ആധാർ വിവരങ്ങൾ വിൽപ്പനയ്ക്ക്; വില 500 രൂപ !!

500 രൂപ കൊടുത്താൽ രാജ്യത്ത് ആരുടെ ആധാർ വിവരങ്ങളും ലഭിക്കും. ആധാർ വിവിരങ്ങൾ ലഭ്യമാക്കുന്ന ഏജൻസികൾ രാജ്യത്ത് സജീവമാകുന്നു. ദ ട്രിബ്യൂൺ പത്രമാണ് ഈ തട്ടിപ്പ് ശ്രംഖലയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. 300 രൂപ കൂടി നൽകിയാൽ ആരുടെ പേരിലും ‘ആധികാരിക’ ആധാർ കാർഡ് അച്ചടിച്ചെടുക്കാനുള്ള ‘സോഫ്റ്റ് വെയറും’ ഈ ഏജന്റുമാർ നമ്മുടെ കമ്പ്യുട്ടറിൽ സ്ഥാപിച്ചു തരുമെന്ന് പത്രം നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി.
ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ കണ്ട നമ്പർ വഴിയാണ് പത്രത്തിന്റെ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോൺ നമ്പരും മെയിൽ ഐഡിയും നൽകി. 500 രൂപ പറഞ്ഞ അക്കൌണ്ടിലേക്കും അടച്ചു. 20 മിനിട്ടിനകം ലേഖികയെ ഒരു ആധാർ എൻറോൾമെന്റ് അഡ്മിനിസ്‌ട്രേറ്റർ ആക്കിക്കൊണ്ടുള്ള മെയിൽ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റർക്കുള്ള യൂസർ ഐഡിയും പാസ്‌വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയിൽ ആധാർ എടുക്കാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരുടെയും വിവരങ്ങൾ ലേഖികയ്ക്ക് ലഭ്യമായി.
ആധാർ കാർഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയർ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോൾ ഏജന്റ് അതും ലഭ്യമാക്കി. മറ്റൊരാൾ ‘ടീം വ്യുവർ’ വഴി ലേഖികയുടെ കമ്പ്യൂട്ടറിൽ കയറി ഈ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുകയായിരുന്നു. അതോടെ ഇന്ത്യയിൽ ആരുടെപേരിലുള്ള ആധാർ കാർഡ് അച്ചടിയ്ക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായി.
അതീവ രഹസ്യമായി സൂക്ഷിയ്ക്കുന്നതായി സർക്കാർ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറിൽ 800 രൂപ മുടക്കിൽ ആർക്കും അച്ചടിയ്ക്കാവുന്ന വിധത്തിൽ ലഭ്യമായതെന്ന്! പത്രം ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി ആധാർ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന യുഐഡിഎഐ അധികൃതർ പത്രത്തോട് സമ്മതിക്കുന്നു. എന്നാൽ ഇതെങ്ങനെ സാധിയ്ക്കുന്നു എന്ന് കൃത്യമായി പറയാൻ അധികൃതർക്ക് കഴിയുന്നില്ല. രാജസ്ഥാൻ സർക്കാരിന്റെ സൈറ്റിലൂടെയാണ് ആധാർ വിവരങ്ങളിലേക്കു കടന്നുകയറാൻ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്.രാജസ്ഥാൻ സർക്കാരിന്റെ ഈ വിവര ശേഖരം കൈകാര്യം ചെയ്യുന്നത് ഐഎൽ ആന്റ് എഫ് എസ് എന്ന സ്ഥാപനമാണ്. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോർച്ചയിൽ ഉൾപ്പെട്ട സ്ഥാപനം തന്നെയാണിത്.
aadhar details for 500Rs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here