‘ഇത് ജനങ്ങളുടെ വിജയം, കണ്ണില്‍പ്പൊടിയിടാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ യാത്രക്കാരുടെ ദുരിതം സുപ്രിംകോടതി തിരിച്ചറിഞ്ഞു’; പാലിയേക്കര ടോള്‍ വിഷയത്തില്‍ ഹര്‍ജിക്കാരന്‍

പാലിയേക്കര ടോള്‍ നിര്‍ത്തലാക്കിയതിനെതിരായ ഹര്‍ജി സുപ്രിംകോടതി തള്ളിയ നടപടി സ്വാഗതം ചെയ്ത് പരാതിക്കാരന്‍ ഷാജി കോടന്‍കണ്ടത്ത്. സുപ്രിംകോടതിക്ക് ജനങ്ങളുടെ വികാരം മനസ്സിലായെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ജനങ്ങളുടെ ദുരിതം കോടതിക്ക് ബോധ്യപ്പെട്ടു. ഇത് ജനങ്ങളുടെ വിജയം എന്നും ഷാജി കൂട്ടിച്ചേര്‍ത്തു. (Petitioner shaji on Paliyekkara toll issue)
നാലാഴ്ചയ്ക്കകം മണ്ണൂത്തി- ഇടപ്പള്ളി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും അതൊന്നും പാലിക്കാതെ ദേശീയപാതാ അതോരിറ്റിയും കരാര്‍ കമ്പനിയും തിരക്കിട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ഷാജി വിശദീകരിക്കുന്നു. പല കള്ളക്കഥകളും പറഞ്ഞ് സുപ്രിംകോടതിയുടെ കണ്ണില്‍ പൊടിയിടാനാണ് ഇവര്‍ ശ്രമിച്ചതെങ്കിലും കോടതി ജനവികാരം മനസിലാക്കി. യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും കോടതിക്ക് ബോധ്യപ്പെട്ടു. ഇത് ജനങ്ങളുടെ വിജയമാണ് അതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും ഷാജി പ്രതികരിച്ചു.
പാലിയേക്കര ടോള്‍ നിര്‍ത്തലാക്കിയതിനെതിരായ ഹര്‍ജി തള്ളിയ സുപ്രിംകോടതി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് അറിയിക്കുകയായിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.
Story Highlights : Petitioner shaji on Paliyekkara toll issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here