Advertisement

ഉമ്മൻ ചാണ്ടിയെ കുടുക്കി എം എം ഹസ്സൻ; കരുണാകരനെ പുറത്താക്കിയതിൽ ദുഃഖം

December 23, 2017
Google News 0 minutes Read

ഐ എസ് ആർ ഓ ചാരവൃത്തിക്കേസിന്റെ പശ്ചാത്തലത്തിൽ കെ കരുണാകരനെ പുറത്താക്കിയത് കോൺഗ്രസ് പാർട്ടിയ്ക്ക് ദോഷം വരുത്തിയെന്ന കെ പി സി സി അധ്യക്ഷൻ എം എം ഹസ്സന്റെ പ്രസ്താവന രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഫലത്തിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന ഹസ്സന്റെ നിലപാട് കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിനും കാരണമായേക്കും. കെ കരുണാകരനെ അന്ന് പുറത്താക്കാൻ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം നിലയുറപ്പിച്ച നേതാവാണ് എം എം ഹസ്സൻ. കോഴിക്കോട് നടന്ന കെ.കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു എം.എം ഹസ്സന്‍. ഇന്ന് തിരിഞ്ഞ് നിന്ന് ചിന്തിക്കുമ്പോള്‍ അന്ന് ലീഡര്‍ക്കെതിരെ ചെയ്തത് കടുത്ത അനീതിയായി പോയെന്നും എം.എം ഹസ്സന്‍ ഖേദം പ്രകടിപ്പിച്ചു. എ.കെ ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും അന്ന് തന്നെ ലീഡറെ പോലൊരു നേതാവിനെ കാലാവധി പൂര്‍ത്തിയാക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത് പാര്‍ട്ടിക്ക് കാര്യമായി ദോഷം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനെ മുഖവിലയ്‌ക്കെടുക്കാതെ ലീഡറെ താഴെയിറക്കിയത് പാര്‍ട്ടിയെ കാര്യമായി ദോഷം ചെയ്തതായി തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നുവെന്നും ഹസന്‍ പറഞ്ഞു. ഹസന്റെ ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകളിലേക്ക് വഴിയൊരുക്കി കഴിഞ്ഞു. കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ്സില്‍ ആയിരിക്കുകയും പിന്നീട് ഇടതുപാളയത്തിലേക്ക് ചുവട് മാറുകയും ചെയ്ത ചെറിയാന്‍ ഫിലിപ്പ് നേരത്തേ തന്നെ കരുണാകരന്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്നേ ആന്റണി സത്യം മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ഇന്ന് ഹസ്സനെ പോലൊരു നേതാവ് കൂടി അത് തുറന്ന് പറഞ്ഞതില്‍ കൂടുതല്‍ സന്തോഷിക്കുന്നുവെന്നും പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ് രംഗത്ത് വന്നു. ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കുന്നതാണ് ഹസ്സന്റെ വെളിപ്പെടുത്തല്‍. ചാരവൃത്തിക്കേസില്‍ കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ അന്ന് തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കോണ്‍ഗ്രസ്സ് ദേശീയ രാഷ്ട്രീയത്തില്‍ ആന്റണിയുടെ അപ്രമാദിത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹസ്സന്റെ ഈ വെളിപ്പെടുത്തലും പ്രസ്താവനയും മുഴുവന്‍ സമയ അധ്യക്ഷപദം ലക്ഷ്യം വെച്ചാണെന്ന വാദം ഉയരാനും ഇടയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here