Advertisement

2017ല്‍ കേരളത്തിന്റെ നഷ്ടങ്ങള്‍…

December 31, 2017
Google News 1 minute Read

ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് 2017 വിടപറയാന്‍ ഒരുങ്ങുന്നത്. നേട്ടങ്ങളും കോട്ടങ്ങളും നല്‍കി ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ ചിലരുടെ സാന്നിധ്യവും ഓര്‍മ്മകളായി തീര്‍ന്നിരിക്കുന്നു. 2018ല്‍ അവരുടെ ഓര്‍മ്മകള്‍ മാത്രമാണ് നമുക്ക് കൂട്ടിനുള്ളത്. രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിച്ച പലരും 2018ല്‍ നമുക്കൊപ്പം ഉണ്ടാകില്ല എന്നത് നാം അംഗീകരിക്കാന്‍ മടിക്കുന്ന യാഥാര്‍ഥ്യമാണ്. അവരൊക്കെ മണ്ണടിഞ്ഞാലും അത്രയേറെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് അവര്‍ യാത്രയായത്. ഒരു നാടിന്റെ മുഴുവന്‍ സ്പന്ദനങ്ങളും തങ്ങള്‍ ആയിരുന്ന കര്‍മ്മമണ്ഡലങ്ങളിലൂടെ മലയാളികള്‍ക്ക് അനുഭവഭേദ്യമാക്കിയവരാണ് അവര്‍. അവരെപ്പോലുള്ളവര്‍ ഓര്‍മിക്കപ്പെടുക എന്നുള്ളത് കാലത്തിന്റെ ആവശ്യം കൂടിയാണ്. അത്തരത്തില്‍,പോയ വര്‍ഷം നമ്മെ വേര്‍പ്പെട്ട് പോയ പ്രമുഖരുടെ ഓര്‍മ്മകളിലൂടെ….

ഇ.അഹമ്മദ്

E.Ahammed

ദീര്‍ഘകാല രാഷ്ട്രീയത്തിലൂടെ ഏറെ സുസമ്മതനായ നേതാവായിരുന്നു ഇ.അഹമ്മദ്. ഫെബ്രുവരി രണ്ടിന് കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയ നഷ്ടമായി ഇ.അഹമ്മദ് മരണമടഞ്ഞു. മരണപ്പെടുമ്പോള്‍ അദ്ദേഹം ലോക്‌സഭ അംഗവുമായിരുന്നു. കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലീം ലീഗിന്റെ ശക്തമായ പ്രാതിനിധ്യം ആയിരുന്നു.

ഉഴവൂര്‍ വിജയന്‍

Uzvoor Vijayan

പോയ വര്‍ഷത്തില്‍ കേരളത്തിന് നഷ്ടപ്പെട്ട രാഷ്ട്രീയത്തിലെ  പ്രധാനിയാണ് ഉഴവൂര്‍ വിജയനെന്ന ജനകീയനായ നേതാവ്. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ(എന്‍സിപി)സംസ്ഥാന പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. സാധാരണക്കാരിന്‍ ഒരുവനായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള കഴിവും സംസാരത്തിലെ നര്‍മ്മവും മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉഴവൂര്‍ വിജയനെ വിത്യസ്തനാക്കി. ജൂലായ് 23 ന് തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് ഉഴവൂര്‍ വിജയനെ കേരള രാഷ്ട്രീയത്തിന് നഷ്ടമായത്.

കെ.ആര്‍ അരവിന്ദാക്ഷന്‍

K.R Aravindakshan

സെപ്റ്റംബര്‍ 27നാണ് സിഎംപി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അരവിന്ദാക്ഷന്‍ മരണമടഞ്ഞത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു അദ്ദേഹം. സംസ്ഥാന കോപറേറ്റീവ് ബാങ്കിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സംവാദങ്ങളില്‍ സ്ഥിരസാന്നിധ്യവുമായിരുന്നു കെ.ആര്‍ അരവിന്ദാക്ഷന്‍ എന്ന രാഷ്ട്രീയ നേതാവ്.

ഇ.ചന്ദ്രശേഖരന്‍ നായര്‍

E.Chandrasekharan Nair

മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ.ചന്ദ്രശേഖരന്‍ നായരുടെ മരണം കേരളത്തിന് വലിയ നഷ്ടമായിരുന്നു. നവംബര്‍ 29ന് മരണത്തിന് കീഴ്‌പ്പെടുമ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ എന്ന കമ്യൂണിസ്റ്റിന് പ്രായം 89 ആയിരുന്നു. ആറ് തവണ നിയമസഭയില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്. നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. കേരളത്തില്‍ മാവേലി സ്റ്റോറുകള്‍ക്ക് ആരംഭം കുറിച്ചത് ഇ.ചന്ദ്രശേഖരന്‍ നായര്‍ ഭക്ഷ്യമന്ത്രി ആയിരുന്നപ്പോഴാണ്.

എം.കെ ദാമോദരന്‍

M.K Dhamodharan

കേരളത്തിന്റെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ ദാമോദരന്‍ ആഗസ്റ്റ് 16 നാണ് നിര്യാതനായത്. അഭിഭാഷകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച വിഖ്യാതമായ പല കേസുകളിലും അഭിഭാഷകനായിരുന്നു അദ്ദേഹം.

പുനത്തില്‍ കുഞ്ഞബ്ദുള്ള

Punathil Kunjabdullah

മലയാളികള്‍ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള സാഹിത്യ ലോകത്തിന് തീരാനഷ്ടമായി വിടവാങ്ങിയതും 2017ലാണ്. 1980ല്‍ സ്മാരകശിലകള്‍ എന്ന വിഖ്യാതമായ നോവലിലൂടെ കേന്ദ്ര സാഹിത്യ അവാര്‍ഡ് നേടി. എന്തും തുറന്ന് പറയാനും എഴുതാനും പുനത്തില്‍ കാണിച്ച ആര്‍ജ്ജവം മറ്റ് എഴുത്തുകാരില്‍ നിന്ന് അദ്ദേഹത്തെ വിത്യസ്തനാക്കി. 2017 ഒക്ടോബര്‍ 27ന് പുനത്തില്‍ എന്ന എഴുത്തുകാരനും മലയാള സാഹിത്യത്തിലെ സ്മാരകശിലയായി…

എം.വി പൈലി

M.V Paileeഅധ്യാപകരംഗത്ത് സജീവമായിരുന്നു എം.വി പൈലി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് വൈസ് ചാന്‍സലര്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകന്‍. 2006ല്‍ പത്മഭൂഷണ്‍ ലഭിച്ചു. മരണം ഡിസംബര്‍ 30ന്.

തുറവൂര്‍ വിശ്വംഭരന്‍

Thuravoor Viswambaran

എഴുത്തുകാരനും അധ്യാപകനുമായ തുറവൂര്‍ വിശ്വംഭരന്‍ നിര്യാതനായത് ഒക്ടോബര്‍ 20നാണ്. എറണാകുളം മഹാരാജാസില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. 2016ല്‍ അസംബ്ലി ഇലക്ഷനില്‍ തൃപ്പൂണിത്തുറയില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു.

പൈങ്കുളം ദാമോദര ചാക്യാര്‍

Dhamodara Chakyar

കൂടിയാട്ടം കലാകാരന്‍ ദാമോദര ചാക്യാര്‍ വിടവാങ്ങിയത് 2017 ജൂലായ് 26നാണ്. ഇന്ത്യക്ക് പുറത്ത് പോളണ്ട്, ഫ്രാന്‍സ്, ജെര്‍മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലും കൂടിയാട്ടം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം.

ക്യാപ്റ്റന്‍ മണി

Captian Mani

1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു മണി അന്തരിച്ചത് ഏപ്രില്‍ 28നാണ്. കേരളത്തില്‍ ഫുട്‌ബോള്‍ എന്ന കായിക വിനോദത്തിന് ജനശ്രദ്ധ നേടികൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള കായികതാരം.

കെ.ആര്‍ മോഹനന്‍

k.r Mohanan

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകന്‍. 2017 ജൂണ്‍ 25നായിരുന്നു മരണം. കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സേവനം ചെയ്തിട്ടുണ്ട്. ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. പുരുഷാര്‍ത്ഥം,അശ്വധാത്മ,സ്വരൂപം തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

ഐ.വി ശശി

I.V Sasi

വിവിധ ഭാഷകളിലായി 150ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്ത മലയാളികളുടെ സ്വന്തം സംവിധായകന്‍. ഒക്ടോബര്‍ 24ന് ഐവി ശശി മണ്‍മറഞ്ഞപ്പോള്‍ അത് മലയാള സിനിമയ്ക്ക് വലിയ നഷ്ടമായി രേഖപ്പെടുത്തി. സിനിമയെ ഒരേ സമയം കലാപരമായും വ്യവസായമായും കണ്ട് മലയാള സിനിമയില്‍ വലിയ മാറ്റം കൊണ്ടുവന്ന സംവിധായകന്‍.

ദീപന്‍

director Deepan

2007 മാര്‍ച്ച് 13നാണ് ദീപന്‍ എന്ന സംവിധായകന്‍ മലയാള സിനിമ ലോകത്ത് നിന്നും ജീവിതത്തില്‍ നിന്നും യാത്രയായത്. പുതിയ മുഖം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദീപന്‍ സിനിമരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 47-ാം വയസ്സിലായിരുന്നു ദീപന്റെ മര

മുന്‍ഷി വേണു

Munshi Venu

വേണു നാരായണന്‍ എന്ന മുന്‍ഷി വേണു ടെലിവിഷന്‍ പരിപാടിയായ മുന്‍ഷിയിലൂടെയാണ് സിനിമരംഗത്ത് എത്തിയത്. ഏതാനും സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തു. ഏപ്രില്‍ 13നായിരുന്നു മരണം.

കലാഭവന്‍ അബി

Kalabavan Abi

മിമിക്രി രംഗത്ത് സജീവമായി പിന്നീട് മലയാള സിനിമയില്‍ കാലെടുത്തുവെച്ച അഭിനേതാവ്. വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെങ്കില്‍ പോലും ലഭിച്ച അവസരങ്ങളിലൂടെയെല്ലാം അബി മികച്ച പ്രകടനം നടത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി. നവംബര്‍ 30ന് ഈ ലോകത്തോട് യാത്ര പറയുമ്പോള്‍ 52 വയസ്സായിരുന്നു അബിക്ക്. അബിയുടെ ആമിനതാത്ത എന്ന മിമിക്രി ഐറ്റം ഇന്നും ഏറെ ശ്രദ്ധേയമാണ്.

തൊടുപുഴ വാസന്തി

Thodupuza Vasanthi

സിനിമ നാടക രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ അഭിനേത്രിയാണ് തൊടുപുഴ വാസന്തി. 450ഓളം സിനിമകളിലും 100ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നവംബര്‍ 28നായിരുന്നു മരണം.

വെട്ടൂര്‍ പുരുഷന്‍

Vettoor Purushan

വൈകല്യത്തെ കഴിവാക്കിയ അഭിനേതാവായിരുന്നു വെട്ടൂര്‍ പുരുഷന്‍. നവംബര്‍ 5നായിരുന്നു മരണം. ഉയരക്കുറവിനെ വകവെക്കാതെ മലയാള സിനിമയില്‍ സജീവമായി. അത്ഭുതദ്വീപ്,കാവടിയാട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

ശാന്തി ബിജിബാല്‍

Shanthi Bijibal

നൃത്ത കലാകാരിയും അധ്യാപകയുമായിരുന്ന ശാന്തി സംഗീതസംവിധായകന്‍ ബിജിബാലിന്റെ ഭാര്യയാണ്. നൃത്തരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയാണ് ശാന്തി മണ്‍മറഞ്ഞത്. ആഗസ്റ്റ് 29 നായിരുന്നു മരണം.

ഇവരെല്ലാം ഒരു വര്‍ഷത്തിന്റെ നഷ്ടങ്ങളാണ്. പകരം വെക്കാനില്ലാത്ത വ്യക്തിത്വങ്ങള്‍. അവരെല്ലാം മലയാള മണ്ണിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടും. ഓര്‍മ്മകള്‍ മാത്രമാണ് അവരെല്ലാം…2017നോടൊപ്പം ഓര്‍മ്മകളായവര്‍…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here