ലോക റെക്കോര്‍ഡ് ജേതാവ് ജാന്‍ സെലെസ്‌നിയെ പരിശീലകനാക്കി നീരജ് ചോപ്ര
പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡിട്ട ജാന്‍ സെലെസ്നി തന്റെ പുതിയ പരിശീലകനാകുമെന്ന് നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമില്‍ നടക്കുന്ന ശൈത്യകാല പരിശീലന ക്യാമ്പോടെ ജാന്‍ സെലെസ്‌നിയുടെ കീഴിലുള്ള പരിശീലനം ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്. ടോക്കിയോ, പാരീസ് ഒളിമ്പിക്സുകളില്‍ നീരജിനൊപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ പരിശീലകന്‍ ക്ലോസ് ബാര്‍ട്ടോണിയറ്റ്സ് വിരമിച്ചതോടെ നീരജ് പുതിയ പരിശീലകനെ തേടുകയായിരുന്നു. 1992, 1996, 2000 ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും 1993, 1995, 2001 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യനുമായിരുന്ന സെലെസ്‌നി 1988-ലെ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയിരുന്നു. എക്കാലത്തെയും മികച്ച ഒമ്പത് ജാവലിന്‍ ത്രോകളില്‍ അഞ്ചെണ്ണം സെലെസ്നിയുടെ പേരിലാണ്. ഇതില്‍ അതിശയിപ്പിക്കുന്ന 98.48 മീറ്ററിന്റെ ലോക റെക്കോര്‍ഡും ഉള്‍പ്പെടുന്നുണ്ട്. നീരജ് ചോപ്രയുടെ ഇതുവരെയുള്ള മികച്ച ദീരം 89.94 മീറ്ററാണ്.
14 വര്‍ഷമായി ചെക് റിപബ്ലികിന്റെ ജാവലിന്‍ താരമായ ജാക്കൂബ് വാഡ്‌ലെജിന്റെ പരിശീലകനായിരുന്നു സെലെസ്‌നി. ഇവരുടെ നീണ്ട കൂട്ടുക്കെട്ടാണ് നീരജിന്റെ പരിശീലകനായി എത്തുന്നതോടെ ഇല്ലാതാകുന്നത്. താന്‍ ജാന്‍ സെലെസ്നിയുടെ സാങ്കേതികതയെയും കൃത്യതയെയും ശ്രദ്ധിക്കാറുണ്ടായിരുന്നതായും അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണാന്‍ ധാരാളം സമയം ചിലവഴിക്കാറുണ്ടായിരുന്നതായും നീരജ് ചോപ്ര പറയുന്നു. വര്‍ഷങ്ങളോളം കായികരംഗത്ത് മികവ് കാട്ടി സെലെസ്നിയും താനും എറിയുന്ന ശൈലികള്‍ സമാനമായതിനാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നീരജ് പറഞ്ഞു.
Story Highlights: Neeraj Chopra’s new coach Jan Zelezny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here