നടിയെ ആക്രമിച്ച കേസ്; പരിധി വിട്ടാൽ ഇടപെടുമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസിൽ പോലീസിന് വിമർശനം. ഇത് തിരക്കഥയാണോ എന്ന് ചോദിച്ച കോടതി ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സുനിൽ കുമാറിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിയ്ക്കാനോ എന്നും വാർത്തകൾ പരിധി വിട്ടാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. അതേസമയം രണ്ടാഴ്ചയ്ക്കുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ഡിജിപി പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ച കേസിൽ ഒന്നാം പ്രതിയെ എന്തിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണമാണോ തുടരന്വേഷണമാണോ നടക്കുന്നത്. നിയമവും നീതിയും അനുസരിച്ച് മാത്രം കാര്യങ്ങൾ നടത്തിയാൽ മതിയെന്നും കോടതി ഓർമ്മിപ്പിച്ചു.
കേസെടുത്താൽ ഉടൻ ചാനലുകൾ ചർച്ച തുടങ്ങുകയായി. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളാണ് ചർച്ച ചെയ്യുത്ത് ഇത് നീതി നിർവഹണത്തിൽ ഇടപെടലാണ്. പരിധി വിട്ടാൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി വാക്കാൽ പരാമർശിച്ചു.
കേസിൽ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ വിമർശനം. അതേസമയം കേസുമായി ബന്ധപ്പെട്ട് നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 18 ലേക്ക് മാറ്റി. അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും നാദിർഷ അറിയിച്ചു.
നേരത്തെ അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നാദിർഷ പോലീസ് ക്ലബിൽ എത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയിൽ നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here