Advertisement

‘യുഡിഎഫുമായി സോളാര്‍ സമരവിഷയത്തില്‍ ചര്‍ച്ച നടത്താന്‍ എന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ല’; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രേമചന്ദ്രന്‍

May 18, 2024
3 minutes Read
N K Premachandran denied John Mundakkayam's statements on solar protest

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടനെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എന്‍ കെ പ്രേമചന്ദ്രന്‍. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിനായി പ്രേമചന്ദ്രനെ ചുമതലപ്പെടുത്തിയെന്ന പരാമര്‍ശം അദ്ദേഹം പൂര്‍ണമായി തള്ളി. യുഡിഎഫുമായി ചര്‍ച്ച നടത്താന്‍ തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ യുഡിഎഫ് നേതാക്കളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ എകെജി സെന്ററില്‍ എത്തിയപ്പോള്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നുവെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. (N K Premachandran denied John Mundakkayam’s statements on solar protest)

സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് തനിക്ക് ആ സമയത്ത് യാതൊരു ധാരണയുമില്ലായിരുന്നെന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ സമരം അവസാനിപ്പിക്കാമെന്ന് നേതാക്കള്‍ ധാരണയിലെത്തിയെന്നാണ് അറിഞ്ഞത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടശേഷം തീരുമാനമെടുക്കാമെന്നായിരുന്നു നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

‘ഒന്നിനെ ഡീല്‍ എന്ന് പറയണമെങ്കില്‍ രണ്ട് പക്ഷത്തുനിന്നും കൊടുക്കല്‍ വാങ്ങല്‍ നടന്നിരിക്കണം. ഒരു സമരമാകുമ്പോള്‍ പല തരത്തിലുള്ള ചര്‍ച്ചകളും നടക്കും. ഈ രണ്ട് കൂട്ടരും തമ്മില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ നടന്നാലേ അതിന് എന്തെങ്കിലും തരത്തിലുള്ള വാര്‍ത്താ പ്രാധാന്യമുണ്ടാകൂ. അങ്ങനെ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ നടന്നതായുള്ള ആക്ഷേപങ്ങള്‍ പൊതുമണ്ഡലത്തിലില്ല’. പ്രേമചന്ദ്രന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഡീല്‍ നടന്നോ എന്ന് ചോദിച്ചപ്പോള്‍ അത്തരം ആരോപണങ്ങള്‍ ആരും ഔപചാരികമായി പറഞ്ഞിട്ടില്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സിപിഐഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകനും എംപിയുമായ ജോണ്‍ ബ്രിട്ടാസ് ഒത്തുതീര്‍പ്പിനായി തന്നെ വിളിച്ചുവെന്ന് ജോണ്‍ മുണ്ടക്കയം ‘സോളാര്‍ ഇരുണ്ടപ്പോള്‍’ എന്ന ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നു. സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുത്തത് സിപിഐഎമ്മെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചതുകൊണ്ടാണെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

Story Highlights : N K Premachandran denied John Mundakkayam’s statements on solar protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top