ഈ ചിത്രം കാണാൻ നമ്മിൽ പലരും ജീവനോടെയുണ്ടാകില്ല !!

സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിത്തിരയിൽ കാണാനും, ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് അവരുടെ പ്രതികരണം അറിയുന്നതുമാണ് ഒരു സംവിധായകനെ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം. എന്നാൽ ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി സംവിധായകൻ റോബേർട്ട് റോഡ്രീഗസ് ഒരു ചിത്രം അണിയറയിൽ ഒരുക്കുന്നുണ്ട്….ഒരു പക്ഷേ അദ്ദേഹത്തിനോ, സിനിമയിലെ അഭിനേതാക്കൾക്കോ, ഇന്ന് ജീവിച്ചിരിക്കുന്ന ഭൂരിഭാഗം മനുഷ്യർക്കോ കാണാൻ സാധിക്കില്ലാത്ത ഒരു ചിത്രം….കാരണം ആ ചിത്രം റിലീസാകുക നൂറ് വർഷങ്ങൾക്ക് ശേഷമാണ് !!
ജോൺ മാൽകോവിച് തിരക്കഥ രചിച്ച് അഭിനയിക്കുന്ന ചിത്രമാണ് 100 ഇയേഴ്‌സ്. 2015 ലാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യമായി പുറത്തു വരുന്നത്. റെമി മാർട്ടിനുമായി ചേർന്നാണ് ഇവർ ചിത്രം ഒരുക്കുന്നത്. റെമി മാർട്ടിൻ നൂറ് വർഷങ്ങളെടുത്ത് ഉണ്ടാക്കുന്ന വിഖ്യാത മദ്യമായ ലൂയിസ് XIII കോൺയാകിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഇവർ 100 വർഷങ്ങൾക്ക് ശേഷം ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുന്നത്.
കഥ….?!
നൂറു വർഷങ്ങൾക്ക് ശേഷം ജനങ്ങളെ കാണിക്കേണ്ട ഒരു ചിത്രമാകുമ്പോൾ സംവിധായകന്റെ ഉത്തരവാദിത്തം കൂടുകയാണ്. അന്നത്തെ ജനതയ്ക്ക് ഉൾകൊള്ളാൻ സാധിക്കുന്ന ഒരു കഥയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സിനിമ എന്ന രീതിയിൽ ചിത്രത്തെ സമീപിക്കാം എന്നുവെച്ചാൽ നടക്കില്ല…കാരണം ചിത്രം നൂറു വർഷങ്ങൾക്കപ്പുറമുള്ള ഭാവി ലോകത്തെ കുറിച്ചാണ് പറയുന്നത് !!
ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ട ശേഷം മൂന്ന് ട്രോയിലറുകളാണ് ഇതിനോടകം വന്നിരിക്കുന്നത്. എന്നാൽ ഒന്നിലും ചിത്രത്തിന്റെ ഫൂട്ടേജുകൾ ഇല്ല. ഡിസ്‌ടോപിയ വേസ്റ്റലാൻഡ്, ടെക്‌നോളജികളാൽ സമ്പന്നമായ സ്വർഗതുല്യമായ ലോകം, തുടങ്ങി മൂന്ന് വ്യത്യസ്ത ഭാവികാലങ്ങളാണ് ട്രെയിലറുകളിൽ കാണിക്കുന്നത്.
സിനിമകൾ തിയറ്ററുകളിൽ എത്തുന്നതിന് മുമ്പേ ചോരുന്ന ഇക്കാലത്ത് ഇത് എത്രമാത്രം സുരക്ഷിതം ?
സിനിമകൾ തിയറ്ററിൽ എത്തുന്നതിന് മുമ്പേ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഇക്കാലത്ത് ചിത്രം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ അതിനും പരിഹാരമുണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ കയ്യിൽ.
ഹൈ-ടെക്ക് സെയ്ഫ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അറയിലാണ് ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ഈ അറ 2115, നവംബർ 18 ന് തനിയെ തുറക്കാൻ പ്രോഗ്രാം ചെയ്തിരിക്കുകയാണ്. ലോകത്ത് ചിത്രത്തിന്റെ പ്രീമിയർ കാണാൻ ആകെ ആയിരം പേർക്ക് മാത്രമേ ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളു. ഈ അതിഥികൾക്ക് തങ്ങളുടെ പരമ്പരയിൽപ്പെട്ട ഒരാൾക്ക് ഈ പാസ് അഥവാ ഇൻവിറ്റേഷൻ കൈമാറാം. അങ്ങനെ കൈമാറി കൈമാറി 2115 നവംബർ 18 ന് പാസ് കൈവശമുള്ള ആയിരം പേർക്കാണ് ചിത്രത്തിന്റെ പ്രീമിയർ കാണാനുള്ള അവസരം.
100 ഇയേഴ്‌സ് എന്ന ഈ ചിത്രംവച്ചിരിക്കുന്ന ഗ്ലാസ് സെയ്ഫ് 2016 ലെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത്തരത്തിൽ നിരവധി നഗരങ്ങളിൽ പ്രദർശിപ്പിച്ച ഈ ഗ്ലാസ് സെയ്ഫ് ഇന്ന് ഇരിക്കുന്നത് ഫ്രാൻസിലെ കോഗ്നാകിലെ ലൂയിസ് XIII സല്ലറിലാണ്.
ജോൺ മാൽകോവിച്ചിന് പുറമേ ചിത്രത്തിൽ ഷുയാങ് ചാങ്, മാർകോ സരോർ എന്നിവരും വേഷമിടുന്നുണ്ട്. ക്ലോഡിയോ മിറാൻഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രം റിലീസാകുക.
നമ്മുടെ കാലത്ത് ചിത്രീകരിച്ച് നാം കാണാതെ നമ്മുടെ വരും തലമുറകൾ മാത്രം കാണാൻ സാധ്യതയുള്ള ആദ്യത്തേതും അവസാനത്തേതുമായ ചിത്രമാണ് ഇത്.
ഒരിക്കലും കാണാൻ സാധിക്കാത്ത ആ ചിത്രത്തിന്റെ മൂന്ന് ട്രെയിലറുകൾ ഇതാ….
100 years film that releases after 100 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here