ദിലീപിന് സന്ദർശക ബാഹുല്യം; കോടതി വിധിയുടെ ലംഘനമെന്ന് വിമർശനം

ദിലീപിന്റെ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി ആലുവ സബ്‌ജയിൽ. മലയാള ചലച്ചിത്ര പ്രവർത്തകർ കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപിനെ കാണാൻ ജയിലിലേക്ക് ഒഴുകുകയാണ്. യുവ നടിയെ പൊതു നിരത്തിൽ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ നാളിതു വരെ പ്രമുഖ താരങ്ങളോ , സംവിധായകരോ എത്തിയിരുന്നില്ല. എന്നാൽ ഭാര്യയും നടിയുമായ കാവ്യ മാധവൻ ദിലീപിന്റെ മകൾ മീനാക്ഷി എന്നിവർ വന്നു പോയ ശേഷം നിരവധി പ്രബലരായ ചലച്ചിത്ര പ്രവർത്തകരാണ് ജയിലിൽ എത്തിയത്. എന്നാൽ ഈ സന്ദർശനങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ് എന്ന് വിമർശനം ഉയരുന്നു. മാത്രമല്ല ഇപ്പോൾ നടക്കുന്ന സന്ദർശക ഒഴുക്ക് ദിലീപിന്റെ അടുത്ത ജാമ്യ വാദത്തെയും ബാധിക്കും.
കോടതി വിധിയെ ബാധിക്കുന്നത് ഇങ്ങനെ …
ജാമ്യാപേക്ഷ നിഷേധിച്ച ഹൈക്കോടതി അങ്ങനെ നിഷേധിക്കുന്നതിന്റെ കാരണവും വ്യക്തമാക്കിയിരുന്നു.
1. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ദിലീപ് ചലച്ചിത്ര രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ്.
2. പരാതിക്കാരിയും ആക്രമത്തിനിരയും ആയ യുവതിയും ഒരു നടിയാണ്.
3. സാക്ഷികളിൽ ഏറെയും ചലച്ചിത്ര രംഗത്തുള്ളവരാണ്.
4. പ്രതിയെ പുറത്തു വിട്ടാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
5. ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ട്.
ഈ സാഹചര്യത്തിൽ ദിലീപിനെ പുറത്തു വിടാൻ കഴിയില്ല. എന്നാൽ ചലച്ചിത്ര രംഗത്തും രാഷ്ട്രീയത്തിലും സ്വാധീനമുള്ള സംവിധായകർ , നിർമാതാക്കൾ , താരങ്ങൾ തുടങ്ങി എം എൽ എ കൂടിയായ നടൻ ഗണേഷ് കുമാറും ജയിലിൽ എത്തി. ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്നും മറ്റു ചലച്ചിത്ര പ്രവർത്തകർ അങ്ങനെ ചെയ്യണമെന്ന് ആഹ്വാനം ചെയ്താണ് ജയിൽ കവാടത്തിനു മുന്നിൽ നിന്നും ഗണേഷ് മടങ്ങിയത്. ഇതാണ് ഇപ്പോൾ വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്. സജിത മഠത്തിൽ അടക്കമുള്ള വനിതാ ചലച്ചിത്ര പ്രവർത്തകർ വിമർശനവുമായി രംഗത്തു വരികയും ചെയ്തു.
visitors for dileep in aluva jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here