സോളാര്‍ കേസ്; അന്ന് നടന്നത് മാരത്തോണ്‍ ചോദ്യം ചെയ്യല്‍

സോളാര്‍ കേസില്‍ അന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ചോദ്യങ്ങള്‍ നേരിട്ടത് ഒന്നും രണ്ടും മണിക്കൂറല്ല. പന്ത്രണ്ട് മണിക്കൂറാണ്. അത് തലസ്ഥാനത്തെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യല്‍ മാത്രം. ഇനി കൊച്ചിയിലെ സോളാര്‍ കമ്മീഷന്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന്റെ കണക്ക് കൂടിയെടുത്താല്‍ മണിക്കൂറുകളുടെ കണക്കുകള്‍ വീണ്ടും ഉയരും. അവിടെ പലപ്പോഴായി ഏകദേശം ഇരുപത്തിനാല് മണിക്കൂറാണ് ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചത്. ഒരു സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ അതേ സര്‍ക്കാറിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്ന അപൂര്‍വതയുമുണ്ടായി ആ വിസ്താരത്തിന്. എന്നാല്‍ എല്ലാ മൊഴിയെടുപ്പിലും ഉമ്മന്‍ചാണ്ടി സ്വന്തം നിലപാടില്‍ അടിമുടി ഉറച്ച് നിന്നു. കമ്മിഷൻ ജസ്റ്റിസ് ശിവരാജനിൽ തുടങ്ങി സരിതയുടേയും ബിജുരാധാകൃഷ്ണന്റേയും അഭിഭാഷകർ വരെയുള്ളവരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നിലും ആ നിലപാടുമായി ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു.
2013 ഒക്ടോബര്‍ 28 നാണ് ജസ്റ്റിസ് ജി ശിവരാജൻ കേസ് ഏറ്റെടുക്കുന്നത്. കമ്മീഷന്റെ കാലാവധി 27ന് അവസാനിക്കുകയാണ്. അതിന് മുമ്പായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്. നിരവധി പേര്‍ രംഗത്ത് എത്തിയതോടെ കേസിലെ പ്രധാന കണ്ണികളായ സരിതാ എസ് നായരുടേയും, ബിജു രാധാകൃഷ്ണന്റെയും മറ്റ് കേസുകളും ഉയര്‍ന്നു വന്നിരുന്നു.
216 സാക്ഷികളെ വിസ്തരിക്കുകയും 839 രേഖകൾ പരിശോധിച്ചുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ആറുമാസത്തെ കാലാവധി പലതവണ നീട്ടി മൂന്നര വര്‍ഷത്തിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
solar report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here