കായംകുളം കൊച്ചുണ്ണിയിൽ നിവിന്റെ നായികയായി പ്രിയ ആനന്ദ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എസ്ര നായിക പ്രിയ ആനന്ദ് എത്തുന്നു. നേരത്തെ അമലാ പോളാണ് ചിത്രത്തിലെ നായിക കഥാപാത്രം കൈകാര്യം ചെയ്യുക എന്ന് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും അമല പോൾ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. കേരള കണ്ണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയേറ്ററുകളിൽ എത്തും. രംഗ് ദേ ബസന്തി, ഭാഗ് മിൽഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പൻ പ്രോജക്ടുകൾ ക്യാമറയിൽ പകർത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകൻ. ഏഴോളം ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ആക്ഷൻ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക. സ്റ്റോറി ബോർഡുകൾക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങൾ ഒരുക്കിയതിന് ശേഷം ഷോട്ടുകൾ പ്ലാൻ ചെയ്യുന്ന ‘പ്രീവിസ്’ ശൈലിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here