സോളാര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
ജസ്റ്റിസ് കെ ശിവരാജന്‍ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനായി കൊച്ചിയില്‍ നിന്ന് ഇന്ന് രാവിലെയാണ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. നാല് വോള്യം ഉള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് ജസ്റ്റിസ് കെ ശിവരാജന്‍ മാധ്യമപ്രവര്‍ത്തരോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2013 ഒക്ടോബര്‍ 28 നാണ് ജസ്റ്റിസ് ജി ശിവരാജൻ കേസ് ഏറ്റെടുക്കുന്നത്. കമ്മീഷന്റെ കാലാവധി 27ന് അവസാനിക്കുകയാണ്. അതിന് മുമ്പായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്. നിരവധി പേര്‍ രംഗത്ത് എത്തിയതോടെ കേസിലെ പ്രധാന കണ്ണികളായ സരിതാ എസ് നായരുടേയും, ബിജു രാധാകൃഷ്ണന്റെയും മറ്റ് കേസുകളും ഉയര്‍ന്നു വന്നിരുന്നു.
216 സാക്ഷികളെ വിസ്തരിക്കുകയും 839 രേഖകൾ പരിശോധിച്ചുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ആറുമാസത്തെ കാലാവധി പലതവണ നീട്ടി മൂന്നര വര്‍ഷത്തിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here