2014 ലെ ഓണറിലീസ്; ഫ്‌ളോപ്പുകൾക്ക് സാക്ഷ്യം വഹിച്ച അപൂർവ്വ വർഷം

മലയാളത്തിലെ വമ്പൻ താരനിര അണിനിരന്ന ഒരു ഓണക്കാലമായിരുന്നു 2014 ലേത്. മറ്റ് വർഷങ്ങളിലെല്ലാം രണ്ടോ മൂന്നോ സൂപ്പർ താരങ്ങളിൽ ഓണക്കാല റിലീസുകൾ ഒതുങ്ങുമ്പോൾ മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, പൃഥ്വിരാജ്, ആസിഫ് അലി, ദിലീപ് എന്നിവരുടെ ചിത്രങ്ങൾക്കാണ് 2014 ലെ ഓണം സാക്ഷ്യം വഹിച്ചത്.
അജയ് വാസുദേവൻ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച രാജാധിരാജയാണ് ഓണക്കാല റിലീസുകളിൽ ആദ്യം തിയറ്ററുകളിൽ എത്തിയത്. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത് ഫ്രൈഡോ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മോഹൻലാൽ ചിത്രം പെരുച്ചാഴിയായിരുന്നു പിന്നീട് തിയറ്ററുകൾ ഇളക്കി മറിക്കാൻ എത്തിയത്. പിന്നീട് ദിലീപ് ചിത്രമായ വില്ലാളിവീരൻ, ഫഹദ് ഫാസിൽ ചിത്രമായ മണിരത്‌നം, ആസിഫ് അലി-പൃഥ്വിരാജ് എന്നിവർ കേദ്രകഥാപാത്രത്തിൽ എത്തിയ സപ്തമശ്രീ തസ്‌കര എന്നിവയും തിയറ്ററുകളിൽ എത്തി.
ഓണക്കാലം കുട്ടികൾക്ക് അവധിക്കാലമായതുകൊണ്ടും തിയറ്ററുകളിൽ പൊതുവെ തിരക്ക് അനുഭവപ്പെടേണ്ട കാലത്ത് 2014 ൽ പക്ഷേ ജനം തിയറ്ററുകളിൽ എത്തിയതേയില്ല. മോഹൻലാലിന്റെ പെരുച്ചാഴിയും, ദിലീപിന്റെ പതിവ് ശൈലിയിലെ വില്ലാളിവീരനുമെല്ലാം ജനത്തെ തിയറ്ററുകളിൽ നിന്നും അകറ്റി. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തിയ രാജാധിരാജയ്ക്ക് മാത്രമാണ് അൽപ്പമെങ്കിലും ജനത്തിരക്ക് ഉണ്ടായിരുന്നത്.
ഓണറിലീസായി ഇറങ്ങിയ മുഴുവൻ ചിത്രങ്ങളും ജനങ്ങളെ നിരാശപ്പെടുത്തുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കണം.
2014 onam release films
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here