ഏഷ്യാനെറ്റ്-ജയ്‌ഹിന്ദ് ഓഫിസുകളിൽ വൻ അഗ്നിബാധ

ജയ് ഹിന്ദ് ചാനലിന്റെയും ഏഷ്യാനെറ്റ് ബ്രോഡ് ബാന്റിന്റെയും ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. കിഴക്കേക്കോട്ട കരിമ്പനാൽ ആർക്കേഡ് കെട്ടിട സമുച്ചയത്തിലെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് ലിമിറ്റഡിന്റെ ഇന്റർനെറ്റ് സർവീസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലും ജയ് ഹിന്ദ് ടിവിയിലെ ജീവനക്കാരുടെ ഡൈനിംഗ് റൂമിനുമാണ് തീപിടിച്ചത്. ഏഷ്യാനെറ്റിന്റെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് ആദ്യം പുക ഉയർന്നത്. പുക കണ്ട ഉടൻ സെക്യൂരിറ്റി ജീവനക്കാർ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.
ചെങ്കൽചൂള, ചാക്ക എന്നിവിടങ്ങളിൽ നിന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും ബ്രോഡ് ബാന്റ് ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന റൂമിൽ നിന്ന് തീ തൊട്ടടുത്ത ജയ് ഹിന്ദിന്റെ ഡൈനിംഗ് റൂമിലേക്ക് വ്യാപിച്ചു. ഏഷ്യാനെറ്റ് ബ്രോഡ് ബാന്റ് കമ്പനിയുടെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകൾ, യു.പി.എസ് സിസ്റ്റം, ബാറ്ററികൾ, മോഡം തുടങ്ങി ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ അഗ്നിക്കിരയായി. ശ്രീപദ്മനാഭ സ്വാമി ക്ഷേതത്തിന്റെ ഭാഗമായ സുരക്ഷാ മേഖലയിലാണ് തീപിടിത്തമുണ്ടായത്. അതിനാൽ, ഇതറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ ഭീതിയിലായി.
സംഭവസമയത്ത് റൂമിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് തൊട്ടടുത്തായാണ് ജയ് ഹിന്ദ് ചാനലിന്റെ ഓഫീസ്. ഓഫീസിലെ ജീവനക്കാർ വിശ്രമിക്കാനും ആഹാരം കഴിക്കാനും ഉപയോഗിച്ചുവന്ന ഹാളിലേക്കാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന ഒരു അലമാരയും ഏതാനും കസേരകളും കത്തിച്ചാമ്പലായി. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഡിവിഷൻ ഓഫീസർ ദിലീപ്, സ്റ്റേഷൻ ഓഫീസർമാരായ സരേഷ്കുമാർ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂർ പ്രയത്നിച്ചാണ് തീകെടുത്തിയത്.
തീപിടിത്തമുണ്ടായാൽ കെടുത്താൻ കെട്ടിടത്തിൽ ഫയർലൈൻ സ്ഥാപിച്ചിരുന്നെങ്കിലും ഇതിൽ വെള്ളം ഇല്ലാതിരുന്നതിനാൽ തുടക്കത്തിൽ സെക്യൂരിറ്റി ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഫയർ ഫോഴ്സെത്തിയപ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങിയെങ്കിലും അരമണിക്കൂറിനകം തീ കെടുത്താനായത് വൻ ദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Fire at Channel offices near East Fort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here