ഓഖി ദുരിതാശ്വാസ പാക്കേജ്; വിദ്യാര്‍ത്ഥികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തു

ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ, കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാന്‍ നേരത്തെ തീരുമാനിച്ചതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനുള്ള തുക രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്കുകള്‍ ഇന്ന് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:
ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ, കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 13.92 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വിദ്യാഭ്യാസ തൊഴില്‍ പരിശീലനത്തിനുള്ള തുക രേഖപ്പെടുത്തിയ ബാങ്ക് പാസ്സ്ബുക്കുകള്‍ ഇന്ന് വിതരണം ചെയ്തു.
എല്‍.കെ.ജി. മുതൽ പ്രൊഫഷണല്‍ കോളേജുള്‍പ്പെടെ വിവിധ തലങ്ങളില്‍ പഠിക്കുന്ന 194 കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ 124 കുട്ടികള്‍ക്ക്, തൊഴില്‍ പരിശീലനത്തിന് ആവശ്യമായ നടപടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടപ്പിലാക്കും. എല്‍.കെ.ജി. മുതല്‍ 5 വരെ ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതവും 6 മുതല്‍ 10 വരെ ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് 25,000 രൂപ വീതവും പ്ളസ് ടൂ വിഭാഗം കുട്ടികള്‍ക്ക് 30,000 രൂപ വീതവും ബിരുദ തല വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 1,00,000 രൂപ വരെ ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 2037 വരെ പദ്ധതി തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here