വട്ടിപ്പലിശക്കാരുടെ ഭീഷണി: ‘ ആശ ബെന്നി നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചു; പരാതിപ്പെട്ടതിന് ശേഷവും ഭീഷണി തുടര്‍ന്നു’ ; കുടുംബം

എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് നേരത്തെയും ആശ ബെന്നി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന് ശേഷവും വട്ടിപ്പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷവും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി പറഞ്ഞു.
ആശയ്ക്ക് പണം നല്‍കിയ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ വരാപ്പുഴ ഉരുട്ടി കൊലക്കേസില്‍ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാള്‍ എന്ന വിവരവും പുറത്ത് വരുന്നുണ്ട്. 2018ല്‍ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്നു പ്രദീപ്. കൈകൂലി വാങ്ങിയതിന്റെ പേരില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്പെന്‍ഷനിലുമായിരുന്നു. പ്രദീപും ഭാര്യ ബിന്ദുവും ഒളിവില്‍ പോയെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെ രണ്ടുപേരും വീട്ടില്‍ നിന്ന് പോയെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി ജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ആശയുടെ ബന്ധു അനീഷ് പറഞ്ഞു. കേസില്‍ സമഗ്ര അന്വേഷണം വേണം. പൊലീസില്‍ പരാതിപ്പെട്ടിട്ടും ഭീഷണി തുടര്‍ന്നു. പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ല എന്നും – അനീഷ് ആരോപിക്കുന്നു.
കോട്ടുവള്ളി സ്വദേശിയായ ദമ്പതികളില്‍ നിന്നാണ് ഇവര്‍ 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ ഇവര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പിന്നാലെ പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തി. എങ്കിലും ഇതിന് വഴങ്ങിയില്ലെന്നാണ് വിവരം. ഇതിനു പിന്നാലെ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.
ആശ ബെന്നിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും. വൈകിട്ടാണ് സംസ്‌കാരം.
Story Highlights : Housewife who committed suicide by jumping into river in Paravur ; more details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here