ക്ഷമിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്; മകന്റെ ഘാതകനോട് ക്ഷമിച്ച് പിതാവ്

തന്റെ മകനെ വധിച്ചയാളോട് കോടതി മുറിയില്‍ നിന്ന് ക്ഷമിച്ചതായി പ്രഖ്യാപിച്ച് പിതാവ്. അമേരിക്കയിലെ കെന്റകിയിലെ കോടതിയില്‍ നടന്ന ഹൃദയ ഭേദകമായ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അബ്ദുള്‍ മുനീം സൊമ്പാത്ത് ജിദ്മോദാണ് ലോകത്തിന്റെ തന്നെ ഹീറോയായി മാറിയ പിതാവ്. നികത്തപ്പെടാനാകാത്ത നഷ്ടത്തിലും സമ ചിത്തതയോടെ പ്രതികരിച്ച പിതാവിനെ വാഴ്ത്തുകയാണ് ലോകം.
2015ലാണ് ഇദ്ദേഹത്തിന്റെ മകന്‍ സലാഹുദ്ദീന്ഡ ജിത്ത് മോദ് എന്ന യുവാവ് കൊല്ലപ്പെടുന്നത്.പിസ്സാഹട്ട് ഡെലിവറി ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട സലാഹുദ്ദീന്‍. കെന്റകിലെ ലെക്‌സിങ്ടണിലെ ഫഌറ്റില്‍ ഓര്‍ഡറനുസരിച്ച് ഭക്ഷണം നല്‍കാന്‍ എത്തിയ സമയത്താണ് സലാഹുദ്ദീന്‍ മോഷണത്തിനിരയായി കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രെയ് അലക്സാണ്ടര്‍ റെല്‍ഫോര്‍ഡ് അറസ്റ്റിലായി. ഇയാളോടൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി കൃത്യത്തില്‍ പങ്കാളിയായിരുന്നെങ്കിലും ഇവരെ പിന്നീട് വെറുതേ വിട്ടു. 31വര്‍ഷത്തെ തടവാണ് കോടതി റെല്‍ഫോര്‍ഡിന് നല്‍കിയത്. എന്നാല്‍ വിചാരണ വേളയില്‍ സലാഹുദ്ദീന്റെ പിതാവ് റെല്‍ഫോര്‍ഡിനോട് ക്ഷമിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു.
നിന്റെ ഉള്ളില്‍ നിന്ന് ഈ കൃത്യം ചെയ്ത ദുഷ്ട ശക്തിയോടാണ് എന്റെ ദേഷ്യം, അല്ലാതെ റെല്‍ഫോര്‍ഡിനോട് ദേഷ്യം ഒന്നും ഇല്ലെന്നും ക്ഷമിച്ചിരിക്കുന്നുവെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. നിറകണ്ണുകളോടെയാണ് റെല്‍ഫോര്‍ഡ് ഈ വാക്കുകള്‍ കേട്ടത്. ‘താങ്കള്‍ക്ക് നഷ്ടപ്പെട്ടത് തിരികെ നല്‍കാനായി ഇനിയെനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എങ്കിലും സംഭവിച്ചു പോയ അപരാധത്തിന് ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും റെല്‍ഫോര്‍ഡ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here