ദിലീപിന് ഇത്തവണ ജാമ്യം ലഭിക്കുമോ ?

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതി ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ അഞ്ച് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് നാളുകൾ നീണ്ട നിന്ന അന്വേഷണത്തിനൊടുവിൽ ജൂൺ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടേയും രംഗപ്രവേശം നടക്കുന്നത്. പൾസർ സുനി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച ദിലീപ്, തന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയും തമ്മിലുള്ള ഫോൺ സംഭാഷണവും ദിലീപ് വൃത്തങ്ങൾ പുറത്തുവിട്ടു.
ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്.
തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല.
ശേഷം ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ദിലീപ് ജാമ്യാപേക്ഷ നൽകിയെങ്കിലും, ദിലീപിന് കോടതി ജാമ്യം നിഷേധിച്ചു. ശേഷം അഞ്ച് തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പിറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഇന്നത്തെ വിധി ദിലീപിന് ഏറെ നിർണ്ണായകമാണ്. ദിലീപിന് ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ് പ്രതിഭാഗം. കേസിൽ ഇതുവരെ അന്വേഷണം കഴിയാറായില്ലേ എന്ന അന്വേഷണ സംഘത്തോടുള്ള കോടതിയുടെ ചോദ്യമാണ് പ്രതിഭാഗത്തിന് ആത്മവിശ്വാസം പകരുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വിധിക്കായി അക്ഷമരായി കാത്തിരിക്കുകയാണ് കേരള ജനത.
will dileep get bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here