ഒരു ബി.ജെ.പി. വിജയഗാഥയും കോണ്‍ഗ്രസ് മുന്നേറ്റവും

ഗുജറാത്ത് തട്ടകം വീണ്ടും ബി.ജെ.പിയെ ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഭാരത ജനതാ പാര്‍ട്ടി ഗുജറാത്തിനെ താമര വിരിയുന്ന മണ്ണായി വിശ്വസിച്ച് പോരുകയാണ്. 2017 ലും വിധി മറ്റൊന്നായില്ല. ആകെയുള്ള 182 സീറ്റുകളില്‍ 104 സീറ്റുകളും ബി.ജെ.പി നേടി കഴിഞ്ഞു. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലെ മാര്‍ജിനുകള്‍ പരിശോധിച്ചാല്‍ ഇത്തവണ ബി.ജെ.പി അത്ര കണ്ട് പുറകില്‍ അല്ലെങ്കിലും മോദിയെന്ന നേതാവിന്റെ ചാണക്യ തന്ത്രങ്ങളില്‍ അഭിരമിച്ചവര്‍ കുറച്ച് കൂടി വലിയ വിജയം പ്രതീക്ഷിച്ചിരുന്നു. 150ല്‍ അധികം സീറ്റുകള്‍ നേടി ചരിത്ര വിജയം നേടുമെന്ന് അവര്‍ വെല്ലുവിളിച്ചതും അതിനാലാകണം. ജാതിമത സമവാക്യങ്ങള്‍ വേണ്ട വിധം പ്രയോഗിച്ചും ഒരു വല്ല്യേട്ടന്‍ ഭാവത്തോടെ എല്ലാവരെയും ഒപ്പം നിര്‍ത്തിയും രാഹുല്‍ ഗാന്ധി ഉപയോഗിച്ച തന്ത്രങ്ങള്‍ അങ്ങിങ്ങായി ഫലം കണ്ടെന്ന് വേണം പറയാന്‍.
2012 ലെ തെരെഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 61 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു കോണ്‍ഗ്രസ്. 2007 ല്‍ ബിജെപി 117 സീറ്റുകളും കോണ്‍ഗ്രസ് 59 സീറ്റുകളും നേടി. ഏറ്റവും ശക്തമായ നിലയില്‍ ബിജെപി ഗുജറാത്ത് സ്വന്തമാക്കിയ കാഴ്ചയായിരുന്നു 2002ല്‍ കണ്ടത്. 127 സീറ്റുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചപ്പോള്‍ കോണ്‍ഗ്രസിന് വെറും 51 സീറ്റുകളില്‍ ഒതുങ്ങി കൂടേണ്ടി വരികയായിരുന്നു. ആ വര്‍ഷങ്ങളുടെ വെളിച്ചത്തില്‍ 2017നെ ഉറ്റുനോക്കുമ്പോള്‍ ബിജെപി ചെറിയ തോതിലെങ്കിലും പിറകിലാണ്. എങ്കിലും വിജയം വിജയം തന്നെയാണ്. അതിന് മറുപുറമില്ലെന്നതാണ് വസ്തുത.
ഉത്തര്‍പ്രദേശിലൊന്നും ഒരു ഘട്ടത്തിലും ബിജെപിക്ക് എതിരാളിയാകാന്‍ പോലും കഴിയാതിരുന്ന കോണ്‍ഗ്രസിന് ഗുജറാത്തില്‍ എത്തിയപ്പോള്‍ ചെറിയ തോതിലുള്ള മുന്നേറ്റമെങ്കിലും സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം. സര്‍ക്കാരിന്റെ നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും തീവ്ര ഹിന്ദു നിലപാടും കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമായി പയറ്റിയിട്ടും വേണ്ടത്ര ഫലം ചെയ്തില്ല എന്നത് ഗുജറാത്തിന് ബിജെപിയോടുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമാണ്. മുന്‍പൊരിക്കലും പുലര്‍ത്താത്ത രാഷ്ട്രീയ സമീപനങ്ങളാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ പുലര്‍ത്തിയത്. ബിജെപിയുടെ തീവ്ര ഹിന്ദു നിലപാടിനെ നിശിതമായി വിമര്‍ശിക്കുമ്പോഴും മൃദു ഹിന്ദുത്വ സമീപനം പുലര്‍ത്തിയത് കോണ്‍ഗ്രസിനെ ഒരു പരിധി വരെ സഹായിച്ചു. ഒരു തരത്തില്‍ ബിജെപിയുടെ ജാതി രാഷ്ട്രീയത്തിന് ബദലായി അതേ നാണയത്തില്‍ തിരിച്ചടിക്കാനായിരുന്നു കോണ്‍ഗ്രസ് ഗോദയിലിറങ്ങിയത്. ഒപ്പം ജിഗ്നേഷ് മേവാനി,ഹാര്‍ദിക്ക് പട്ടേല്‍,അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയവരെ കോണ്‍ഗ്രസിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയത് വഴി പട്ടേല്‍ വിഭാഗത്തെയും ദളിത് പിന്നോക്ക വിഭാഗങ്ങളേയും തൃപ്തിപ്പെടുത്തി വോട്ട് ബാങ്കില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ഈ രണ്ട് ഘടകങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് മുന്നേറ്റത്തിലെ കാതലായ വസ്തുതകള്‍.
അതേ സമയം ഈ വിജയത്തെ ബിജെപി വലിയ പ്രതീക്ഷകളോടെ തന്നെയാണ് നോക്കി കാണുന്നത്. ഭരണ തുടര്‍ച്ച ഒരിക്കലും ഒരു ചെറിയ കാര്യമായി കണ്ട് തള്ളി കളയുവാന്‍ അവര്‍ തയ്യാറല്ല. കോണ്‍ഗ്രസ് അവരുടെ എല്ലാ കഴിവുകളും പയറ്റി ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ പരിശ്രമിച്ചിട്ടും അതൊന്നും തങ്ങളുടെ അടിത്തറയെ ലെവലേശം ബാധിച്ചിട്ടില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. മോദിക്കും അമിത് ഷാക്കും ഈ വിജയം കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. ഒപ്പം കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നും ഹിമാചല്‍ പിടിച്ചെടുത്തത് കൂടിയാകുമ്പോള്‍ ആ ഊര്‍ജ്ജം ഇരട്ടിക്കും. എങ്കിലും കോണ്‍ഗ്രസിനെ അവര്‍ മുന്‍പത്തെ പോലെ വില കുറച്ച് കാണാന്‍ ഇനി തയ്യാറാകാന്‍ സാധ്യതയില്ല. തങ്ങളുടെ ശക്തി കോട്ടയില്‍ പ്രതീക്ഷകള്‍ക്ക് ഭംഗം വരുത്തിയ കോണ്‍ഗ്രസിനെ അവര്‍ വിലക്കെടുക്കുക തന്നെ ചെയ്യും. ഇല്ലെങ്കില്‍ അത് ഭാവി രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് വലിയ ദോഷം ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
ഒരു രാജ്യത്തിന്റെ മുഴുവന്‍ രാഷ്ട്രീയ ചലനങ്ങളെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഈ തെരെഞ്ഞെടുപ്പ് ഫലം ഏറെ ചൂടോടെ ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണങ്ങളും ഇതെല്ലാമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here