ഓഖി ചുഴലിക്കാറ്റ് : നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്ന് കളക്ടർമാരോട് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവർക്ക് സഹായം പെട്ടെന്ന് ലഭ്യമാക്കാൻ കളക്ടർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
കളക്ടർമാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിലവിലുളള മാനദണ്ഡ പ്രകാരം നഷ്ടപരിഹാരത്തുക വളരെ കുറഞ്ഞതാണെങ്കിൽ അതിൽ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ കലക്ടർമാർ സർക്കാരിൻറെ ശ്രദ്ധയിൽപെടുത്തണം.
ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. കേമ്പുകളിലെ ശുചിത്വം പ്രധാനകാര്യമാണ്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. കുട്ടികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. കേമ്പുകൾ ശുചിയാക്കുന്നതിനു ആവശ്യമെങ്കിൽ പ്രത്യേക ഏജൻസിയെ നിയോഗിക്കാവുന്നതാണ്. ദുരിതബാധിത പ്രദേശങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനവും ശുചീകരണവും നടത്തണം. ഇക്കാര്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം.
വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വേഗത്തിൽ നഷ്ടപരിഹാരം നൽകണം. എറണാകുളം ജില്ലയിൽ കേടുവന്ന കക്കൂസുകൾ നന്നാക്കിക്കൊടുക്കുന്നുണ്ട്. അതു നല്ല മാതൃകയാണ്.
ദുരിതാശ്വാസരംഗത്ത് ജില്ലാ ഭരണസംവിധാനങ്ങൾ അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തിയത്. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് തീരപ്രദേശങ്ങളിലുണ്ടായത്. ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമാണ് ഇതുപോലെ ചുഴലിയുണ്ടാകുന്നത്. ഇതു സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പൊന്നും ലഭിച്ചില്ല. അതാണ് കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കിയത്. അനുഭവത്തിൻറെ അടിസ്ഥാനത്തിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. എത്ര മത്സ്യത്തൊഴിലാളികൾ എവിടെ നിന്നൊക്കെ കടലിൽ പോയി എന്നതു മനസ്സിലാക്കാൻ ഇപ്പോൾ കഴിയുന്നില്ല. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. സംഘമായി പോകുന്നവർ സംഘത്തിലെ മുഴുവൻ ആളുകളുടെയും വിവരങ്ങൾ നൽകണം. ഇത്തരം കാര്യങ്ങൾ ഉറപ്പാക്കുന്നതിന് സംവിധാനമുണ്ടാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടൽക്ഷോഭത്തിൽനിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തിയ ലക്ഷദ്വീപുകാർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് മുഖ്യമന്ത്രി നിർദേശിച്ചു. ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെ പോലെ പരിഗണിച്ച് നടപടികൾ സ്വീകരിക്കണം.
ockhi compensation amount should be distributed soon says kerala cm to collectors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here