മിശ്രവിവാഹത്തിൽ ഭർത്താവിന്റെ മതം ഭാര്യയുടേതാവില്ല : സുപ്രീം കോടതി

വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭർത്താവിന്റേതുമായി ലയിച്ച് ചേർക്കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം എന്നത് സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കാനുളള പ്രവൃത്തിയാകരുതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഗൂൽറോഖ് എം ഗുപ്ത എന്ന യുവതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാഴ്‌സി യുവതി അന്യ സമുദായത്തിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്ന് രക്ഷിതാക്കളുടെ പരമ്പരാഗത മരണാനന്തര ചടങ്ങുകളിൽ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വൽസദ് സൊറോസ്ട്രിയൻ ട്രസ്റ്റ് സമർപ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി നിരീക്ഷണം.
ഒരു പാഴ്‌സി യുവാവ് സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിച്ചാൽ അയാളെ പരമ്പരാഗത ചടങ്ങുകളിൽ നിന്ന് മാറ്റി നിർത്താറില്ല. എന്നാൽ സ്ത്രീകൾ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുമ്പോൾ എന്തുകൊണ്ടാണ് അവർക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു.
വിവാഹം എന്നത് ഒരു സ്ത്രീ പുരുഷന് സ്വയം പണയം വയ്ക്കുന്ന സമ്പ്രദായമല്ല. വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു സ്ത്രീക്കുള്ള പൗരാവകാശങ്ങൾ തടയാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സ്ത്രീ ഭർത്താവിന്റെ മതവിശ്വാസം പിന്തുടരണമെന്നില്ലെന്നും സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് വിശ്വാസം പിന്തുടരണമെന്ന് തീരുമാനിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
Wife’s religion does not merge with husband’s after marriage says SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here