അബീർ മെഡിക്കൽ ഗ്രൂപ്പിന് ലോകറെക്കോർഡ്

ലോക റെക്കോർഡിന്റെ മികവിൽ അബീർ മെഡിക്കൽ ഗ്രൂപ്പ്. 4500 പേരെ അണിനിരത്തി ഹ്യൂമൻ മൊസൈക് സൃഷ്ടിച്ചാണ് ലോക പ്രമേഹ ദിനത്തിൽ അബീർ ഗ്രൂപ്പ് അവബോധ പ്രവർത്തനം നടത്തിയത്. ഈ സാമൂഹ്യ ധർമത്തിന് വേൾഡ് ഗിന്നസ് അംഗീകാരം കൂടി ലഭിച്ചതോടെ അത് പ്രമേഹ ദിനത്തിലെ ഇരട്ടി മധുരമായി. ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് വിസ്മയം തീർത്ത മനുഷ്യനിർമിതമായ കൂറ്റൻ സന്ദേശ ഫലകം ദൃശ്യമായത്.
അബീർ സംഘടിപ്പിച്ച ഈ ദൗത്യത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ 4500 പേരാണ് അണി നിരന്നത്. ലോക പ്രമേഹ ദിനം , അബീർ ഗ്രൂപ്പ് ലോഗോ , സൗദി വിഷൻ 2030 ലോഗോ എന്നിവ കൂറ്റൻ ഹ്യൂമൻ മൊസൈക്കിൽ തെളിഞ്ഞു. പിന്നീട് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രതിനിധി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2015 ൽ ഇറാക്കിൽ നിർമിച്ച ഹ്യൂമൻ മൊസൈക്കിനെ പിന്തള്ളിയാണ് അബീർ ലോക നെറുകയിൽ നിലയുറപ്പിച്ചത്. അബീർ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആലുങ്കൽ മുഹമ്മദ് ഗിന്നസ് അധികൃതരിൽ നിന്ന് വേൾഡ് റെക്കോർഡ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.
അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ ഡോ. ജെംഷിദ് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രമേഹ ദിനത്തിൽ ആ രോഗത്തിന്റെ ദൂഷ്യങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ലക്‌ഷ്യം. വേൾഡ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചതോടെ ആ ലക്‌ഷ്യം സാധിച്ചു എന്ന് മാത്രമല്ല ; ആ സന്ദേശം ലോകമെങ്ങും പരക്കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here