Advertisement

റിയോയിലെ പുലികളി, കേരളത്തിലെ കാർണിവൽ

August 28, 2017
0 minutes Read

കേരളത്തിൽ ചിങ്ങമെത്തിയാൽ പിന്നെ കാത്തിരിക്കുന്നത് തൃക്കാക്കരയിലെ അത്തച്ചമയത്തിനും തൃശ്ശൂരിലെ പുലികളിക്കുമാണ്. അത്രയ്ക്ക് ആവേശമാണ് ഈ ആഘോഷങ്ങൾക്ക്. ചതയത്തിന് തൃശ്ശൂരിലിറങ്ങുന്ന പുലികൾ ഒരു നാടിന്റെ പൂരാവേശം തന്നെയാണ്. തൃശ്ശൂർ പൂരം കഴിഞ്ഞാൽ പിന്നെ പുലികളിതന്നെയാണ് പ്രിയം. ശരീരത്തിൽ പുലിയടയാളങ്ങളിട്ട്, പുലിമടകളിൽ വിശ്രമിക്കുന്ന പുലിക്കുട്ടികൾ, ശക്തൻ സ്‌ക്വയറിൽ ഇറങ്ങുന്ന പുലിക്കൂട്ടങ്ങൾ എല്ലാം പ്രൗഢ ഗംഭീര കാഴ്ചകൾതന്നെ.

ഇത് കേരളത്തിന്റെ കാർണ്ണിവൽ. എന്നാൽ അങ്ങ് ബ്രസീലിലെ റിയോയിലുമുണ്ട് സമാനമായ ആഘോഷം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ചെലവേറിയതുമാണ് ഈ റിയോ കാർണിവൽ. ഒരു ദിവസം 20 ലക്ഷം പേരാണ് ഈ കാർണിവലിൽ പങ്കെടുക്കുന്നത്. ഇങ്ങ് കേരളത്തിലെ പുലികളിയ്ക്ക് സമാനമായി കടവയും സീബ്രയുമടക്കം വിവിധ രൂപങ്ങളാണ് കാർണിവലിൽ തെരുവിലിറങ്ങുക.

എല്ലാ സാമ്പ സ്‌കൂളുകളിൽനിന്നും കാർണിവലിൽ കുട്ടികൾ പങ്കെടുക്കണമെന്ന് നിർബന്ധമാണ്. അവർ ഒരുക്കുന്ന വേഷങ്ങൾക്കും ഓരോ രൂപങ്ങൾക്കും പറയാൻ ഓരോ കഥകളുമുണ്ടാകും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് സാമ്പ സ്‌കൂളുകളുടെ പരേഡ് ഉണ്ടാകുക.

എല്ലാ വർഷവും ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ആരംഭിക്കുന്ന റിയോ കാർണിവൽ കരിക്കുറി തിരുന്നാൾ(ആഷ് വെനസ്‌ഡേ) ദിനം വരെയാണ് നീണ്ടുനിൽക്കുന്നത്. അടുത്ത റിയോ കാർണിവൽ നടക്കുന്നത് 2018 ഫെബ്രുവരി 9 മുതൽ 14 വരെയാണ്.

പുലികളിയിൽനിന്ന് വിഭിന്നമായി സ്ത്രീകൾ നഗ്നരായും അർദ്ധ നഗ്നരായും കാർണിവലിൽ അണിനിരക്കുന്നതും മദ്യവും മറ്റ് ലഹരിയുമൊഴുകുന്നതും റിയോ കാർണിവൽ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമാകുന്നു…

കേരളത്തിൽനിന്ന് റിയോയിലേയ്ക്കാണോ തിരിച്ച് റിയോയിൽനിന്ന് കേരളത്തിലേക്കാണോ ഈ ആഘോഷം എത്തിയതെന്ന് അറിയില്ല. എങ്കിലും ആഘോഷങ്ങൾക്ക് എല്ലായിടത്തും ഒരു മുഖം; ആഹ്ലാദത്തിന്റെ…!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top