ഐഎൻഎസ് കൽവാരി ഇനി നാവികസേനയുടെ ഭാഗം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച അന്തർവാഹിനികളിലൊന്നായ ഐഎൻഎസ് കൽവാരി ഇനി നാവികസേനയുടെ ഭാഗം. കടലിന്നടിയിൽ അതീവ രഹസ്യമായി ആക്രമണം നടത്താൻ സാധിക്കുന്ന ഐഎൻഎസ് കൽവാരി നിർമ്മിച്ചിരിക്കുന്നത് പ്രമുഖ കപ്പൽ നിർമ്മാതാക്കളായ മസഗോൺ ഡോക് ആണ്. വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് കൽവാരി ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനി കൂടിയാണ് ഐഎൻഎസ് കൽവാരി.
കൽവാരി എന്ന പേരിന് പിന്നിൽ
ഇന്ത്യൻ മഹാസമുദ്രത്തിൽ കാണുന്ന ടൈഗർ സ്രാവിന്റെ പേരിലാണ് കൽവാരിയ്ക്ക് ആ പേര് നൽകിയിരിക്കുന്നത്.
നിലവിൽ 15 അന്തർവാഹിനികളുള്ള ഇന്ത്യ പുതുതായി ആറ് അന്തർവാഹിനികളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് കൽവാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അന്തർവാഹിനികലുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇന്ത്യയുടെ നീക്കം. ഇതിന് പുറമെ ആറ് ഡീസൽ അന്തർവാഹിനികൾ കൂടി ഇന്ത്യ നിർമ്മിക്കും.
ഐഎൻഎസ് കൽവാരിയുടെ പ്രത്യേകതകൾ
- നീളം – 61.7 മീറ്റർ
- വേഗം – 20 നോട്ട് (22km/h- കടലിന്നടിയിൽ)
– 12 നോട്ട് (22km/h – ജലോപരിതലത്തിൽ) - കടലിൽ 1150 അടി ആഴത്തിൽ സഞ്ചരിയ്ക്കാൻ കഴിയും
- 18 ടോർപിഡോകൾ, 30 മൈനുകൾ, 39 കപ്പൽവേധ മിസൈലുകൾ എന്നിവ വഹിക്കാനാകും
- 40 ദിവസത്തോളം കടലിന്നടിയിൽ കഴിയാനാകും
- 6500 നോട്ടിക്കൽ മൈൽ ദൂരം വരെ സഞ്ചരിക്കാനാകും.
- എഞ്ചിൻ പ്രവർത്തിക്കുന്ന ശബ്ദം വളരെ കുറവ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here