ഷെയിനും നിമിഷയും ഒന്നിക്കുന്ന ആദ്യ ചിത്രം; ഈട ടീസർ പുറത്ത്

ഷെയിൻ നിഗം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈട ടീസർ പുറത്ത്. ചിത്രത്തിൽ നിമിഷ സജയനാണ് നായികയായി എത്തുന്നത്.
നവാഗത സംവിധായകൻ ബി അജിത് കുമാർ ഒരുക്കുന്ന ചിത്രത്തിന് ഷെയിനും നിമിഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 1999 ലെ അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലൂടെ ഫിലിം എഡിറ്റിങ്ങ് രംഗത്തേക്ക് ചുവടുവെച്ച അജിത്കുമാർ ഇന്ദ്രിയം, നാല് പെണ്ണുങ്ങൾ, ഒരു നാൾ വരും, അന്നയും റസൂലും, തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിർവ്വഹിച്ചിട്ടുണ്ട്. ഇതിന് പുറമെ കമ്മട്ടിപ്പാടം എന്ന ദുൽഖർ ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ് അജിത് കുമാർ.
2003 ൽ നിഴൽകൂത്തിലൂടേയും, 2013 ൽ അന്നയും റസൂലിലൂടേയും മികച്ച് എഡിറ്ററിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് അജിത്കുമാറിന്. ഒപ്പം 2017 ൽ പുറത്തിറങ്ങിയ നാല് പെണ്ണുങ്ങൾ എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിന് ദേശിയ പുരസ്‌കാരമായ സിൽവർ ലോട്ടസ് പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ചിത്രത്തിലുടനീളം മലബാർ ശൈലിയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുക. ‘ഇവിടെ’ എന്നതിന് മലബാറുകാർ ‘ഈട’ എന്നാണ് പറയുന്നത്. ചിത്രത്തിന്റെ ‘ഈട’ എന്ന ടൈറ്റിലിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
ഷെയിനിനും നിമിഷയ്ക്കും പുറമെ സുരഭി ലക്ഷ്മി, അലൻസിയർ ലേ, മണികൺഠൻ ആചാരി, എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
Eeda Official Teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here