അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കേണ്ട; മെർസലിനെ പിന്തുണച്ച് വിജയ് സേതുപതി

vijay sethupathi

വിജയ് ചിത്രം മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ് സേതുപതി. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെ സംഘപരിവാർ നടപ്പാക്കുന്ന അജണ്ട വൻ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്നാണ് സേതുപതിയുടെ പ്രതികരണം. ശബ്ദം ഉയരേണ്ട സമയമായെന്നും മെർസലിനെ പിന്തുണച്ച് സേതുപതി
ട്വിറ്ററിൽ കുറിച്ചു.

കമൽഹാസ്സൻ, പാ രഞ്ജിത്ത്, രാഹുൽ ഗാന്ധി, അരവിന്ദ് സ്വാമി, ഖുശ്ബു തുടങ്ങി നിരവധി പേരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ബിജെപിയുടെ കടന്നാക്രമണത്തെ ചെറുത്ത് രംഗത്തെത്തിയിരിക്കുന്നത്.

മെർസൽ സർട്ടിഫൈ ചെയ്തതാണെന്നും അതിനാൽ ഇനിയൊരു സെൻസറിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് കമൽ ഹാസൻ രംഗത്തെത്തിയത്. അഭിപ്രായങ്ങൾ പറയുമ്പോൾ മാത്രമാണ് ഇന്ത്യ തിളങ്ങുന്നത്. സിനിമയ്‌ക്കെതിരായ ഇത്തരം പരാമർശങ്ങളിൽ പ്രതികരിക്കുക തന്നെ വേണമെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

മെർസലിൽ ബിജെപിയുടെ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ എന്നീ നയങ്ങളെയും ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചതുമെല്ലാം പരാമർശിക്കുന്നുണ്ട്.

സർക്കാരിനെതിരായ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇത് അംഗീകരിച്ചിരുന്നില്ല. തുടർന്ന് വിജയ്‌ക്കെതിരെ ആരോപണങ്ങളുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ഇതിന് വിജയ് ആരാധകർ തന്നെ മറുപടി നൽകിയിരുന്നുവെങ്കിലും ഒടുവിൽ ചിത്രത്തിലെ അത്തരം രംഗങ്ങൾ എടുത്തുമാറ്റുന്നതായി നിർമ്മാതാക്കൾ ബിജെപിയെ അറിയിച്ചു.

‘7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കിൽ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന മെർസലിലെ ഡയലോഗ് ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.

‘കോടികൾ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം’ എന്ന ഡയലോഗിൻ വൻ പ്രചാരണമാണ് ലഭിക്കുന്നത്. മോഡി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top