Advertisement

ശാലിനി, നഷ്ടങ്ങളുടെ മുകളില്‍ നിന്ന് സ്വപ്നങ്ങളെ വേട്ടയാടി കീഴ്പ്പെടുത്തുന്ന നായിക

December 16, 2017
Google News 0 minutes Read
shalini

നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനായി കംമ്പോഡിയയിലേക്ക് പോയതാണ് ശാലിനി സരസ്വതിയും ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയും. പ്രത്യക്ഷത്തില്‍ ഇരുവരും മാത്രമാണ് യാത്ര തിരിച്ചതെങ്കിലും, ആ ദാമ്പത്യ വല്ലരിയിലെ ആദ്യത്തെ പൂവു കൂടി ആ യാത്രയില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മാസങ്ങളുടെ വളര്‍ച്ചയെത്തിയ ആ കുഞ്ഞിനേയും ഉദരത്തിലേന്തിയാണ് അന്ന് ശാലിനിയും ഒപ്പം ഭര്‍ത്താവും യാത്ര തിരിച്ചത്.  ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച സമയങ്ങളോടൊപ്പം ചേര്‍ത്ത് വയ്ക്കാനായി നല്ല ഓര്‍മ്മകളുമായാണ് കമ്പോഡിയ ഇവരെ യാത്രയാക്കിയത് . എന്നാല്‍  2012ലെ ആ യാത്ര അവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ വലിയ മാറ്റം, അത് ഒരിക്കലും തിരിച്ച് കിട്ടാത്തതാണ്. കാരണം ആ യാത്രയില്‍ ശാലിനിയ്ക്ക് നഷ്ടപ്പെട്ടത് തന്റെ കൈകളും കാലുകളുമാണ്. അത് ഒരു വാഹനാപകടമോ അത്തരം മറ്റ് അപകടങ്ങളോ മൂലം ഒറ്റയടിയ്ക്കല്ല, ഘട്ടം ഘട്ടമായി മനസിനെ നോവിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് ശാലിനിയുടെ ശരീരത്തില്‍ നിന്ന് ഇവയെല്ലാം വേര്‍പ്പെട്ട് പോയത്.

Shalini-Saraswathi-with-her-husband-Prashanth-Chowdappa-Be-An-Inspirer

കംമ്പോഡിയ യാത്രയ്ക്കിടെ ശരീരത്തില്‍ കയറിപ്പറ്റിയ റിക്കറ്റ്സിയല്‍ ബാക്ടീരിയയാണ് ഇവരുടെ ജീവിതത്തെ കീഴ്മേല്‍ മറിച്ചത്. ഈ അസുഖം ബാധിച്ചാല്‍ മരണം ഉറപ്പാണെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതാറ്.ഇനി അഥവാ മരണത്തിന്റെ കൈകളില്‍ നിന്ന് തെന്നിമാറിയാലും അത് ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ ബാക്കിയാക്കും. അത് തന്നെ ശാലിനിയിലും സംഭവിച്ചു.  പനി പോലെയുള്ള ലക്ഷണങ്ങളാണ് ആദ്യം ശാലിനിയുടെ ശരീരത്തില്‍ പ്രകടമായത്. പിന്നീട് പതുക്കെ ശരീരത്തിന്റെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ശരീരത്തില്‍ വൈറസ് ബാധയുണ്ടായി. ഈ ഘട്ടത്തിലാണ് അസുഖം തിരിച്ചറിയുന്നത് തന്നെ. അസുഖം തിരി‍ച്ചറിഞ്ഞപ്പോഴേക്കും ഉദരത്തിലെ ആ കുഞ്ഞ് സന്തോഷം കെട്ട് പോയിരുന്നു.

ഒരു പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറായ ശാലിനി പൊരുതാന്‍ തന്നെ തീരുമാനിച്ചു. പഴുത്തളിഞ്ഞ കൈകളും കാലുകളും ചികിത്സിച്ച് ഭേദമാക്കാമെന്ന് പ്രതീക്ഷയ്ക്ക് മേലേക്ക് പെട്ടെന്നൊരു ദിവസം വലതു കൈപ്പത്തി അടര്‍ന്നു വീണു. അണുബാധ പടരുമെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ പിന്നീട് മുന്നോട്ട് വച്ചത് ഇരു കാലുകളും മുറിച്ച് മാറ്റണമെന്ന നിര്‍ദേശമാണ്. കാലുകള്‍ മുറിക്കുന്നതിന്റെ തലേ ദിവസം തന്റെ പ്രിയപ്പെട്ട പര്‍പ്പിള്‍ നിറത്തിലെ നെയില്‍ പോളിഷ് ഇരുകാലുകളിലും നഖങ്ങളില്‍ പുരട്ടി. മനോഹരമായി തന്നെ കാലുകള്‍ തന്നില്‍ നിന്ന് മുറിച്ച് മാറ്റണമെന്ന് ശാലിനിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മൂന്ന് മാസത്തെ ആശുപത്രി ജീവിതം കൊണ്ട് ജീവിക്കുക എന്നത് ഒരു വലിയ കടമ്പയായി ശാലിനിയ്ക്ക് തോന്നിതുടങ്ങിയിരുന്നു.

545857

എന്നാല്‍ ആ മാനസികാവസ്ഥയില്‍ നിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെ പോലെ ശാലിനി പറന്നുയര്‍ന്നു. ആ ചിറകുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് ഭര്‍ത്താവ് പ്രശാന്തും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പം നിന്നു. ആ ശാലിനി പിന്നീട് പറന്നിറങ്ങിയത് ഒരു റെക്കോര്‍ഡിലേക്കാണ്. ടിസിഎസ് മാരത്തണിലെ റെക്കോര്‍ഡിലേക്ക്. കൃത്രിമക്കാലുമായി ശാലിനി ഒാടിയത് ഒന്നും രണ്ടും കിലോമീറ്ററല്ല, പത്ത് കിലോമീറ്ററാണ്!!

അസുഖം ബാധിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബ്ലോഗ് എഴുത്തിലൂടെ സജീവമായിരുന്നു ശാലിനി. നിരവധി പേര്‍ക്ക് ശക്തി പകരുന്ന മന്ത്രമായി ശാലിനി എന്ന പേര്. സല്‍സയും കണ്ടംപററി ഡാന്‍സും ഭരതനാട്യവും വഴങ്ങുമെന്ന് തെളിയിച്ച ശാലിനിയുടെ അടുത്ത ലക്ഷ്യം 2020ല്‍ നടക്കുന്ന പാരലിംബിക്‌സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയെന്നതാണ്. ബിപി അയ്യപ്പയുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ ശാലിനി. അന്ന് മാരത്തണില്‍ ഓടുമ്പോള്‍ ശാലിനിയ്ക്ക് പാരിലിംമ്പിക്സ് താരങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലെ ഫൈബര്‍ ബ്ലേഡുകള്‍ സ്വന്തമായി ഉണ്ടായിരുന്നില്ല. അന്ന് പത്ത് ലക്ഷത്തിന് ഇത് വാടകയ്ക്ക് എടുത്താണ് ശാലിനി ഓടി കയറിയത്.

Shalini-Saraswathi-image

കഴിഞ്ഞ ദിവസം കൈരളി ചാനല്‍ ജ്വാല പുരസ്കാര വേദിയില്‍ ചെയര്‍മാന്റെ പ്രത്യേക പുരസ്കാരം ശാലിനിയ്ക്കായിരുന്നു. ശാലിനി സരസ്വതി, തന്നെ ഏറെ സ്വാധീനിച്ചെന്ന് പുരസ്‌കാരദാനത്തിന് ശേഷം നടന്ന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു.. ശാലിനിയെക്കുറിച്ച് കേട്ടപ്പോള്‍ അത്ഭുതവും ബഹുമാനവും തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു ഒപ്പം ശാലിനിയുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനം തോന്നുന്നെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here