ജിഷാ കേസ്; വിധി ഇന്ന് 11മണിക്ക്
ജിഷാ കൊലകേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് പതിനൊന്ന് മണിയ്ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കും. പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകരുടെ വാദം നീണ്ടു പോയതിനാലാണ് ഇന്നലെ ശിക്ഷ വിധിക്കാഞ്ഞത്. ജഡ്ജി എന്‍. അനില്‍കുമാറാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും വിധികള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അസാധാരണമാണ്. അമീറുള്ളിന് ചെയ്ത തെറ്റില്‍ പശ്ചാത്താപം ഇല്ല. ഇയാളെ സമൂഹത്തിലേക്ക് വിടാനാകില്ലെന്നും നിര്‍ഭയാ കേസിനോട് സമാനമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കരുതെന്നും, പ്രതിയുടെ പ്രായം കൂടി കണക്കിലെടുത്ത് കരുണ കാണിക്കണമെന്നും പ്രതിഭാഗം വാദിച്ചു. ജിഷയെ മുന്‍പരിചയമില്ലെന്നും തെറ്റായ കുറ്റമാണ് തനിക്കെതിരെ ചുമത്തിയതെന്നും അമീറുള്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയും മക്കളും ഉണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്‍കി. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്റെ ഭാഷ അറിയുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വീണ്ടും അന്വേഷണം നടത്തണമെന്ന അമീറുള്ളിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here