ചിറയന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; രണ്ടാം പ്രതിയും അറസ്റ്റില്‍

ചിറയന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാം പ്രതി ശ്രീജിത്ത് അറസ്റ്റില്‍. ഒന്നാം പ്രതി അനന്തു അടക്കം നാല് പേരെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന ശ്രീജിത്ത് കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ തിരിച്ച് വിദേശത്തേക്ക് കടന്നുവെന്ന കണക്കുകൂട്ടലിലായിരുന്നു പോലീസ്. എന്നാല്‍ വിമാത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ തിരിച്ച് പോയിട്ടില്ലെന്ന് കണ്ടെത്തി.
ഒരു ബന്ധുവീട്ടില്‍ നിന്ന് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഇന്ന് വൈകിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ 13ന് വൈകീട്ട് അഞ്ചിന് മുടപുരം ജങ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സുമുണ്ടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുവരും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കേസ് എടുക്കുന്നതും പ്രതികളെ പിടികൂടുന്നതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here