ദോഹ ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; ഒന്നാം സ്ഥാനം ജർമനിയുടെ ജൂലിയൻ വെബ്ബർക്ക്

ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം. ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. അതേസമയം കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.
പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്.
രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിന്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.
Story Highlights : Doha Diamond League Julian Weber beats Neeraj Chopra with 91.06m throw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here