ഭീതി വിതയ്ക്കുന്ന എടിഎം കൗണ്ടറുകൾ

പണമിടപാടുകൾ വർദ്ധിച്ചതിനനുസരിച്ച് എടിഎം കൗണ്ടറുകളുടെ എണ്ണവും കൂടിയതോടെ ഒരോ കൗണ്ടറുകൾക്ക് മുമ്പിലും ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ പിൻവലിക്കുകയാണ് ലഭക്കൊതിയരായ ബാങ്കുകൾ ചെയ്തത്.
എന്നാൽ നിലവിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന എടിഎം കൗണ്ടറുകളിൽ കയറി പണമെടുക്കുന്നവരുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകയാണ്. പട്ടാപ്പകൽ പോലും കൗണ്ടറുകളിൽ ഒറ്റയ്ക്ക് കയറാനാകുന്നില്ലെന്ന് ഒരു യുവതി പരാതി പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.
കഴിഞ്ഞ ദിവസം കൊച്ചിയിലെ എടിഎം കൗണ്ടറിനുള്ളിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നതുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് അന്വേഷണം നടത്തി വരികയാണ്. പണം പിൻവലിയ്ക്കാൻ എടിഎം കൗണ്ടറിൽ കയറിയ യുവതിയെ ആക്രമിക്കാനായി അജ്ഞാതൻ ശ്രമിച്ചത് സുരക്ഷയുടെ കാര്യത്തിൽ ബാങ്കുകൾ പുലർത്തുന്ന കുറ്റകരമായ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
എടിഎമ്മുകളിൽ എല്ലാം സിസിടിവി ക്യാമറയുണ്ടെങ്കിലും ഇവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നില്ലാ എന്നത് ഗുരുതരമായ അവസ്ഥയാണ്. യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്ന കടവന്ത്രയിലെ യൂണിയൻ ബാങ്കിന് മീറ്ററുകൾ ദൂരെ മാത്രമുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തോട് ചേർന്നുള്ള എസ്ബിഐ ഫെഡറൽ ബാങ്ക് എടിഎമ്മുകൾ ലഹരിമരുന്നിന് അടിമയായി മദോന്മത്തരായവരുടെ സ്ഥിരം കേന്ദ്രമാണെന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം. എടിഎം ഇടപാടി
പണമെടുക്കാൻ എത്തുന്നവർക്ക് മുമ്പിലേക്ക് അസഭ്യ വർഷവുമായി ഇത്തരക്കാർ എത്തുന്നുവെന്ന് തുടർച്ചയായി പരാതി ഉയരുന്നുണ്ട്. എടിഎം കൗണ്ടറുകളിലെ സിസിടിവി ക്യാമറകൾ പരിശോധനാ വിധേയമാക്കുന്നുണ്ടെങ്കിൽ ഇത്തരക്കാരെ ബാങ്ക് കണ്ടെത്തേണ്ട സമയം കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയമാണ് പല ഉപഭോക്താക്കളും ഉന്നയിക്കുന്നത്.
ഇത് കടവന്ത്രയിലേയൊ കൊച്ചിയിലെയോ മാത്രം പ്രശ്‌നമല്ല. പണമിടപാടുകൾ ഡിജിറ്റലാക്കുകയും പ്ലാസ്റ്റിക് മണിയെ പ്രോത്സാഹിക്കുകയും ചെയ്യുന്ന ബാങ്കുകൾ തങ്ങളുടെ എടിഎം കൗണ്ടറുകളെ ഗൗരവത്തിലെടുക്കുന്നില്ല എന്നതാണ് സത്യം. എ സിയുടെ തണുപ്പ് പറ്റാൻ കയറുന്നവർ, മഴയത്ത് ഒതുങ്ങി നിൽക്കുന്നവർ, മദ്യലഹരിയിലായവർ, ലൈംഗിക വൈകൃതങ്ങൾക്ക് അടിമപ്പെട്ടവർ തുടങ്ങിയവർക്ക് എടിഎം കൗണ്ടറുകളെ തീറെഴുതിയവർ ആരൊക്കയാണ് ?
കേരളത്തിലെ എടിഎമ്മുകളിൽ ബഹുഭൂരിപക്ഷവും രാത്രികാലങ്ങളിൽ യാചകരുടെ കിടപ്പറയാണെന്ന് അധികാരികൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അമ്പലത്തിന് മുമ്പിൽ ഭിക്ഷാ പാത്രവുമായി ഇരിക്കുന്നതുപോലെ പകൽ എടിഎമ്മിന് മുമ്പിലും ഭിക്ഷാടകർ നിരന്നിരിക്കുന്ന കാഴ്ച കാണാനും ബാങ്ക് അധികൃതരുടെ അനാസ്ഥ അവസരമൊരുക്കുന്നുണ്ട്.
നാഷണൽ ബാങ്കിന്റെ പ്രധാന ശാഖയോട് ചേർന്നുള്ള എടിഎമ്മിൽ വച്ചാണ് യുവതിയ്ക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കാൻ ശ്രമം നടന്നത്. ബാങ്കിന്റെ സെക്യൂരിറ്റിയ്ക്ക് പോലും തൊട്ടടുത്തുള്ള എടിഎം കൗണ്ടറിലേക്ക് ശ്രദ്ധയില്ലെന്നതല്ലേ ഇത് വ്യക്തമാക്കുന്നത്. എങ്കിൽ എന്ത് സുരക്ഷിതത്വമാണ് സ്വന്തം പണമെടുക്കാൻ കൗണ്ടറിലെത്തുന്നവർക്ക് ലഭിക്കുന്നത്.
എടിഎം മെയിന്റനൻസ് എന്ന പേരിൽ 200 രൂപയിൽ മുകളിലാണ് ഓരോ ഉപഭോക്താവിൽനിന്നും ബാങ്കുകൾ വാർഷാ വർഷം ഈടാക്കുന്നത്. ഈ തുകയിൽനിന്ന് കൗണ്ടറുകളുടെ സെക്യൂരിറ്റി ആവശ്യത്തിന് ബാങ്ക് എത്ര രൂപ ചിലവഴിക്കുന്നുണ്ടാകും…! കൗണ്ടറിൽ അറിയാതെ കയറി പോയാലും അക്കൗണ്ടിൽ നിന്ന് പണം പിടുങ്ങുന്നവർ ഇക്കാര്യം മനസ്സിൽ വച്ചാൽ നല്ലത്.
ലൈംഗികാതിക്രമത്തെ മാത്രമല്ല, പണം നഷ്ടപ്പെടുന്നതിനെ കുറിച്ചും ആശങ്ക വർദ്ധിക്കുകയാണ്. ബാങ്കിൽനിന്ന് പണമെടുത്ത് പുറത്തിറങ്ങുമ്പോഴായിരിക്കും തൊട്ടടുത്ത് നിൽക്കുന്ന അജ്ഞാതൻ കയ്യിലെ പേഴ്‌സോ ബാഗോ തട്ടിപ്പറിച്ച് രക്ഷപ്പെടുന്നത്. സിസിടിവി ക്യാമറകൾ കൗണ്ടറിനകത്ത് മാത്രം സ്ഥാപിച്ചിട്ടുള്ള എടിഎമ്മുകളാണ് കേരളത്തിലേത് മിക്കവയും എന്നതുകൊണ്ടുതന്നെ ഇത് ആരെന്ന് കണ്ടെത്തുക എളുപ്പമാകില്ല. എടിഎം കൗണ്ടറുകളിലെ സുരക്ഷാ വീഴ്ച കാരണം ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി പണം ഓൺലൈനായി കൊള്ളയടിക്കപ്പെട്ട സംഭവങ്ങൾ നടന്നിട്ട് ഒരു വർഷം പിന്നിടുന്നതേയുള്ളൂ എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here