ആരാധകര്‍ക്ക് ആവേശമായി ‘മാസ്റ്റര്‍പീസ്’

മമ്മൂട്ടി എന്ന നടനെക്കാൾ മമ്മൂട്ടി എന്ന ഷോമാന് വേണ്ടി അണിയിച്ചൊരുക്കിയ മാസ്റ്റർപീസ് ആ അർഥത്തിൽ തന്നെ ആണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. തെമ്മാടികൾക്കിടയിലെ മഹാതെമ്മാടി എന്ന് അണിയറ പ്രവർത്തകർ തന്നെ നൽകിയ വിശേഷണവുമായാണ് മമ്മൂട്ടിയുടെ എഡ്വേർഡ് ലിവിങ്സ്റ്റൺ എന്ന കഥാപാത്രം ഒരു കോളേജ് കാമ്പസ് പശ്ചാത്തലമായ കഥയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ട്രാവൻകൂർ മഹാരാജാസ് കോളേജ് അന്തരീക്ഷത്തിൽ ആരംഭിക്കുന്ന കഥയാണ് മാസ്റ്റർപീസിന്റേത്. ക്യാംപസ് അന്തരീക്ഷത്തിൽ പറഞ്ഞ് പോകുന്ന കഥയിൽ ഏതൊരു പ്രേക്ഷകനും വേഗത്തില്‍ നിർവ്വചിക്കാവുന്ന തരത്തിലുള്ള രംഗങ്ങളാൽ സമ്പന്നമാണ് ആദ്യ ഭാഗങ്ങൾ. കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ രണ്ട് ഗ്രൂപ്പുകളുണ്ട്. റോയൽ വാരിയേഴ്സും റിയൽ ഫൈറ്റേഴ്സും. ആ രണ്ട് ഗ്രൂപ്പുകളും അവർക്കിടയിലെ മത്സരബുദ്ധിയും അത് മൂലമുണ്ടാകുന്ന അസാധാരണമായ ചില സംഭവങ്ങളും ആദ്യ പകുതിയിൽ പ്രതിപാദിക്കുന്നു. കോളേജ് പരിസരത്ത് അസാധാരണമായ ചുറ്റുപാടിൽ കാണപ്പെടുന്ന ഒരു കൊലപാതകം. ആ കൊലപാതകത്തെ ചുറ്റിപറ്റി കലുഷിതമാകുന്ന ക്യാംപസ് അന്തരീക്ഷം. പോലീസ് ഓഫീസറായ എ.സി.പി ജോൺ തെക്കനാണ് ഈ കേസ് അന്വേഷിക്കാനായി ഏറ്റെടുക്കുന്നത്. ജോൺ തെക്കൻ എന്ന പോലീസ് ഓഫീസറായി ഉണ്ണി മുകുന്ദൻ വേഷമിടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
അതിനിടയിലാണ് ട്രാവൻകൂർ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലേക്ക് പുതിയ അധ്യാപകനായി വിദ്യാർത്ഥികളേക്കാൾ തെമ്മാടിയായ എഡ്വേർഡ് ലിവിംങ്സ്റ്റൺ എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രമെത്തുന്നത്. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കാൻ വേണ്ടി മാത്രം പടച്ചുണ്ടാക്കിയ നായകന്റെ ഇൻഡ്രോ അസഹനീയമായിരുന്നു. ലോജിക്കിലായ്മയായിരുന്നു ആദ്യ പകുതിയിൽ മുഴുവൻ നിഴലിച്ചിരുന്നത്. പല രംഗങ്ങളും വെറും മാസ് മസാല ചേർത്തുണ്ടാക്കിയ പാതിവെന്ത അപ്പക്കഷ്ണമായിരുന്നു. വെറും ശരാശരിക്ക് താഴെ മാത്രം നിലവാരം പുലർത്തിയതായിരുന്നു ആദ്യ പകുതി.
പ്രവാചതീതമല്ലാത്തതും, ഒരു കുറ്റകൃത്യ സിനിമയുടെ സ്ഥിരം ഫോർമുലയും , കാമ്പസ് ഗ്രൂപ്പ് വഴക്കുകളാലും നിറച്ചു വച്ച ആദ്യ പകുതി പ്രേക്ഷകനെ ഒട്ടും അമ്പരപ്പിച്ചില്ല. ഒരു സൂപ്പർ താരത്തെ പ്രതിഷ്ഠിക്കാൻ വേണ്ട പശ്ചാത്തലം ഒരുക്കാൻ താരതമ്യേന ജൂനിയറായ ഒരു സംവിധായകൻ ബുദ്ധിമുട്ടുന്നത് പ്രേക്ഷകർക്ക് രുചിക്കാൻ കഴിയും. മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കാൻ വേണ്ടി മാത്രം പടച്ചുണ്ടാക്കിയ നായകന്റെ ഇൻഡ്രോ അങ്ങനെ ഉണ്ടായതാണ് എന്ന് വ്യക്തം. എന്നാൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ച് അത് ഒരു പരിധി വരെ വിജയിപ്പിക്കാൻ കഴിഞ്ഞത് രണ്ടാം പകുതിയെ ആസ്വാദ്യകരമാക്കി.
ക്യാംപസിനകത്തെ പ്രശ്നങ്ങളിലും വിദ്യാർത്ഥികൾക്കിടയിലെ ചേരിതിരിവുകളിലും പോലീസും വിദ്യാർത്ഥികളും തമ്മിലുള്ള പ്രശ്നങ്ങളിലും എഡ്വേർഡ് ലിവിംങ്സ്റ്റൺ എന്ന അധ്യാപകൻ ഇടപെടുന്നതും ക്യാംപസ് നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നായക കഥാപാത്രം ഇറങ്ങി തിരിക്കുന്നതുമാണ് രണ്ടാം പകുതിയെ സുപ്രധാനമാക്കുന്നത്. പൊതുവേ ആദ്യ പകുതിയേക്കാൾ നിലവാരം പുലർത്താൻ രണ്ടാം പകുതിയിൽ സംവിധായകൻ ശ്രമിച്ചിരിക്കുന്നത് പ്രേക്ഷകന് ആശ്വാസകരമാകുന്നു. കഥാഗതിയനുസരിച്ച് സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞ രണ്ടാം പകുതി പ്രേക്ഷകനെ കുറേക്കൂടി സിനിമയിൽ എൻഗേജ് ചെയ്യിപ്പിക്കുകയും ഒരു ത്രില്ലർ സ്വഭാവം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. കഥയിലെ വില്ലനെ കണ്ടെത്തുക എന്നത് നായകന്റെ ഉത്തരവാദിത്വമാകുന്നിടത്ത് സിനിമ പുതിയ ട്രാക്കിലേക്ക് വഴി മാറുന്നു. തരക്കേടില്ലാത്ത ട്വിസ്റ്റുകൾ നിറച്ച് നിലവാരം പുലർത്തിയ അപ്രതീക്ഷിത ക്ലൈമാക്സോടെ സിനിമ ഉപസംഹരിക്കപ്പെടുമ്പോൾ സിനിമ മൊത്തത്തിൽ ശരാശരി നിലവാരം പുലർത്തുന്നു. തെലുങ്ക് സിനിമകളെ ഓർമപ്പെടുത്തുന്ന തരത്തിൽ അസ്ഥാനത്തുള്ള ഫൈറ്റ് രംഗങ്ങൾ പലപ്പോഴും കല്ലുകടിയായിരുന്നു.
തുടക്കം പാളിയെങ്കിലും രണ്ടാം പകുതിയിലും ക്ലൈമാക്സിലും പുലർത്തിയ മികവിന് അജയ് വാസുദേവ് എന്ന സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. അവസാന അരമണിക്കൂർ സിനിമയുടെ നിലവാരം ഉയർത്തി പിടിക്കാൻ സംവിധായകന് കഴിഞ്ഞു. തട്ടുപൊളിപ്പൻ കഥയെ പ്രേക്ഷകർക്ക് ആഘോഷമാക്കാവുന്ന തരത്തിൽ പടച്ചത് ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്താണ്. ദീപക്ക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തി. വിനോദ് ഇല്ലംപ്പിള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
മൊത്തത്തിൽ ശരാശരി നിലവാരം പുലർത്തിയ പ്രേക്ഷകർക്ക് ആഘോഷമാക്കാവുന്ന സിനിമ. മോശം ആദ്യ പകുതിയിൽ നിന്ന് ട്വിസ്റ്റുകൾ നിറഞ്ഞ രണ്ടാം പകുതിയിലെത്തുമ്പോൾ ഒറ്റത്തവണ കണാവുന്ന സിനിമ അനുഭവം ആകുന്നുണ്ട് മാസ്റ്റർപീസ്. ഫെസ്റ്റിവൽ മൂഡിൽ ആഘോഷിച്ച് തീർക്കുവാനുള്ള വകകളെല്ലാം പ്രേക്ഷകന് മാസ്റ്റർപീസ് സമ്മാനിക്കുന്നു. റേറ്റിംഗ്:2.5/5
എഡ്വേർഡ് ലിവിംങ്സ്റ്റൺ എന്ന കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കി. കഥാപാത്രത്തിന് വേണ്ടി മമ്മൂട്ടി പുറത്തെടുത്ത ഊർജ്ജസ്വലത എടുത്തു പറയേണ്ടതാണ്. രണ്ടാം പകുതി മുഴുവൻ ഒരു മമ്മൂട്ടി ഷോയാൽ സമ്പന്നമാണ് സിനിമ. ഉണ്ണി മുകുന്ദൻ ജോൺ തെക്കൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മുകേഷിന്റെ അധ്യാപക കഥാപാത്രം മികച്ചതായിരുന്നു. കോളേജ് വിദ്യാർത്ഥികളായി വേഷമിട്ട മഖ്ബൂൽ സൽമാൻ,ഗോകുൽ സുരേഷ്, മഹിമ നമ്പ്യാർ, ഡേവിഡ് ജോൺ, അർജ്ജുൻ നന്ദകുമാർ തുടങ്ങിയവരും ലെന,സുനിൽ സുഗദ,സാജു നവോദയ,കലാഭവൻ ഷാജോൺ തുടങ്ങിയവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരിക്കുന്നു.
പത്ത് കോടിയിലേറെ മുതൽ മുടക്കിൽ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് മാസ്റ്റർപീസ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുക്കെട്ടിലെ രണ്ടാമത്തെ സിനിമ കൂടിയാണ് മാസ്റ്റർപീസ്. ആദ്യ സിനിമയായ രാജാധിരാജ ശരാശരിയിൽ ഒതുങ്ങിയ വെറുമൊരു തട്ടുപൊളിപ്പൻ സിനിമ മാത്രമായിരുന്നു. രാജാധിരാജക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ഒരു മാസ് എന്റർടെയ്നറിനുമപ്പുറം മറ്റൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കുന്നില്ലെന്നതാണ് വസ്തുത. ആ പ്രതീക്ഷകളോട് മാസ്റ്റർപീസ് ഒരു പരിധി വരെ നീതി പുലർത്തിയിട്ടുണ്ടെന്നാണ് രാവിലെ മുതൽ ലഭിക്കുന്ന തിയ്യേറ്റർ റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ പ്രേക്ഷകർ ഏറ്റെടുത്താൽ മാസ്റ്റർപീസിന് ബോക്സ് ഓഫീസിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here