എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

വ്യക്തിഗത വിവരങ്ങൾ ചോരുന്ന വിധത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാൽ കവറുകളിൽ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. നികുതി റിട്ടേൺ ചെക്കുകൾ നൽകുന്നതിനുള്ള എസ്ബിഐയുടെ തപാൽ കവറുകളുടെ രൂപകൽപനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് എസ്ബിഐ വ്യക്തമാക്കി.
പാൻ വിവരങ്ങളും ടെലിഫോൺ നമ്പറുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകൽപന. ഇടപാടുകാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ ലോകേഷ് ബത്രയാണ് പ്രശ്‌നം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
പരാതിയെ തുടർന്ന് റിസർവ് ബാങ്ക് വിഷയത്തിൽ ഇടപെടുകയും എസ്ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടർന്നാണ് കവറുകൾ സുരക്ഷാ പിഴവുകളില്ലാതെ പുതുതായി രൂപകൽപന ചെയ്യുമെന്ന് എസ്ബിഐ റിസർവ് ബാങ്കിനെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here