കത്തില്‍ കത്തുന്ന സിപിഐഎം, വീണ്ടുമൊരു മകന്‍ പാർട്ടിയിൽ ചര്‍ച്ചയാവുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ പ്രധാന വില്ലന്‍. ഇതുവരെ വിവാദങ്ങളില്‍ കേള്‍ക്കാത്തൊരു പേരുകാരനാണ് ശ്യാംജിത്താണ് എന്നത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ വിവാദങ്ങളില്‍ അകപ്പെട്ടത് സി പി ഐ എമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരുന്നു. പോള്‍ മുത്തൂറ്റ് കൊലക്കേസ്മുതല്‍ കര്‍ണാടകയിലെ രാസലഹരികേസ് വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു വിവാദങ്ങള്‍. രാസലഹരി കേസില്‍ ബിനീഷ് കോടിയേരി ജയിലില്‍ അകപ്പെട്ടതും, സഹോരന്‍ ബിനോയ് കോടിയേരി അകപ്പെട്ട സ്ത്രീ പീഡന കേസുമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ നേതാക്കളുടെ മക്കള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍.
സിപിഐഎമ്മിന്റെ മറ്റൊരു സമുന്നത നേതാവായ ഇ പി ജയരാജന്റെ മകന്‍ വൈദേഹം റിസോര്‍ട്ടിന്റെ പേരിലാണ് വിവാദങ്ങളില്‍ അകപ്പെട്ടത്. പാപ്പിനിശേരിയില്‍ ഇ പിയുടെ മകന്റെ നേതൃത്വത്തില്‍ പണിത വൈദേഹം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതിയാണ് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചത്. സി പി ഐഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിയുടെ മകനും വിവാദങ്ങളില്‍ അകപ്പെട്ടു. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി നിയമനം നേടിയതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഈ വിവാദം ഇ പി ജയരാജന്റെ മന്ത്രികസേര തെറിപ്പുക്കുന്നതിലാണ് കലാശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ് വിവാദത്തില്‍ പെട്ട സിപിഐഎം നേതാവിന്റെ മകള്‍. കരിമണല്‍ മാസപ്പടി കേസാണ് വീണയെ വിവാദത്തിലേക്ക് എത്തിച്ചത്. കേസ് കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ വിവാദമാണ്.
കോടിയേരിയുടെ ആകസ്മികമായ വിയോഗത്തോടെയാണ് സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കാനായി എം വി ഗോവിന്ദന്‍ എത്തുന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചാണ് സെക്രട്ടറിസ്ഥാനത്ത് എത്തിയത്. എം വി ഗോവിന്ദന്റെ മക്കള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നില്ല. സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് മകന്‍ ശ്യാംജിത്ത്. ശ്യാംജിത്ത് പി ബി രേഖകള്‍ ചോര്‍ത്തിയെന്നാണ് ഷര്‍ഷാദ് ആരോപിക്കുന്നത്. വ്യവസായികളുമായി ശ്യാംജിത്തിനുള്ള ബന്ധവും മറ്റും വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാവും. ആരോപണ വിധേയനായ രാജേഷ് കൃഷ്ണയും ശ്യാംജിത്തും അച്ഛനും പാര്‍ട്ടി സെക്രട്ടറിയുമായുള്ള അടുപ്പവും ചര്‍ച്ചയായിരിക്കയാണ്. സിപിഐഎമ്മിന്റെ യു കെ ഘടകം പ്രതിനിധിയായി രാജേഷ് കൃഷ്ണയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ചരടുവലികള്‍ നടന്നതും ഈ ബന്ധത്തിന്റെ പേരിലായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.
ഷെര്‍ഷാദ് 2023 ല്‍ പാര്‍ട്ടിക്കു നല്‍കിയ പരാതിയാണ് ചോര്‍ന്നിരിക്കുന്നത്. അശോക് ധാവളെ എന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗത്തിന് നല്‍കിയ പരാതി എങ്ങിനെ രാജേഷ് കൃഷ്ണ ഫയല്‍ചെയ്ത മാനനഷ്ടക്കേസിനൊപ്പം വന്നുവെന്ന ഷര്‍ഷാദിന്റെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഷര്‍ഷാദ് എന്നയാള്‍ ചില പാര്‍ട്ടി നേതാക്കള്‍ രാജേഷുമായി നടത്തിയ സാമ്പത്തിക ഇടപാടിനെ കുറിച്ചാണ് പരാതിയില്‍ ഉള്ളതെന്നാണ് വ്യക്തമാക്കുന്നത്. രാജേഷ് നടത്തിയ സാമ്പത്തിക ക്രമക്കേടും, ഒപ്പം പ്രമുഖ നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയും ചോര്‍ത്തിയതില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഈ ആരോപണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നതാണ്. വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ മൗനം പാലിക്കുന്നതും സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നുണ്ട്. അഭിപ്രായം പറഞ്ഞ് വിഷയം കൂടുതല്‍ സങ്കീര്‍മാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി എത്തിയ ജനറല്‍ സെക്രട്ടറി എം എം ബേബിയും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ബേബി നേരത്തെ ഈ വിഷയത്തില്‍ ഇടപെട്ട നേതാവാണ്.മുന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണ് ഷര്‍ഷാദ്. കണ്ണൂര്‍ ജില്ലക്കാരന്‍ കൂടിയാണ് പരാതിക്കാരന്‍. മുന്‍മന്ത്രി ഡോ തോമസ് ഐസക്ക് വാര്‍ത്ത നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്.ഡോ തോമ,സ് ഐസക് അടക്കമുള്ളവരുടെ ബിനാമി ഇടപാടുകളാണ് താന്‍ നടത്തുന്നത് എന്ന് രാജേഷ് കൃഷ്ണ അവകാശപ്പെട്ടുവെന്നാണ് ഷര്‍ഷാദിന്റെ പരാതിയില്‍ പറയുന്നത്. മുന്‍ എം പിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ബിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണചുമതലകള്‍ വഹിച്ചിരുന്ന ആളാണ് രാജേഷ് കൃഷ്ണന്‍. സിനിമാ നിര്‍മാണത്തില്‍ സജീവമാണ് രാജേഷ് കൃഷ്ണന്‍.
മുഹമ്മദ് ഷര്‍ഷാദ് എന്ന ചെന്നൈ വ്യവസായി രാജേഷ് കൃഷ്ണനെതിരെ പി ബി പി ബിക്ക് നല്‍കിയ പരാതി ചോര്‍ന്നത് എങ്ങിനെ ചോദ്യം പാര്‍ട്ടിയെ ഇപ്പോള്‍തന്നെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അവതാരങ്ങളാരും സെക്രട്ടറിയേറ്റിനു പരിസരത്തേക്ക് വരേണ്ടതില്ലെന്നും, അത്തരം അവതാരങ്ങള്‍ക്ക് ഇടത് സര്‍ക്കാരിന്റെ കാലത്ത് ഇടമുണ്ടായിരിക്കില്ലെന്നുമായിരുന്നു 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്റെ ആദ്യ പ്രതികരണം. എന്നാല്‍ അവതാരകഥകളാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. മന്ത്രി ശിവന്‍കുട്ടിയും ഇന്ന് അവതാരങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിയ രാജേഷ് കൃഷ്ണയെ വേദിയില്‍ നിന്നും ഇറക്കിവിട്ടതും ഇതേ പരാതിയുടെ പേരിലായിരുന്നു. മുഹമ്മദ് ഷര്‍ഷാദ് എന്ന വ്യക്തി പി ബിക്ക് നല്‍കിയത് വ്യാജ പരാതിയാണ് എന്നും, പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും തന്നെ ഇറക്കിവിട്ടുവെന്ന വാര്‍ത്ത തനിക്ക് മാനഹാനിയുണ്ടാക്കിയെന്നുമാണ് രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്.
പാര്‍ട്ടി നേതൃത്വം ഈ വിവാദത്തില്‍ വ്യക്തമായ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ രാജേഷ് കൃഷ്ണയെ അനുകൂലിച്ചും ഷര്‍ഷാദിനെ വിമര്‍ശിച്ചും പാര്‍ട്ടിയുടെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വരും ദിലവസങ്ങളില്‍ വിഷയം കൂടുതല്‍ ചൂടുപിടിക്കാനാണ് സാധ്യത. അടുത്ത രണ്ടുമാസത്തിനിടയില്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാവാതിരിക്കാനുള്ള മുന്‍കരുതലിലാണ് പാര്‍ട്ടി നേതൃത്വം. പ്രതിപക്ഷവും ബി ജെ പിയും വിഷയം ഏറ്റെടുത്തതോടെ വിശയം കൂടുതല്‍ സങ്കീര്‍ണമാവാനുള്ള സാധ്യതയാണ് പ്രകടമാവുന്നത്.
Story Highlights : Kerala CPIM faces controversy over leaked complaint MV Govindan’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here