ദിലീപിനെ കുടുക്കിയത് ഈ വാദങ്ങൾ

നടിയെ ആക്രമിച്ച കേസിൽ പ്രതിയെന്ന് കണ്ടെത്തി അറസ്റ്റിലായി അമ്പത് ദിവസം പിന്നിടുമ്പോൾ ഇത് മൂന്നാം തവണയാണ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുന്നത്. മൂന്ന് തവണയും ശക്തമായ പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ച വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടൊപ്പം കടുത്ത വിമർശനങ്ങളും ഉയർത്തി.
ദിലീപിനെതിരെ ഉദ്യോഗസ്ഥ തലത്തിലും സിനിമയിലും ഗൂഢാലോചന നടന്നുവെന്നായിരുന്നു പ്രതിഭാഗം ആരോപണം. ഇത് സാധൂകരിക്കാൻ സോഷ്യൽ മീഡിയ വഴി അഴിച്ചുവിട്ടത് വൻ ആരോപണങ്ങൾ. അതേസമയം ഇതുതന്നെയാണ് ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ ഉയർത്തുന്നതും. സാക്ഷികളെ സ്വാധീനിയ്ക്കാൻ ദിലീപ് ശ്രമം നടത്തുമെന്നാണ് വാദം. ഇത് ശരിവച്ചാണ് കോടതി ജാമ്യം നിഷേധിച്ചതും.
കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങൾ
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിനെയും മറ്റൊരു പ്രതിയായ ദിലീപിനെയും ഒരേസമയം ഒരേ ലൊക്കേഷനിൽ കണ്ടിരുന്നു. ഇതാണ് ജാമ്യാപേക്ഷയെ എതിർത്ത് കേസിലെ പ്രധാന ആയുധമായി പ്രോസിക്യൂഷൻ ഉയർത്തിയത്. ഒപ്പം ഷൂട്ടിംഗിനിടെ ആൾക്കൂട്ടത്തിനിടയിൽ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചു.
എന്നാൽ തമ്മിൽ കണ്ടുവെന്നതിന് തെളിവില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച എതിർവാദം. ഷൂട്ടിങ്ങിനിടെ ഗൂഢാലോചന നടത്തിയെന്ന ആരോപണം യുക്തിയ്ക്ക് നിരക്കാത്തതാണെന്നും പ്രതിഭാഗം വാദിച്ചു.
പൾസർ സുനിയുമായി പരിചയമില്ലെന്നും ഒരിക്കൽപ്പോലും തമ്മിൽ കണ്ടിട്ടില്ലെന്നും ദിലീപ് വാദിക്കുമ്പോഴാണ് ഇരുവരും ഒരേ മൊബൈൽ ടവർ പരിധിയിൽ വരുന്നത്. നടിയെ ആക്രമിക്കാൻ ദിലീപ് സുനിലുമായി നാല് വർഷമായി ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ.
എന്നാൽ അങ്ങനെയെങ്കിൽ ഇരുവരും തമ്മിൽ ഒരിക്കലെങ്കിലും ഫോണിൽ വിളിക്കേണ്ടേ എന്നാണ് പ്രതിഭാഗത്തിന്റെ പക്ഷം. പോലീസ് കണ്ടെടുത്ത 9 മൊബൈൽ ഫോണുകളിൽ നിന്ന് സുനിയുടെ ഒറ്റ കോൾ പോലും ദിലീപിന് ലഭിച്ചിട്ടില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിയാണ് സുനിൽ. അത്തരമൊരു കള്ളന്റെ കുംബസാരം പോലീസ് എങ്ങനെയാണ് വിശ്വസിക്കുക.
സുനിലുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു. കാവ്യയുടെ കുടുംബത്തിന് സുനിലുമായി ബന്ധമുണ്ടായിരുന്നു. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യ സുനിയ്ക്ക് പണം നൽകിയതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം സുനി കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ എത്തി ദിലീപിനെ കണ്ടെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ദിലീപിനെ പോലീസ് ഇവിടെ എത്തിച്ചിരുന്നു.
എന്നാൽ ഹോട്ടലിൽ വേറെയും ധാരാളം പേർ താമസിക്കുന്നുണ്ടെന്നിരിക്കെ ഹോട്ടലിൽ വച്ച് സുനി ദിലീപിനെയാണ് കണ്ടത് എന്ന വാദം തെറ്റാണെന്നാണെന്നും ദിലീപിനെഴുതിയ കത്ത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം.
പ്രതിഭാഗത്തിന്റെ വാദങ്ങളെ ഘണ്ഡിക്കാൻ ഉതകുന്ന രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. 15 പേരുടെ രഹസ്യമൊവി രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്.
ദിലീപ് ഒന്നരക്കോടി രൂപയാണ് സുനിയ്ക്ക് വാഗ്ദാനം ചെയ്തത്. ഇതിൽ 10000 രൂപ അഡ്വാൻസ് ആയും കൈപ്പറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ഇത്ര വലിയ തുക നൽകുമെങ്കിൽ സുനി നാല് വർഷം മുമ്പ് തന്നെ കൃത്യം നിർവ്വഹിച്ചേനെ എന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ് കേസിലെ സാക്ഷികൾ. ക്വട്ടേഷനാണെന്ന് നടി തന്നെ തുടക്കം മുതൽ പറഞ്ഞിട്ടും അത്തരമൊരു അന്വേഷണം ഉണ്ടായിട്ടില്ല. ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പോലീസ് കള്ളത്തരങ്ങൾ മെനയുകയാണെന്നും തുടക്കം മുതൽ പ്രതിഭാഗം വാദിക്കുന്നുണ്ട്.
അതേസമയം ജാമ്യാപേക്ഷ പരിഗണിച്ച് വാദം കേട്ട കോടതി ശകതമായ വിമർശനമാണ് ദിലീപിനെതിരെ ഉയർത്തിയത്. പെരും നുണയൻ എന്ന അർത്ഥം വരുന്ന ദിലീപ് ചിത്രം കിങ് ലയറിനോട് തന്നെയാണ് കോടതി ദിലീപിനെ ഉപമിച്ചത്. പ്രതി കിംഗ് ലയറാണെന്നായിരുന്നു കോടതിയുടെ വിമർശനം. ഒപ്പം നിർഭയയേക്കാൽ ക്രൂരമാണ് ഈ കേസെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here