Advertisement

‘ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി, കത്തിയെടുത്ത് തുടരെ കുത്തി, ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു’; ഒറ്റമുറി ഷെഡിലെ സാക്ഷികളില്ലാത്ത പൈശാചിക കൊലപാതകം; ജിഷാ കേസ് നാൾവഴി

May 20, 2024
Google News 2 minutes Read
jisha murder case timeline

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിച്ചു കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ആശങ്കയിലാഴ്ത്തിയാണ് പെരുമ്പാവൂരിൽ നിന്ന് ജിഷയുടെ മരണവാർത്ത പുറത്തുവന്നത്. 2016 ഏപ്രിൽ 28നു നടന്ന കൊലപാതകത്തിൽ ഒരു വർഷവും എട്ടുമാസവുമെടുത്തു വിധിയെത്താൻ. ( jisha murder case timeline )

കുറ്റപത്രത്തിലെ പ്രധാന ഭാഗങ്ങൾ :

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്താണ് അമീർ ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തുന്നത്. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ അമീറിനെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് അമീറിനോട് കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ അമീർ പകച്ചുപോയി. എതാനും മിനിട്ടുകൾ അമീർ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നിട്ട് അമീർ വീണ്ടും തിരിച്ച് ജിഷയെ തേടിയെത്തി.

തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. അമീർ ശക്തിയായി തള്ളി ജിഷയെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ ചാടിയെഴുന്നേറ്റ ജിഷ അമീറിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ അമീർ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

മൽപ്പിടുത്തത്തിനിടയിൽ ജിഷ അമീറിന്റെ കൈയിൽ കടിച്ചു. പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല.

പിന്നാലെ ജിഷയെ ശരീരത്തോടു ചേർത്തുപിടിച്ച് മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി അമീർ ജിഷയെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .

ഈ സമയം അർദ്ധബോധാവസ്ഥയിലായ ജിഷ വെള്ളം ചോദിച്ചു. ഉടൻ അമീർ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. തുടർന്നു അമീർ ബലപ്രയോഗത്തിലൂടെ ജിഷയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജിഷയെ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അമീർ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

കേസിന്റെ നാൾ വഴി

2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2016 മെയ് 4: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി.

2016 മെയ് 16: പ്രതി നിർമാണ തൊഴിലാളിയെന്ന് പോലീസ് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

2016 മെയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റി എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്ലാമിനെ തമിഴ്‌നാട്-കേരള അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2017 ഡിസംബർ 6 : അന്തിമവാദം പൂർത്തിയായി.

2017 ഡിസംബർ 12: അമീറുൽ ഇസ്‌ലാമിനെ കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.

2017 ഡിസംബർ 14: അമീറുൽ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചു. അമീറിന് തൂക്കുകയറാണ് വിധിച്ചത്. എറണാകുളം സെഷൻസ് കോടതിയുടേതാണ് നിർണ്ണായക വിധി.

കീഴ്‌ക്കോടതി വിധി പ്രകാരം പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സാങ്കേതിക നടപടിയെന്ന നിലയിലായിരുന്നു നീക്കം. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്തും തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിയും ഹൈക്കോടതിയെ സമീപിച്ചു.

2024 മെയ് 20 : അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

Story Highlights : jisha murder case timeline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here