തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; പിടിയിലായത് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കമ്മൽ വിനോദ്

കോട്ടയം മാങ്ങാനത്ത് വഴിയരികിൽ സന്തോഷിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് കമ്മൽ വിനോദ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയും ഭാര്യ കുഞ്ഞുമോളുമാണ്. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് വിനോദ്. ആ കാലഘട്ടത്തിൽ ഭാര്യ കുഞ്ഞുമോൾ സന്തോഷുമായി അടുക്കാൻ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ വാദം.
ഇരുവരും ഉൾപ്പെട്ട കേസിന്റെ വിചാരണയ്ക്കായി ജയിലിൽ നിന്നും കോടതിയിൽ കൊണ്ടുവന്നപ്പോൾ വിനോദ് സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോൾ കാണാതായവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പയ്യപ്പാടിയിൽ നിന്നും 24 മുതൽ സന്തോഷിനെ കാണാനില്ലെന്ന് പോലീസിന് അറിവ് ലഭിച്ചു. സന്തോഷിന്റെ ഫോണിലേക്ക് അവസാനം വിളിച്ചത് കുഞ്ഞുമോൾ ആണെന്ന് സന്തോഷിന്റെ അച്ഛൻ പോലീസിനെ അറിയിച്ചിരുന്നു.
വിനോദിന്റെ ഭാര്യയെയും വിനോദിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞുമോളിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് കൊല്ലപ്പെട്ടത് സന്തോഷ് ആണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടയ്ക്ക് മൃതദേഹത്തിന്റെ ശിരസും കണ്ടെടുത്തു.
സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിനോദ് അടുത്തകാലത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കൊലപാതകത്തിലും കുഞ്ഞുമോൾക്ക് പങ്കുണ്ടെന്നാണ് വിവരം. കോട്ടയത്ത് മുട്ടമ്പലത്ത് നഗരസഭ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ താമസിക്കുമ്പോൾ വിനോദ് പിതാവിനെ തൊഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി അഞ്ചിനാണ് ഈ കൊലപാതകം നടന്നത്. ആദ്യം സ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ വിനോദ് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു. വിനോദിന്റെ തൊഴിയേറ്റ് അച്ഛന്റെ വാരിയെല്ല് തകർന്നിരുന്നു.
ഈ കേസിൽ മെയ് 22ന് ജാമ്യത്തിലിറങ്ങിയ വിനോദ് ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. ഡിവൈഎസ്പി സഖറിയാ മാത്യു, സിഐ സാജു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷിന്റെ കൊലപാതകം തെളിയിക്കപ്പെട്ടത്.
തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം മുറിച്ചു വേർപെടുത്തുകയായിരുന്നുവെന്ന് വിനോദ് പോലീസിനെ അറിയിച്ചു. രക്തം നഷ്ടപ്പെട്ടതിന് ശേഷമാണ് മൃതദേഹം മുറിച്ചത്. ശരീരഭാഗങ്ങൾ ചിതറിയിട്ടില്ല. ജീവനോടെ മുറിച്ചിരുന്നെങ്കിൽ ശരീരഭാഗങ്ങളും മാംസവും ചിതറുമെന്ന് പോലീസ് അറിയിച്ചു.
kammal vinod caught santhosh murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here