തിയേറ്റർ ഓണം നാളെ മുതൽ; ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകം

തിയേറ്ററുകളിൽ ഓണാഘോഷം നാളെ തുടങ്ങുകയായി. ഒപ്പം മലയാള സിനിമാ പ്രേക്ഷകർക്കും സിനിമാ ഓണത്തിന്റെ തുടക്കം നാളെ. മോഹൻലാലും ലാൽജോസും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രം ‘വെളിപാടിന്റെ പുസ്തകമാണ് ഇത്തവണത്തെ ആദ്യ ഓണചിത്രം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം കേരളത്തിലെ ഇരുനൂറ് തീയേറ്ററുകളിലാണ് വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ ഇരട്ട ഗെറ്റ്അപ്പിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ബെന്നി പി നായരമ്പലം ആണ് തിരക്കഥ. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. മൈക്കിൾ ഇടിക്കുളയായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നീന എന്ന ചിത്രമിറങ്ങി 2 വർഷത്തിന് ശേഷമാണ് ലാൽജോസ് വെളിപാടിന്റെ പുസ്തകവുമായി എത്തുന്നത്.
‘അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്മ രാജൻ നായികയാവുന്ന ചിത്രത്തിൽ അപ്പാനി ശരത്കുമാർ, അനൂപ് മേനോൻ, പ്രിയങ്ക നായർ, സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും അണി നിരക്കുന്നു. വിഷ്ണു ശർമ്മയാണ് ക്യാമറ. ഷാൻ റഹ്മാൻ സംഗീതവും അജയൻ മാങ്ങാട് കലാസംവിധാനവും നിർവഹിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here