൽ ആഘോഷിച്ചിരുന്ന ഓണമാകാനേ തരമുള്ളു…
ദിവസവും സദ്യയോളം വിഭവങ്ങൾ കൂട്ടികഴിക്കുന്ന മലയാളി ഭൂരിപക്ഷത്തിന് മുമ്പിൽ അപ്പോഴുമുണ്ട് ഇന്നും ഓണത്തിന് സദ്യവിളമ്പുമെന്നോ പൂക്കളമിടുമെന്നോ പോലും അറിയാത്ത കേരള ജനത. ആദിവാസി ഊരുകളിൽ, ഉൾവനങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവർക്ക് സദ്യ ഇതൊന്നുമല്ല, അന്നത്തെ ആഹാരത്തിന് നമ്മൾ സദ്യയുണ്ടാക്കി ആർഭാടമാക്കുന്ന ഏതെങ്കിലുമൊരു വിഭവത്തിലെ ഒരൽപ്പം കിട്ടിയാൽപ്പോലും സദ്യയായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here