ആറ് വർഷം മുൻപ് ടെറസിൽ നിന്ന് വീണ് വിൽചെയറിലായി; പിന്നീട് കാർ അപകടവും; വിധിയെ പൊരുതി തോൽപ്പിച്ച ഷഹാനയ്ക്ക് ഐഎഎസ് പരീക്ഷയിൽ മിന്നും വിജയം

ഒരിക്കൽ തോൽപ്പിച്ച വിധിക്ക് മുന്നിൽ വിജയിച്ചുകാട്ടി ഷഹാന ഷെറിൻ. ആദ്യം ടെറസിൽ നിന്ന് കാൽവഴുതിയും, പിന്നീട് കാർ അപകടത്തിന്റെ രൂപത്തിലുമെല്ലാം വിധി ഷഹാനയുടെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. എന്നാൽ മുട്ടുമടക്കുക എന്നത് ഷഹാനയുടെ രീതിയേ അല്ലായിരുന്നു. വെല്ലുവിളികളെയെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ട് തന്റെ സ്വപ്‌നത്തിനരികെയാണ് ഇന്ന് ഷഹാന. ഷഹാന ഷെറിൻ ഐഎഎസ് പരീക്ഷയിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. 913-ാം റാങ്കാണ് വയനാട് സ്വദേശിയായ ഷഹാന സ്വന്തമാക്കിയത്. ( shahana sherin ias exam result )
ആറ് വർഷം മുൻപാണ് ഷഹാനയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത്. ടെറസിൽ വിരിച്ചിരുന്ന വസ്ത്രം എടുക്കാൻ പോകുന്നതിനിടെയാണ് ഷഹാനയ്ക്ക് അപകടം സംഭവിക്കുന്നത്. മഴ പെയ്ത് തെന്നിക്കിടക്കുകയായിരുന്ന ടെറസിൽ കാൽ വഴുതി ആദ്യം സൺഷെയ്ഡിലും അവിടെ നിന്ന് താഴേക്കും പതിക്കുകയായിരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് ഷഹാനയുടെ ജീവിതം വീൽ ചെയറിലായി.
വീൽ ചെയറിലായെങ്കിലും തന്റെ സ്വപ്‌നങ്ങളെ കൈവിട്ട് കളയാൻ ഷഹാന തയാറായിരുന്നില്ല. കിടക്കയിൽ കിടന്നായിരുന്നു ഷഹാനയുടെ പിന്നീടുള്ള പഠനമെല്ലാം. 2020 ൽ നീറ്റ് പരീക്ഷ എഴുതി നേടി ഷഹാന. സ്വപ്‌നത്തിനരികിലേക്ക് ഷഹാന അടുക്കുംതോറും പല പ്രതിസന്ധികളും ഷഹാനയുടെ മുന്നിൽ വന്നു. കഴിഞ്ഞ ദിവസം കാർ അപകടത്തിന്റെ രൂപത്തിലായിരുന്നു അത്. ഷഹാന സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് പരിക്കേറ്റിരുന്നു. നിലവിൽ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഐഎഎസ് പരീക്ഷാ ഫലം വരുന്നത്.
കമ്പളക്കാട് കെൽട്രോൺ വളവിലെ പരേതനായ ടി.കെ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷഹാന. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയിൽ നിന്നാണ് പരിശീലനം നേടിയത്.
Story Highlights: shahana sherin ias exam result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here