ഇരുട്ടിലെത്തിയ പരിഷ്‌ക്കാരം ഇരുട്ടടിയായി

demonetization effects and aftereffects

കള്ളപ്പണക്കാരെയും,കള്ളനോട്ടടിക്കാരെയുമൊക്കെ ഇല്ലാതാക്കുമെന്നറിയിച്ച് ,നാടകീയത തെല്ലും ചോരാതെ, സെന്റിമെന്റ്‌സ് പാകത്തിലും വളരേ കൂടുതൽ ചേർത്ത്, സാമ്പത്തിക ശാസ്ത്രം പാടെ ഒഴിവാക്കിക്കൊണ്ട് 2016 നവംബർ 8നു പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് ഒരു വയസ്.പോയവർഷം തിരിഞ്ഞുനോക്കി ഒരവലോകനത്തിന് മുതിരുമ്പോൾ ഇതു വേണ്ടി വന്നല്ലോയെന്ന് സ്വയം പുച്ഛം തോന്നുന്നു. കള്ളപ്പണത്തിനു പുറമേ കള്ളനോട്ടു കൂടി മാറ്റിയെടുത്ത ഒരു കൂട്ടർ, ചക്കിനു വെച്ചത് കൊക്കിനു കൊണ്ടെന്ന് പറയും പോലെ കള്ളന്മാർക്ക് വെച്ചതിന്റെ ദുരിതം പേറുന്ന ഒരു കൂട്ടർ , സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എന്താണെന്നു പോലും മനസിലാക്കാനാവാത്ത സാമ്പത്തിക നിരക്ഷരരായ മറ്റൊരു കൂട്ടർ- രാത്രിയിൽ വന്ന പരിഷ്‌ക്കാരത്തിന്റെ ആകെത്തുക.

ഭാവിയിൽ ഇരുട്ടടിയായേക്കാവുന്ന നടപടികളായതുകൊണ്ടോ എന്തോ – കൃത്യം രാത്രി തന്നെയാണ് ഇത്തരം പരിഷ്‌ക്കാരങ്ങൾക്ക് പ്രധാനമന്ത്രി തെരഞ്ഞെടുക്കുന്നത്. നോട്ടസാധുവാക്കലും,ജിെസ്ടിയുമൊക്കെ ജനങ്ങളിലേക്ക് വാരിവിതറിയത് ഇരുട്ടിന്റെ മറവിലായിരുന്നല്ലോ .വെളിച്ചത്ത് കൊണ്ടുവരാൻ പറ്റിയ നയങ്ങളൊന്നുമില്ല ഈ സർക്കാരിനെന്നു ശങ്കിച്ചാൽ തെറ്റു പറയാമോ .കുറച്ചു സാധുക്കൾ തങ്ങളുടെ സാധുവായ വോട്ടുകൾ നൽകി പരമോന്നത പദവിയിലെത്തിച്ചപ്പോൾ ,അവരുടെ കയ്യിലുള്ള നോട്ടുകൾ അസാധുവാക്കി ഉത്തരം നൽകുകയായിരുന്നോ സർക്കാർ ?

currency ban

ഇന്ത്യയുടേത് ഒരു ബ്രഹ്മാണ്ഡ സമ്പദ് വ്യവസ്ഥയാണ്. (ആയിരുന്നു എന്നു പറയേണ്ടി വരരുതെന്നാണ് പ്രാർത്ഥന ) അത്തരമൊരു സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുമ്പോൾ മുന്നൊരുക്കങ്ങൾ, അനുഭവപരിചയം, ധനതത്വ ശാസ്ത്രത്തിലെ ആഴമേറിയ അറിവ്, കൃത്യത ഇവയൊക്കെ അത്യാവശ്യമാണ്. ലക്ഷം കോടികളുടെ മൂല്യമുള്ള ഒരു സമ്പദ് വ്യവസ്ഥയിലെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യാൻ സാധാരണ സാമർത്ഥ്യം പോരാ ന്നെ് അത്യാവശ്യം സാമ്പത്തിക ബോധമുള്ളവർക്ക് അറിയാം. നിയമബിരുദധാരിയായ ്‌രുൺ ജയ്റ്റ്‌ലിക്ക് ധനകാര്യം നന്നായി കൊണ്ടുപോകാൻ പരിമിതി ഉണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.മൻമോഹൻ സിങ്ങും, ഫിനാൻസിൽ എംബിഎ ഉള്ള പി.ചിദംബരവും കൈകാര്യം ചെയതിരുന്ന ബൃഹദ് ചുമതല ജയ്റ്റ്‌ലിയെ ഏൽപ്പിച്ചത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയായി. അതുകൊണ്ട് തന്നെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളിൽ വ്യക്തമായ അഭിപ്രായമോ ,ശക്തമായ സാന്നിദ്ധ്യമോ ഇല്ലാതെ സൈലന്റ് മോഡിലാണ് ധനമന്ത്രി. നോട്ടുനിരോധനത്തിൽ പോലും എത്രമാത്രം പങ്കാളിത്തം അദ്ദേഹത്തിനുണ്ടായിരുന്നെന്ന കാര്യം സംശയമാണ്.

currency ban demonetization effects and aftereffects

ഒരു പിടി കള്ളങ്ങൾ കൊണ്ട് 132 കോടി ജനങ്ങളുടെ കണ്ണിൽ മണ്ണിടുന്നതാണ് പിന്നീട് കാണാൻ സാധിച്ചത്. നോട്ടസാധുവാക്കൽ ഓ#രു വർഷം പിന്നിടുമ്പോഴും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ തുടരുന്നു. ഹ്രസ്വകാലത്തിൽ കുഴപ്പങ്ങളുണ്ടായാലും, ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ കള്ളപ്പണക്കാരെല്ലാം കുത്തുപാളയെടുത്ത് നടക്കുന്ന -കർഷകരും സാധാരണക്കാരും ,ചെറുകിട വ്യവസായികളുമൊക്കെ വരുമാന വർധനയാൽ ആനന്ദ തുന്ദിലരായി നൃത്തം വെക്കുന്ന ഒരു സമ്പദ് വ്യവസ്ഥ – അതായിരുന്നല്ലോ നോട്ടസാധുവാക്കലിന്റെ ആദ്യവാഗ്ദാനം. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് വിവരമുള്ളോരൊക്കെ അന്നേ പറഞ്ഞിരുന്നു. നാടോടിക്കഥകളിൽ ദരിദ്രയായ പെൺകുട്ടിയെ രാജകുമാരൻ വിവാഹം കഴിക്കുന്നതും, ഒരു മാന്ത്രിക വടികൊണ്ട് കുടിൽ കൊട്ടാരമാക്കുന്നതുമൊക്കെ വായിച്ച പരിചയത്തിലുള്ള ഒരു പരിഷ്‌ക്കാരമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് തോന്നുന്നു. മാളിക മുകളേറിയ മന്നന്മാരുടെയെല്ലാം തോളിൽ മാറാപ്പു കേറ്റി, അവരുടെ കയ്യിലുള്ള സ്വത്തൊക്കെ പിടിച്ചു വാങ്ങി പാവപ്പെട്ടവർക്കു നൽകി അവരെയൊക്കെ കൊട്ടാരങ്ങളിലെത്തിക്കുന്ന സുന്ദര സുരഭില സ്വപ്നം. പക്ഷേ വർഷങ്ങളായി കള്ളപ്പണത്തിലും, നികുതി തട്ടിപ്പിലുമൊക്കെ ആറാടി സമ്പത്ത് വാരിക്കൂട്ടിയവർ ജനസംഖ്യയുടെ എത്ര ശതമാനം വരും . അവരുടെ എണ്ണം കുറവും , വരുമാനം വലുതുമാണ്. ആ ചെറിയ ശതമാനം ജനങ്ങൾ തങ്ങളുടെ കുരുട്ടുബുദ്ധിയുപയോഗിച്ച് വർഷങ്ങൾ കൊണ്ടാർജ്ജിച്ചെടുത്ത സമ്പത്ത് ഒറ്റയടിക്ക് ഇല്ലാതാക്കാമെന്ന് ഭരണാധികാരികൾ ചിന്തിച്ചെങ്കിൽ അത് അവരെ തീർത്തും അണ്ടർ എസ്റ്റിമേറ്റ് ചെയ്തതുപോലെയായി. കള്ളപ്പണക്കാർ ഇപ്പോഴും കള്ളപ്പണക്കാരായിത്തന്നെ തുടരുന്നു.

കള്ളപ്പണം പൂട്ടി പെട്ടിയിൽ വെച്ചിരിക്കുന്നോരാണ് ഭൂരിപക്ഷവും, അതുകൊണ്ട് തന്നെ അവരുടെ പെട്ടിയിലിരിക്കുന്ന അസാധു നോട്ടുകൾ പെട്ടിയോടെ കത്തിച്ചുകളയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന പ്രതീക്ഷ. അങ്ങനെ ഏകദേശം 4 ലക്ഷം കോടിയോളം നോട്ടുകൾ തിരികെ വരില്ലെന്നും,തിരികെ വരില്ലെന്നും ,തിരികെ വരാത്ത അത്രയും അത്രത്തോളം നോട്ടുകൾ പുതുതായി അച്ചടിച്ച് ഖജനാവ് നിറയ്ക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. കള്ളപ്പണക്കാരനെ ശശിയാക്കാനിറങ്ങിയിട്ട് ഇപ്പോൾ സംഭവിച്ചതെന്താണെന്ന് ചെറിയൊരു ശതമാനത്തിനെങ്കിലും മനസിലായിട്ടുണ്ട്.

ബോയിങ് ബോയിങിലെ ജഗതിയുടെ കഥാപാത്രത്തെപ്പോലെ ഒരു ബോംബ്…..രണ്ട് ബോംബേ….എന്ന് പറഞ്ഞ് ജനങ്ങൾക്കിടയിലേക്ക് വർഷിച്ച പരിഷ്‌ക്കാരം ഹിരോഷിമയിലേയും , നാഗസാക്കിയിലേയും അണുസ്‌ഫോടനം പോലെ അതിന്റെ ദൂഷ്യവികിണങ്ങൾ തുടർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്ടി എന്ന ബോംബ് കൂടിയെടുത്ത് പ്രയോഗിക്കാനുള്ള ധൈര്യം കൂടി സർക്കാർ കാണിച്ചപ്പോൾ കാര്യങ്ങൾക്ക് ഏകദേശം തീരുമാനമായി. ഇനി ഈ പരിഷ്‌ക്കാരത്തിന്റെ അവകാശവാദങ്ങളും,യഥാർത്ഥത്തിൽ സംഭവിച്ചതും താരത്മ്യം ചെയ്ത് ഒരവലോകനം നടത്തിയാൽ താഴെപ്പറയും വിധമുളള തലക്കെട്ടുകളാവും ലഭിക്കുക.

currency ban demonetization effects and aftereffects

1. ജിഡിപി അഥവാ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവ് –

നല്ല വേഗതയിൽ മികച്ച പ്രകടനവുമായി സമ്പദ് വ്യവസ്ഥ മുന്നോട്ടു പൊയക്കൊണ്ടിരികക്ുമ്പോഴായിരുന്നു ഈ പരിഷ്‌ക്കാരം. 7-8% വളർച്ചാനിരക്ക്, വ്യാവസായിക-സേവന മേഖലകളിലെ ഉണർവ്, കരുത്തുറ്റ ഓഹരി വിപണി, മെച്ചപ്പെട്ട മൂല്യമുള്ള കറൻസി, ആശാസ്യമായ ധനക്കമ്മിയും, കറന്റ് അക്കൗണ്ട് കമ്മിയും, കുറഞ്ഞ വിലക്കയറ്റ നിരക്ക്, മികച്ച വിദേശ നാണ്യ കരുതൽശേഖരം….അങ്ങനെ എല്ലാ വിധത്തിലും ആരോഗ്യകരമായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2016 നവംബർ 8 നു മുൻപുളള ദിവസങ്ങളിൽ. അവിടന്ന് സമ്പദ് വ്യവസ്ഥയെ വെന്റിലേറ്റർ വരെയെത്തിക്കാൻ കഴിഞ്ഞതാണ് നോട്ടസാധുവാക്കലിന്റെ ഒന്നാമത്തെ ദൂഷ്യഫലം. 7.1% ത്തിൽ നിന്ന് 4ാം പാദത്തിലെ വളർച്ചാനിരക്ക് കുറഞ്ഞത് 6.1% ലേക്ക്. കൃത്യം 1% ത്തിന്റെ കുറവ്. അതായത് ഒരു ലക്ഷം കോടി രൂപ. വരുമെന്ന് വിചാരിച്ച 4 ലക്ഷം കോടിയോ കിട്ടിയില്ല, കയ്യിലുണ്ടാവുമായിരുന്ന 1 ലക്ഷം കോടി പോയിക്കിട്ടുകയും ചെയ്തു. ഒരു പാദത്തിൽ മാത്രം ജനങ്ങളുടെ ക.യ്യിൽ നിന്ന് കുറഞ്ഞത് 1 ലക്ഷം കോടി. ഇനി 2017 ലെ ആദ്യപാദം നോക്കിയാലോ പല വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7%. വീണ്ടും 40,000 കോടിയുടെ കുറവ്. ഇത്രയുമായിട്ടും പ്രധാനമന്ത്രി പറയുന്നത് ഹ്രസ്വകാലത്തിൽ വളർച്ച കുറഞ്ഞാൽ വലിയ പ്രശ്‌നമൊന്നുമില്ലെന്നാണ്. കുറവുണ്ടായ തുക കണക്കിലെടുത്താൽ യാഥാർത്ഥ്യ ബോധമുള്ള ഒരാൾക്കും അങ്ങനെ ചിന്തിക്കാനാവില്ല. ഫിനിഷിങ് പോയിന്റിലേക്കടുക്കുന്ന ഓട്ടക്കാരന് സെക്കന്റിന്റെ ആയിരത്തിലൊരംശം പോലും വിലപ്പെട്ടതാണ്. ഫിനിഷിങ്ങിലെത്തുന്നതിനു മുൻപ് അയാളുടെ കാലു തല്ലിയൊടിച്ചാലോ – എത്ര കഴിവുള്ള വ്യക്തിയാണെങ്കിലും അവൻ ഇഴഞ്ഞെത്തുമ്പോഴേക്കും എതിരാളി സമ്മാനവുമായി ട്രാക്ക് വിട്ടുകഴിയും. ഇതുതന്നെയാണ് നമ്മുടെ സാമ്പത്തികരംഗത്തും സംഭവിച്ചത്.

2. ചെറുകിട വ്യാപാരികളും, നിർമ്മാണ മേഖലയിലുള്ളവരും തകർന്നടിഞ്ഞു-

നോട്ടസാധുവാക്കൽ ഏറ്റവും വലച്ചത് ഈ വിഭാഗത്തെയാണ്. നിർമ്മാണ രംഗം മാത്രം രേഖപ്പെടുത്തിയത് 3.7 % ഇടിവാണ്. മുൻപാദത്തിൽ 3.4 % വളർച്ച നേടിയ സ്ഥാനത്താണ് ഈ ദയനീയ പ്രകടനം. നിർമ്മാണ മേഖലയിലെ ചെറുകിട സംരംഭങ്ങൾ പലതും തകർന്നടിഞ്ഞു. തൊഴിലാളികൾക്ക് തൊഴിലോ, കയ്യിൽ പണമോ ഇല്ലാത്ത അവസ്ഥ സംജാതമായി. വാർത്തകൾ പരിശോധിച്ചാലറിയാം നവംബർ 8 നു ശേഷം മാത്രം കേരളത്തിൽ പൂട്ടിക്കെട്ടിയ ബിൽഡേഴ്‌സിന്റെ ചിത്രം. ഇതോടൊപ്പം ജിഎസ്ടിയിൽ നിർമ്മാണ വസ്തുക്കളുടെ പലതിന്റെയും നികുതി 28 % സ്ലാബിലേക്കു മാറ്റിയതോടെ വിട് എന്നതും ജാഗ്വാറും, ബഎംഡബഌയുമൊക്കെ പോലെ ആഢംബരമായി മാറി. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വ്യാപാരം നടക്കുന്നില്ല. കൊച്ചി നഗരത്തിന്റെ പലഭാഗത്തും പമിതുടങ്ങിയ ശേഷം നിലച്ച് പായൽ പിടിച്ചു കിടക്കുന്ന നിരവധി പ്രോജക്ടുകൾ കാണാം. നോട്ടസാധുവാക്കലിന്റെ ആദ്യമാസങ്ങളിൽ കച്ചവടം പകുതിയായി കുറഞ്ഞതായാണ് കച്ചവടക്കാരുടെ അനുഭവ സാക്ഷ്യം. ഏപ്രിൽ മുതൽ ഒന്നു മെച്ചപ്പെട്ടു വന്നപ്പോഴേക്കും വീണ ജിഎസ്ടി ബോംബിൽ കിതയ്ക്കുകയാണവരിന്ന്. പൂട്ടിപ്പോയ ബിസിനസുകളുടെ കണക്കെടുത്താൽ മനസാക്ഷിയുള്ളവരുടെ കണ്ണു നിറയും. എത്രപേരുടെ ജീവനോപാധിയാണ് ഇല്ലാതായത്.

3. സർക്കാരിന് കേന്ദ്രബാങ്ക് നൽകുന്ന ഡിവിഡന്റ് പകുതിയായി-

demonetization effects and aftereffects

എല്ലാ വർഷവും ചെലവുകൾ കിഴിച്ച് കേന്ദ്രബാങ്ക് സർക്കാരിന് നൽകിയിരുന്ന ഡിവിഡന്റ് പകുതിയിലും താഴെയായി കുറഞ്ഞു. മുൻവർഷം 65,876 കോടി രൂപ ഡിവിഡന്റായി നൽകിയ സ്ഥാനത്ത് ഇത്തവണ ആർബിഐ നൽകിയത് വെറും 30,659 കോടി രൂപ. സർക്കാർ 2017-18 ബജറ്റിൽ പ്രതീകഅഷിച്ച ഡിവിഡന്റ് ഇതുമായി തട്ടിച്ചു നോക്കിയാൽ അത്യാഗ്രഹമെന്നു പറയേണ്ടി വരും. 74,901.25 കോടി രൂപയായിരുന്നു ബജറ്റിൽ പ്രതീക്ഷ . 44,242 കോടിയുടെ കുറവ് ബജറ്റിന്റെ താളം തെറ്റിക്കും. നോട്ടസാധുവാക്കലിന് ശേഷം പുതിയ നോട്ടുകൾ അച്ചടിക്കാനുണ്ടായ ചെലവ് ഓർക്കാപ്പുറത്ത് വന്നത് ആർബിഐയുടെ മൊത്തം ചെലവ് കൂട്ടി. പുതിയ 500 രൂപ നോട്ടൊന്നിന് 3.09 രൂപയും , 2,000 രൂപയ്ക്ക് 3.77 രൂപയും അച്ചടിച്ചെലവ് മാത്രമായെന്ന് ആർബിഐ പറയുന്നു. ഇതിനു പുറമേ യുദ്ധകാലാടിസ്ഥാനത്തിൽ നോട്ടുകൾ വിവിധ സ്ഥലങ്ങളിലെത്തിക്കാനും, 50,000 എഞ്ചിനീയർമാരെ ഉപയോഗിച്ച് എടിഎമ്മുകൾ കാലിബറേറ്റ് ചെയ്യാനും,ബാങ്ക് ഉദ്യോഗസ്ഥർക്കും ,ആർബിഐ ജീവനക്കാർക്കും അധിക ഷിഫറ്റുകൾ ജോലി ചെയ്യതിന്റെ പ്രതിഫലം നൽകാനുമൊക്കെയായി കേന്ദ്രബാങ്കിനും, സർക്കാരിനും ,ബാങ്കുകൾക്കമൊക്കെയായി ചെലവായത് കോടികൾ.

4. ബാങ്കുകൾക്കുണ്ടായ ബാധ്യത-

പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന സ്ഥിതിയിലായി ബാങ്കുകൾ. 8 ലക്ഷം കോടിയുടെ കിട്ടാക്കടത്തിലാണ് പൊതുമേഖലാ ബാങ്കുകൾ.ഇതോടൊപ്പം വായ്പാ വളർച്ച ഏറ്റവും കുറഞ്ഞ നിരക്കായ 5.5 % ത്തിലെത്തി. അപ്പോഴാണ് പ്രധാനമന്ത്രിയുടെ വക എട്ടിന്റെ പണി. നാട്ടുകാരൊക്കെ ഉള്ള കാശൊക്കെ ബാങ്കുകളിൽ നിക്ഷേപിച്ചതോടെ അധിക നിക്ഷേപത്തിന് പലിശ നൽകണ്ട ബാധ്യതയിലായി ബാങ്കുകൾ. ഇത് 14,000 കോടിയോളം വരുമെന്നാണ് മുൻ ആർബിഐ ഗവർണർ ഡോ രഘുറാം രാജൻ പറഞ്ഞത്. നിഷ്‌ക്രിയാസ്തിയോടൊപ്പം നിക്ഷേപ പലിശ കൊടുക്കേണ്ടി വരുന്നതും വായ്പ കുറഞ്ഞതും ബാങ്കുകൾക്ക് അധിക ബാധ്യതയായി. നവംബർ 8 നു ശേഷം ജീവനക്കാർക്കുണ്ടായ സമ്മർദ്ദം വേറെ.

5. കാർഷിക മേഖലയിലെ പ്രതിസന്ധി-

demonetization effects and aftereffects

ആലിൻ കായ പഴുത്തപ്പോൾ കാക്കയ്ക്ക വായിൽപ്പുണ്ണ് എന്നു പറഞ്ഞ ഗതിയായിരുന്നു കർഷകർകർക്ക്. പലർക്കും ലഭിച്ചത് മികച്ച വിളവ്. പക്ഷേ വിപമിയിൽ സാധനങ്ങളെത്തിച്ചപ്പോൾ വാങ്ങേണ്ടവരുടെ കയ്യിൽ പണമില്ലാതായി. രാജ്യത്തിന്റെ പലഭാഗത്തും കർഷകർ ലിറ്റർ കണക്കിന് പാൽ റോഡിലൊഴുക്കിയും, വിളകൾ കത്തിച്ചുകളഞ്ഞും പ്രതിഷേധിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം വിസർജ്ജ്യം ഭക്ഷിച്ചുപോലും അവർ സമരം ചെയ്തു. സമരരീതി നോക്കിയാൽ മാത്രം മനസ,ിലാകും നോട്ടു നിരോധനം കർഷകർക്കേൽപ്പിച്ച പരിക്ക്.

6. ജനങ്ങളുടെ സാമ്പത്തിക മന ശാസ്ത്രത്തിൽ വന്ന മാറ്റം-

ക്ലാസിൽ രണ്ടോ മൂന്നോ പേർ ചെയ്യുന്ന തെറ്റിന് ക്ലാസടക്കം ശിക്ഷിക്കുന്ന ചില അധ്യാപകരുണ്ട്. തെറ്റ് ചെയ്യാത്ത ഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥയിൽ അത് മാറ്റങ്ങളുണ്ടാക്കും. കള്ളപ്പണം കയ്യിൽ വെക്കുന്ന ന്യൂനപക്ഷത്തെ പിടിക്കാനെന്ന പേരിൽ വന്ന നയം പാരയായത് , മര്യാദയ്ക്ക് കിട്ടിയ കാശിന് കഞ്ഞി കുടിച്ചിരുന്ന പാവങ്ങൾക്കാണ്. തങ്ങളെ സർക്കാർ വിശ്വാസത്തിലെടുക്കുന്നില്ല, ഓരോ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടുന്നു, സ്വകാര്യതയ്ക്ക് പ്രാധാന്യമില്ല , നോട്ടു നിരോധനം പോലെ കാടടച്ചു വെടിവെക്കുന്ന നടപടികൾ ഏതുസമയത്തും ( മിക്കവാറും രാത്രിയിൽ തന്നെ ) വരാം എന്നീ ചിന്തകൾ ജനങ്ങളിൽ വേരൂന്നി. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ജനങ്ങളുടെ സാമ്പത്തിക മനശാസ്ത്രത്തിൽ മാറ്റം വരുത്താനും ഇതിനു കഴിഞ്ഞു. ഇത്തവണ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ പുരസ്‌ക്കാരം നേടിയ റിച്ചാർഡ് തെയ്‌ലറുടെ ബിഹേവിയറൽ ഇക്കണോമിക്‌സ് ഇവിടെയും പ്രാധാന്യം അർഹിക്കുന്നു.

saving-bank-account

നിനച്ചിരിക്കാതെ ഇരുട്ടടി കിട്ടിയ ജനത കരുതിയിരിക്കാൻ തീരുമാനിച്ചു. കഴിയുന്നതും ചെലവു ചുരുക്കി ഉള്ളത് സ്വരൂപിച്ചു വെക്കാൻ തുടങ്ങി. ഫലമോ -ഡിമാന്റ് ഗണ്യമായി കുറഞ്ഞു. ചെലവാക്കാൻ മടിക്കുമ്പോൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പണമെത്തുന്ന വിനിമയ സംവിധാനം തകരാറിലായി. കച്ചവടം കുറഞ്ഞു . ബ്രാൻഡഡ് സാധനങ്ങൾ വാങ്ങിയിരുന്നവർ പോലും ബജറ്റ് ശ്രേണിയിലേക്ക് മാറി. ഒരു വിഭാഗം ചെലവു കുറച്ചപ്പോൾ മറ്റൊരു വിഭാഗത്തിന് ചെലവഴിക്കാൻ പണം ലഭിക്കാതായി. മറ്റൊന്ന് ബാങ്ക് നിക്ഷേപത്തിന് ചെറുതെങ്കിലും പലിശ ലഭിച്ചു തുടങ്ങിയപ്പോൾ വന്ന നിക്ഷേപ സ്വഭാവമാണ്. മുൻപ് വെറുതെ വീട്ടിൽ വെച്ചിരുന്ന ഓരോ ചില്ലിക്കാശും സേവ് ചെയ്യണമെന്ന മനോഭാവത്തിലേക്ക് ജനങ്ങളെത്തി. ബിസിനസ് രംഗത്തും സമാനമായ മനശാസ്ത്രം രൂപപ്പെട്ടു. മുൻപു ലഭിച്ച സ്വാതന്ത്ര്യം ഇല്ലാതായെന്ന തോന്നൽ മൂലം പുതിയ സംരംഭങ്ങൾ തുടങ്ങാൻ പലർക്കും മടിയായി. പുതിയ സംരംഭങ്ങളുടെ എണ്ണം കുറയാനും പഴയവയിൽ അധിക നിക്ഷേപങ്ങളില്ലാതാവാനും കാരണമായി.

7. ഡിജിറ്റൽ തട്ടിപ്പുകൾ കൂടി-

SBI reduced online transaction charge

പണരഹിത സമ്പദ് വ്യവസ്ഥ വന്നാൽ മോഷണം, അഴിമതി, കൈക്കൂലി ഒന്നുമില്ലാത്ത മാവേലി നാടായി മാറും ഇന്ത്യയെന്നായിരുന്നു നോട്ടു നിരോധന വക്താക്കളുടെ വാദം. കള്ളനെ മോഷണം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് അവർ മറന്നു. പണ്ടൊക്കെ കഷ്ടപ്പെട്ട് വേഷം മാറി , റിസ്‌ക്കെടുത്ത് മുതലിരിക്കുന്നിടത്ത്
ചെന്ന് മോഷ്ടിച്ചിരുന്നവർ ഇന്ന് ഡിജിറ്റലായി. ഇരിക്കുന്നിടത്തിരുന്ന് മോഷണം നടത്തുന്ന ഹൈടെക്ക് കള്ളന്മാരുടെ എണ്ണം കൂടി. മുൻപില്ലാത്ത വിധം ക്രെഡിറ്റ്-ഡെബിറ്റ്-ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു. കള്ളനോട്ടില്ലാതാകും എന്ന വാദത്തെ പൊളിച്ചടുക്കിക്കൊണ്ട് 2000 പുറത്തിറങ്ങിയതിനു മുന്നേ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എത്തി. ഓടിച്ചിട്ടടിച്ചതു കാരണം 500 ന്റെ ഓരോ നോട്ടും ഓരോ രൂപത്തിലും നിറത്തിലുമായെന്നും , എല്ലാ 500 രൂപാ നോട്ടുകളും സ്വീകരിക്കണമെന്നുമുള്ള ആർബിഐ പ്രഖ്യാപനം കള്ളനോട്ടടിക്കാർക്ക് ചാകരയായി. നോട്ടടിച്ചവർക്കു പോലും ഒറിജിനലും വ്യാജനും തിരിച്ചറിയാത്ത  അവസ്ഥ വന്നതോടെ, ഒറ്റ വർഷം കൊണ്ട് കോടിക്കണക്കിനു രൂപയുടെ വ്യാജ കറൻസി സമ്പദ് വ്യവസ്ഥയിലെത്തിക്കഴിഞ്ഞു. തീവ്രവാദം ഇല്ലാതാകുമെന്നും , കള്ളനോട്ടടിക്കാൻ കഴിയാതെ ഭീകരവാദികളെല്ലാം നല്ല കുട്ടികളായി ആയുധം വെച്ചു കീഴടങ്ങി , പശുവിനെ വളർത്തി ജീവിച്ചോളുമെന്നായിരുന്നു മറ്റൊരു പ്രതീക്ഷ. എന്നാൽ തീവ്രവാദികൾക്കിപ്പോൾ കള്ളനോട്ടടിയിൽ താൽപ്പര്യം കുറഞ്ഞത്രേ
….അത്രയൊന്നും ടെൻഷനില്ലാതെ ബാങ്ക് തന്നെ കൊള്ളയടിച്ച് നല്ല നോട്ടുകൾ അടിച്ചുമാറ്റുകയെന്ന ഭാവനാത്മകമായ രീതിയിലേക്കവർ മാറിക്കഴിഞ്ഞു.

8. കള്ളപ്പണം പിടിക്കാനൊത്തുമില്ല, ക്യാഷ്‌ലസ് ഇക്കോണമിയൊട്ട് നടന്നുമില്ല-

പിൻവലിച്ച നോട്ടുകൾ ഏകദേശം മുഴുവനായും തിരിച്ചു വരുമെന്ന തോന്നലുണ്ടായതോടെ ,കള്ളപ്പണം പിടിച്ചില്ലെങ്കിൽ ക്യാഷ്‌ലെസ് ഇകികോണമി പോരെയെന്ന ലൈനിലേക്കെത്തി കാര്യങ്ങൾ. എന്നിട്ട് പമരഹിതമായോ , അതൊട്ടില്ല താനും. 98 % പേരും പണമുപയോഗിക്കുന്ന രാജ്യത്ത് എടുപിടീന്ന് ക്യാഷലെസ് ഇക്കോണമിയെന്നൊക്കെ പറഞ്ഞാൽ ഇത്തിരി പുളിക്കുമെന്നാണ് ആർബിഐ തന്നെ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഡിജിറ്റൽ വിനിമയം കാര്യമായി വർധിച്ചില്ലെന്നതും , കൈമാറ്റം ചെയ്യപ്പെട്ട തുക വർധിച്ചിട്ടില്ലെന്നുമാണ് കണക്കുകൾ പറയുന്നത്. നവംബർ 8 കഴിഞ്ഞ് സൈ്വപ്പിങ് മെഷീൻ സ്ഥാപിച്ച ചെറുകിടക്കാരാണ് പുലിവാലു പിടിച്ചത് . ഉയർന്ന സേവനനിരക്കുകളും കമ്മീഷനും വന്നതോടെ, കച്ചവടത്തേക്കാൾ കൂടുതൽ കമ്മീഷൻ പോകുമെന്ന നിലയിലായി . ഇതോടെ യന്ത്രത്തെ വ്യാപാരികൾ പൂജ വെച്ചു. ജനങ്ങളും അവർക്ക് സൗകര്യപ്രദമെന്ന് തോന്നിയ പണമിടപാടുകളിലേക്ക് മടങ്ങി. ഇപ്പോൾ പണരഹിത സമ്പദ് വ്യവസ്ഥയാണോ, ജനരഹിത സമ്പദ് വ്യവസ്ഥയാണോ അതോ ഒരു വ്യവസ്ഥയുമില്ലാത്ത അവസ്ഥയാണോ എന്ന കൺഫ്യൂഷനിലായി സാധാരണക്കാർ.

9. ഉത്തരമില്ലാത്ത ചോദ്യങ്ങൾ-

Govt seeks to limit cash transactions at Rs2 lakh CBI takes case against six cooperative banks on black money charges

രാജ്യത്തെ പരമോന്നത ബാങ്ക് ഇപ്പോഴും തിരക്കിലാണ്- അസാധു നോട്ടുകൾ എണ്ണിപ്പെറുക്കുന്നതിന്റെ. സ്വദേശത്തു നിന്നും, വിദേശത്തു നിന്നുമൊക്കെ വാങ്ങിയ യന്ത്രങ്ങളും , അധികമായെടുത്ത ജീവനക്കാരെയും ഉപയോഗിച്ച് നോട്ടെണ്ണലിൽ മുഴുകിയിരിക്കുകയാണ് തങ്ങളെന്നാണ് ഒരുപാട് നാളത്തെ മൗനവ്രതം അവസാനിപ്പിച്ച ് വായ്തുറന്ന ഉർജ്ജിത് പട്ടേൽ പറഞ്ഞിരിക്കുന്നത്. പക്ഷേ ഒന്നാം വാർഷികത്തിലും നോട്ടെണ്ണിത്തീർന്നിട്ടില്ല. എണ്ണൽ മഹാമഹം എന്നു തീരുമെന്ന് ഒരു ഐഡിയയും ഇല്ല. മറ്റൊരു സംശയം തോന്നിയതു കൂടെ ചോദിക്കാതെ വയ്യ- പഴയ നോട്ടുകൾ കത്തിച്ചു കളയാനിരുന്ന ആർബിഐ അത് വെസ്‌റ്റേൺ ഇന്ത്യ എന്ന പ്ലൈവുഡ് കമ്പനിക്ക് ഹാർഡ് ബോർഡ് നിർമ്മാണക്കൂട്ടിലരച്ചു ചേർക്കാൻ നൽകാൻ തീരുമാനിച്ചത്രേ.അതും ടണ്ണൊന്നിന് വഎറും 128 രൂപയ്ക്ക്. (ഇതിനൊക്കെ വന്ന ചെലവും നഷ്ടവുമൊക്കെ ഒന്നാലോചിച്ചു നോക്കൂ- ശരിക്കും രാജ്യസ്‌നേഹിയാണെങ്കിൽ നിങ്ങൾ കരഞ്ഞു പോകും ). നോട്ട് നിരോധനത്തിനു രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ആർബിഐ നോട്ടു നുറുക്കിയും , വെസ്‌റ്റേൺ ഇന്ത്യ അത് അരച്ചും തുടങ്ങിയേ്രത . അങ്ങനെയെങ്കിൽ ഇപ്പോൾ എണ്ണുന്ന ഈ അസാധു ഏതായിരിക്കും…നവംബർ 8 കഴിഞ്ഞ് രണ്ടാം വാരത്തിൽ നോട്ടെണ്ണലിനേക്കുറിച്ച് ചിന്തിക്കാൻ പോലും പട്ടേലിനും കൂട്ടർക്കും നേരമുണ്ടായിരുന്നില്ല. ആ സമയത്ത് വെസ്‌റ്റേൺ ഇന്ത്യക്കു കൈമാറിയ നോട്ടുകൾ ആര് എണ്ണി ….സംശയങ്ങൾ ബാക്കിയാകുന്നു. വെറുതേ ചോദിക്കാമെന്നേയുള്ളു…
ആർബിഐ ഒടുവിൽ പുറത്തുവിട്ട കണക്കു പ്രകാരം 99% നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ തന്നെ കോ ഓപ്പറേറ്റീവ് ബാങകുകളുടെ പക്കലുള്ള നോട്ടുകൾ എണ്ണിയിട്ടുമില്ല. എന്നു വെച്ചാൽ കള്ളനോട്ടുൾപ്പെടെ സർക്കാർ ചെലവിൽ മാറ്റിക്കൊടുത്തു എന്നർത്ഥം. പോരാത്തതിന് ഇപ്പോഴും കോടിക്കണക്കിനു രൂപയുടെ അസാധു നോട്ടുകൾ പലയിടത്തു നിന്നും പിടിക്കുന്നുമുണ്ട്. ഇതുവരെയുള്ള കണക്കുകളിലെ മൊത്തം നഷ്ടം കൂട്ടിയാൽ അതിനെ നോട്ടസാധുവാക്കലിന്റെ പരാജയമെന്നു വിളിക്കാം. മാന്ദ്യം മറികടക്കാനുദ്ദേശിച്ചു കൊണ്ടു വന്ന പാക്കേജുകളുടെയും ഫലം കാണാൻ സമയം പിടിക്കും. 2.11 ലക്ഷം കോടിയിലെ 78,000 കോടിയുടെ കടപ്പത്രങ്ങളും, 18,000 കോടിയുടെ ബജറ്റ് വിഹിതവും സർക്കാരിന്റെ ബാധ്യത വർധിപ്പിക്കും. ധനക്കമ്മിയിലും പ്രതിഫലിച്ചേക്കാം.

എൻഡിഎ ഭരണത്തിന്റെ തുടക്കത്തിൽ ക്രൂഡോയിൽ വില പകുടിയിലും താഴെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വില സാവധാനം ഉയരുകയാണ്. ഇതു തുടർന്നാൽ കറന്റ് അക്കൗണ്ട് കമ്മിയും ഉയർന്നേക്കാം. സാമ്പത്തിക ശാസ്ത്രം അറിയുന്നവർ എത്ര തന്നെ കൃത്യമായ വിശകലനങ്ങൾ നടത്തിയാലും അത് കുററം പറച്ചിലുകളായി മാത്രം സർക്കാരും , സർക്കാർ അനുകൂലികളും കരുതുന്നത് പരിതാപകരമാണ്. തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് തിരുത്താത്തിടത്തോളം രാജ്യത്തിന്റെ ഭാവിയാണ് തുലാസിലാകുന്നത്. എന്തായാലും കള്ളപ്പണം പിടിക്കൽ ശ്രമത്തിന്റെ ഒന്നാം വാർഷികത്തിൽ പുറത്തു വന്ന പാരഡൈസ് പേപ്പേഴ്‌സിൽ കേന്ദ്രമന്ത്രിയും , ബിജെപി എംപിയും ഉണ്ടായത് കാലത്തിന്റെ നീതിശാസ്ത്രം.
പാവങ്ങൾ സ്വന്തം കാശിനിരന്ന് ബാങ്കുകൾക്ക് മുന്നിൽ വരിനിന്നപ്പോൾ കർണ്ണാടക ബിജെപിയിലെ പ്രമുഖൻ നടത്തിയ ആഢംബരക്കല്യാണവും മറക്കാനാകുന്നില്ല. കല്യാണത്തിനു പണിയെടുത്ത തൊഴിലാളികൾക്ക് അസാധു നോട്ടുകളിൽ പ്രതിഫലം നൽകിയ വകയിൽ അവ വെളുപ്പിച്ചെടുത്ത കുതന്ത്രവും . പേരിനു വേണ്ടിയൊരു റെയ്ഡ് നടന്നെങ്കിലും ആശാൻ ഇപ്പോഴും സമ്പന്നനായി വിരാജിക്കുന്നു.

demonetisation issue

നോട്ടുനിരോധന അനുകൂലികൾ ഇപ്പോഴും ദീർഘകാല പ്രയോജനമൊക്കെ എണ്ണിപ്പെറുക്കുന്നുണ്ട്. ദീർഘകാല നന്മയ്ക്ക് നിഷ്‌ക്കളങ്കരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള എന്തെല്ലാം വഴികളുണ്ടായിരുന്നു..ബദൽ നടപടികൾ ഉണ്ടായിരുന്നെങ്കിലും അത് പങ്കുവെക്കാൻ താനുൾപ്പെടെയുളള സാമ്പത്തിക വിദഗ്ധർ തയാറായിരുന്നെന്നും രണ്ടുമാസം മുൻപ് ഡോ രഘുറാം രാജൻ വെളിപ്പെടുത്തിയിരുന്നു. സർക്കാരിന് ഇക്കണോമിക്‌സ് പഠിച്ചവരുടെ അഭിപ്രായമൊന്നും വേണ്ട. സത്യം പറയുന്ന സാമ്പത്തിക വിദഗ്ധർ മറ്റേതെങ്കിലും പണിയെടുത്തു ജീവിക്കട്ടെയെന്ന രീതിയാണ് സർക്കാരിന്. കുറച്ചു കടലാസു കമ്പനികളെ പിടിച്ചെന്നും 17,000 കോടി കിട്ടിയെന്നുമൊക്കെ അവകാശവാദമുണ്ട്. കമ്പനികളെ കണ്ടെത്തിയതല്ലാതെ കാശ് സർക്കാരിൽ എത്തിയതിന് തെളിവില്ല. ലക്ഷം കോടികളുടെ നഷ്ടക്കണക്ക് തെളിവ് സഹിതം നിരത്തുമ്പോൾ 17,000 കോടിയുടെ നേട്ടം പൊക്കിപ്പിടിച്ചു വരുന്നോരോട് എന്തു പറയാൻ.
പ്രധാനമന്ത്രിയുടെയും , ധനമന്ത്രിയുടെയും പുതിയ അവകാശവാദം വ്യവസായ സൗഹൃദ രാജ്യങ്ങളുടെ ലോകബാങ്ക് പട്ടികയിൽ ഇന്ത്യ 30 റാങ്ക് മുന്നിലെത്തിയെന്നും, ലോകബാങ്ക് പ്രശംസിച്ചെന്നുമാണ്. മറ്റെല്ലാ ഏജൻസികളും വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിക്കുമ്പോൾ ലോകബാങ്ക് മാത്രം പ്രശംസിക്കുന്നതിനു പിന്നിലെന്തെങ്കിലും കുരുക്ക് കാണുമെന്ന് മനസിലാക്കണം. മാത്രവുമല്ല ലോകബാങ്ക് അജൻഡ ശ്രദ്ധിച്ചാലറിയാം യഥാർത്ഥമുഖം. കഴിഞ്ഞദിവസം ദില്ലിയിൽ നടന്ന ബിസിനസ് സമ്മിറ്‌റിൽ ലോകബാങ്ക് സിഇഓ ക്രിസ്റ്റലിന ജോർജിവ ചിരിച്ചു കൊണ്ടു പറഞ്ഞത്, ഇന്ത്യിൽ പ്രത്യക്ഷ വിദേശ നിക്ഷേപം വർധിച്ചിട്ടുണ്ട്, ഇനിയും കൂടണം എന്നാണ്. അതായത് ബഹുരാഷ്ട്ര കമ്പനികൾക്ക് ആദ്യവർഷങ്ങളിൽ നികുതി പോലുമില്ലാതെ നമ്മുടെ സഹായത്തിൽ ലാഭമുണ്ടാക്കി മാതൃരാജ്യത്തേക്കു കൊണ്ടു പോകാനുള്ള സൗകര്യം നാം തന്നെ ഒരുക്കി നൽകണമെന്ന്…ചെറിയ ലാഭത്തിനു വേണ്ടി വലിയ നഷ്ടങ്ങൾ കണ്ണടക്കുന്നതിനുളള പ്രതിഫലമാണോ പുകഴ്ത്തലെന്ന് ചിന്തിച്ചാൽ നന്നായിരിക്കും.

രാജ്യത്തിന് ലക്ഷം കോടികളുടെ നഷ്ടമുണ്ടാക്കിയ നോട്ടുനിരോധനം പോലെയുളള നടപടികൾ ഇനിയും ആവനാഴിയിലുണ്ടെന്ന് പ്രധാനമന്ത്രി പറയുമ്പോൾ, നാടിന് ഒരു പുല്‍ക്കോടിയുടെ പോലും ഉപകാരമില്ലാതായിപ്പോയ ഒരു ചരിത്ര മണ്ടത്തരമായി നോട്ടുനിരോധനം എന്ന സത്യം അടിവരയിടുകയാണ്. അനിശ്ചിത്വം നിറഞ്ഞ സമ്പദ് വ്യവസ്ഥയിൽ നിഷ്‌ക്രിയരാവുക എന്ന മനോഭാവത്തിലേക്ക് ജനങ്ങൾ മാറിയേക്കാം. നോട്ടിന് ക്യൂനിന്ന് കുഴഞ്ഞ് വീണ് മരിച്ചവരോ ഒറ്റരാത്രികൊണ്ട് പണം വെറും കടലാസായി മാറുമോ എന്ന ഭയത്തില്‍ ജീവന്‍പോയവരും അവരെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളും മാത്രമല്ല നോട്ടസാധുവാക്കലിന്റെ രക്തസാക്ഷികള്‍ , മറിച്ച് പൊടുന്നനെ വന്നൊരു മാറ്റത്തില്‍ വിറങ്ങലിച്ച് നിന്ന നമ്മളോരോരുത്തരും ആ മണ്ടത്തരത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്. സാമ്പത്തികരംഗം സാമ്പത്തിക വിദഗ്ധർക്ക് വിട്ടുകൊടുത്താൽ രാജ്യത്തിന്റെ സാമ്പത്തിക പരിക്കുകൾ കുറയ്ക്കാന്‍ സാധ്യതയുണ്ട് അല്ലാതെ നോട്ടസാധുവാക്കലിന്റെ ചുവടുപിടിച്ച് ഇതുപോലുള്ള ബ്ലണ്ടറുകള്‍ക്കാണ് തലപ്പത്തിരിക്കുന്നവരുടെ നീക്കമെങ്കില്‍ മോടി കുറയുന്നത് സാധാരണക്കാരുടെ നികുതിപ്പണത്തില്‍ കെട്ടിപ്പെടുത്ത ഇന്ത്യയുടെ സാമ്പത്തികഘടനയ്ക്ക് മാത്രമാണ്, നഷ്ടം അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന നമ്മളടങ്ങുന്ന കോടിക്കണക്കിന് സാധാരണക്കാര്‍ക്കും!!

demonetization effects and aftereffects

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top