സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്.
ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു.
തോരാമഴയുടെയും വറുതിയുടെയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി, കഷ്ടതകൾ മറന്ന് പുതുസന്തോഷത്തിനായി മലയാളിയെ ഒരുക്കുന്നു. മഴക്കോളുമാറി ആകാശം തെളിയും ദിവസങ്ങൾ കർഷകന്റെ ഹൃദയത്തിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിക്കുന്നു.
കൊയ്ത്തുൽസവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുകയാണ്.
Story Highlights : Kerala’s New Year begins with Chingam 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here