Advertisement

‘അന്ന് ഉർജിത് പട്ടേൽ രാജിവച്ചു, പകരം സർക്കാർ പറയുന്നത് ചെയ്യുമെന്ന് ഉറപ്പുള്ള ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറാക്കി’; സുപ്രിംകോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് മേരി ജോർജ്

January 2, 2023
Google News 2 minutes Read
finance expert mary george about demonetization

നോട്ട് നിരോധനം ശരിവച്ച് സുപ്രിംകോടതി വിധിയിൽ അഭിപ്രായം രേഖപ്പെടുത്തി സാമ്പത്തിക വിദഗ്ധ മേരി ജോർജ്. ജസ്റ്റിസ് നാഗരത്‌നയുടെ വിയോജിപ്പിനോടാണ് താൻ അനുകൂലിക്കുന്നതെന്ന് മേരി ജോർജ് പറഞ്ഞു. ( finance expert mary george about demonetization )

‘ലക്ഷ്യ പ്രാപ്തിയിൽ എത്തിയില്ലെങ്കിൽ പോലും ആറ് മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചതെന്നാണ് കോടതി പറഞ്ഞത്. അങ്ങനെയെങ്കിൽ അന്ന് ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവച്ച് പുറത്ത് പോയി, പകരം സർക്കാർ പറയുന്നത് ചെയ്യുമെന്ന് ഉറപ്പുള്ള ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറാക്കി കൊണ്ടുവരികയായിരുന്നു ചെയ്തത്. നോട്ട് നിരോധനം കള്ളപ്പണം ഒഴിവാക്കുമെന്നും മറ്റുമുള്ള വാദത്തോട് ഞാനും അംഗീകരിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞത് പോലെ ലക്ഷ്യം നിറവേറ്റിയില്ലെന്ന് മാത്രമല്ല, നടപടി പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന നയമായിരുന്നു. ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു ഇത്. നീതി അയോഗ് സിഇഒ പറഞ്ഞതനുസരിച്ച് ഇന്ത്യൻ സാമ്പത്തിക രംഗം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്, 75 വർഷത്തെ ഏറ്റവും വലിയ പണചുരുക്കത്തിലാണ്. ഒരു വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇന്ധനം തീർന്നുപോയാൽ എന്ത് ചെയ്യും ? അത് തന്നെയാണ് എക്കോണമിയിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഉണ്ടാകുന്നത്’- മേരി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: നോട്ട് നിരോധനം സാധു; നാല് ജഡ്ജിമാർ നടപടി ശരിവച്ചു; ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്‌ന

ഇന്ന് രാവിലെ 11 മണിയോടെയാണ് നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി വിധിച്ചത്. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ ഉചിതമായിട്ടുള്ള നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോൾ ജസ്റ്റിസ് നാഗരത്‌ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.

Story Highlights: finance expert mary george about demonetization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here