മലയാളത്തനിമയില്‍ ‘പ്രവാസോണം’

കേരളത്തിലെ ഓണത്തിന് പതുക്കെയെങ്കിലും ഒരു ന്യൂജെന്‍ മുഖം കൈവരികയാണ്. ഓണദിനത്തില്‍ എല്ലാവരും വീടിന്റെ ഇടനാഴിയില്‍ നിരന്നിരുന്ന് തൂശനിലയില്‍ സദ്യയുണ്ട കാലം മറവിയിലേക്കുള്ള യാത്രയിലാണ്. മികച്ച സദ്യ ഒരുക്കുന്ന ഹോട്ടലുകള്‍ ഏതെന്നാണ് ഇപ്പോള്‍ ഓണക്കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല.
സത്യത്തില്‍ മലയാള മണ്ണില്‍ മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നതിനേക്കാള്‍ കെങ്കേമമായിട്ടാണ് മരുഭൂമിയില്‍ മലയാളികള്‍ ഓണം കൊള്ളുന്നത്. അത്തം മുതല്‍ തിരുവോണം മുതല്‍ പത്ത് ദിവസമാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നതെങ്കില്‍ പ്രവാസികള്‍ക്ക് മാസങ്ങള്‍ നീളുന്ന ആഘോഷമാണ് ഓരോ ഓണവും. ടിവിയ്ക്ക് മുന്നില്‍ ചടഞ്ഞ് കൂടിയിരിക്കുന്ന ദിവസങ്ങളല്ല ഓണമെന്നാല്‍ പ്രവാസികള്‍ക്ക്. നാട്ടില്‍ അന്യമാകുന്ന ഒത്തുകൂടല്‍ അതിന്റെ ടീസ്പിരിറ്റില്‍ കാണമെങ്കില്‍ പ്രവാസികളുടെ ഓണം കാണണം.
മലയാളി കൂട്ടായ്മകളും, ഗള്‍ഫിലെ കുടുംബാംഗങ്ങളും ഒരുമിച്ചല്ലാതെ ഇവര്‍ ഓണം ആഘോഷിക്കാറില്ല. ഒരു വിഭവം പോലും കുറയാത്ത സദ്യയും, പൂക്കള മത്സരവും, തിരുവാതിരയും, ഓണപ്പാട്ടുകളും, ഓണക്കോടിയും, ഓണക്കളികളുമെല്ലാം ഇവിടെ ഒരു മാസം മുമ്പേ ആരംഭിച്ച് കഴിഞ്ഞു. പഴമയുടെ സൗന്ദര്യം അതേ പടിയല്ലെങ്കിലും കേരളത്തിനേക്കാള്‍ ഭംഗിയായി ഓണം കൊണ്ടാടുന്നത് പ്രവാസി മലയാളികളല്ലേ എന്നതല്ലേ സത്യം?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here