ഐവി ശശി; താരങ്ങളേയും ഹിറ്റുകളേയും മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍

ഒരു കാലത്ത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന, നിരവധി സൂപ്പർ താരങ്ങളെയും, ഹിറ്റുകളും മലയാള സിനിമയക്ക് സമ്മാനിച്ചിരുന്ന അതുല്യ സംവിധായകനായിരുന്നു ഐവി ശശി. മലയാള സിനിമ ഐവി ശശിക്ക് മുമ്പും പിൻപുമായി ചരിത്ര ലിപികളാൽ എഴുതപ്പെട്ടിരിക്കുന്നു.
ഐവി ശശി സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. അവളുടെ രാവുകൾ പോലുള്ള ചിത്രങ്ങളെടുക്കാൻ ധൈര്യം കാണിച്ച സംവിധായകൻ കൂടിയായരുന്നു ഐവി ശശി.
സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഏകദേശം നൂറ്റിയമ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.
1968ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു സിനിമ മേഖലയിലേക്ക് അദ്ദേഹം ചുവടുവെച്ചത്. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.
ശേഷം തന്റെ ഇരുപത്തിഏഴാം വയസ്സിലാണ് അദ്ദേഹം ആദ്യചലച്ചിത്രം ‘ഉത്സവം’ സംവിധാനം ചെയ്യുന്നത്. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വൻവിജയമായിരുന്നു.
പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ മാറ്റങ്ങളുടെ ചരിത്രത്തിന് തുടക്കം കുറിച്ചു. ഈ സിനിമ പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തിൽ പെട്ട ഒരു സിനിമകൂടിയായിരുന്നു അവളുടെ രാവുകൾ.
ഇതേ ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ചിത്രത്തിലെ നായിക സീമയുമായി അദ്ദേഹം അടുപ്പത്തിലാകുന്നതും.
1982 ൽ ആരൂഡം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിന്നീട് രണ്ട് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറ് ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇതിന് പുറമെ 2014 ലെ ജെസി ഡാനിയേൽ പുരസ്‌കാരവും, 2013, 2014 എന്നീ വർഷങ്ങളിൽ ലൈഫ് ടൈം അച്ചീവ്‌മെന്റെ അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
കോടികൾ മുടക്കുമുതൽ വരുന്ന ഐവി ശശിയുടെ മറ്റൊരു ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ നടക്കവെ പൊടുന്നനെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇതോടെ കേരളക്കരയ്ക്ക് നഷ്ടമായത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ മഹാസംവിധായകനെ…
IV sasi an irreplaceable loss to film industry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here